സ്‌ക്കൂള്‍ ജീവനക്കാര്‍ക്ക് വാക്സിനേഷന്‍ നിര്‍ബന്ധമാക്കി വിദ്യാഭ്യാസ മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. രക്ഷിതാക്കളുടേയും പൊതുജനങ്ങളുടേയും ശക്തമായ ആശങ്കകള്‍ പരിഗണിച്ച് സ്‌ക്കൂള്‍ ജീവനക്കാര്‍ക്ക് വാക്സിനേഷന്‍ നിര്‍ബന്ധമാക്കി വിദ്യാഭ്യാസ മന്ത്രാലയം.
മാര്‍ച്ച് 21 മുതല്‍ വാക്സിനെടുക്കാത്തവരെയോ പ്രതിവാര കോവിഡ് ടെസ്റ്റ് ചെയ്യാത്തവരേയോ സ്‌ക്കൂളുകളില്‍ പ്രവേശിപ്പിക്കില്ല.
വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ബുധനാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാഭ്യാസ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകളുടെ സുരക്ഷയും വിദ്യാര്‍ത്ഥികളുടെ സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി രാജ്യത്തെ ഉത്തരവാദപ്പെട്ട വകുപ്പുകളുമായി സഹകരിച്ചാണ് നടപടികള്‍ സ്വീകരിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
വാക്സിന്‍ എടുക്കാന്‍ അവസരമുണ്ടായിരുന്നിട്ടും അസ്വീകാര്യമായ കാരണങ്ങളാല്‍ വാക്സിനെടുക്കാതിരുന്ന ഏതെങ്കിലും ജീവനക്കാരന് സ്ഥിരീകരിച്ച അണുബാധയോ അല്ലെങ്കില്‍ സ്ഥിരീകരിച്ച അണുബാധയുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്താല്‍, അവരുടെ ക്വാറന്റൈന്‍ കാലയളവ് ശമ്പളമില്ലാതെയായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിിനും ആരോഗ്യം സംരക്ഷിക്കുന്നതിനും എല്ലാ ജീവനക്കാരും വാക്സിന്‍ എടുക്കണമെന്നും നിശ്ചിത തീയതികള്‍ നഷ്ടപ്പെടുത്തരുതെന്നും മന്ത്രാലയം സ്‌കൂള്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു.
സ്‌കൂള്‍ ജീവനക്കാര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള മുന്‍ഗണന മാര്‍ച്ച് അവസാനത്തോടെ അവസാനിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.