മൂന്നാമത് കത്താറ ഇന്റര്‍നാഷണല്‍ ആംബര്‍ എക്‌സിബിഷന് തുടക്കം
അമാനല്ല വടക്കാങ്ങര
ദോഹ. മൂന്നാമത് കത്താറ ഇന്റര്‍നാഷണല്‍ ആംബര്‍ എക്‌സിബിഷന്‍ കത്താറ-കള്‍ച്ചറല്‍ വില്ലേജിലെ ബില്‍ഡിംഗ് 12 ല്‍ ജനറല്‍ മാനേജര്‍ പ്രൊഫ. ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്തി ഉദ്ഘാടനം ചെയ്തു. തിങ്കളാഴ്ച സമാപിക്കുന്ന പരിപാടിയില്‍ 50 ലധികം ബൂത്തുകള്‍ ഉണ്ട്.
കത്താറ ഇന്റര്‍നാഷണല്‍ ആംബര്‍ എക്സിബിഷന്‍ ഖത്തറില്‍ ഇത്തരത്തിലുള്ള ആദ്യത്തെ പ്രത്യേക പരിപാടിയും രണ്ടാമത്തെ വലിയ അന്താരാഷ്ട്ര പ്രദര്‍ശനവുമാണ്. ഡോ.മറിയം അല്‍-നുഐമി തയ്യാറാക്കിയ ‘കഹ്റാമന്‍ ഇന്‍ അറബ് ഹെറിറ്റേജ്’ രണ്ടാം ഭാഗത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു. പുസ്തകത്തിന്റെ ആദ്യഭാഗം പ്രദര്‍ശനത്തിന്റെ ആദ്യ പതിപ്പില്‍ പുറത്തിറക്കിയിരുന്നു
ഓരോ രാജ്യവും അവരുടെ സംസ്‌കാരത്തിനനുസരിച്ച് ആമ്പര്‍ ഉപയോഗിക്കുന്നതിനാല്‍ ലോകത്ത് ആമ്പറിന്റെ സംസ്‌കാരം പ്രചരിപ്പിക്കുകയാണ് അസോസിയേഷന്റെ ലക്ഷ്യമെന്ന് പോളണ്ട് ആസ്ഥാനമായുള്ള മെഡിക്കല്‍ ആംബര്‍ അസോസിയേഷന്റെ ഏക ഖത്തരി അംഗം ഹമദ് അല്‍ സുലൈത്തി പറഞ്ഞു.
ഭൂമിയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന വജ്രങ്ങള്‍ പോലെ ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി ഭൂമിക്കടിയില്‍ കുഴിച്ചിട്ടിരിക്കുന്ന പൈന്‍ മരങ്ങളില്‍ നിന്നുള്ള ഫോസിലൈസ്ഡ് റെസിനാണ് ആമ്പറെന്ന് അദ്ദേഹം വിശദീകരിച്ചു. റഷ്യയിലെ കലിനിന്‍ഗ്രാഡ് ഏറ്റവും വലിയ ഉല്‍പ്പാദന കേന്ദ്രങ്ങളിലൊന്നാണ്. ലോക ഉല്‍പാദനത്തിന്റെ 90% അവിടെയാണ് ഉല്‍പാദിപ്പിക്കുന്നത്. വടക്കന്‍ യൂറോപ്പിലെ പോളണ്ട്, ലാത്വിയ, ലിത്വാനിയ തുടങ്ങിയ രാജ്യങ്ങളിലും ആംബര്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്.