Breaking NewsUncategorized

ഖത്തറില്‍ പ്രായപൂര്‍ത്തിയായ ജനങ്ങളില്‍ 25 ശതമാനത്തോളം പേരും അവയവദാതാക്കളുടെ രജിസ്ട്രിയില്‍ പേര്‍ രജിസ്റ്റര്‍ ചെയ്തു


അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ അവയവദാന പരിപാടിയുടെ ഭാഗമായ അവയവദാതാക്കളുടെ രജിസ്ട്രിയില്‍ രാജ്യത്തെ പ്രായപൂര്‍ത്തിയായ ജനസംഖ്യയുടെ 25 ശതമാനത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇത് രാജ്യത്ത് പുതിയ അവയവദാന പരിപാടികള്‍ അവതരിപ്പിക്കാന്‍ കാരണമായെന്നും ഖത്തര്‍ അവയവദാന കേന്ദ്രം ഡയറക്ടര്‍ ഡോ. റിയാദ് ഫാദില്‍ അഭിപ്രായപ്പെട്ടു. ലോകാടിസ്ഥാനത്തില്‍ തന്നെ സവിശേഷമായ തോതാണിത്.

ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ഈ വര്‍ഷത്തിനുള്ളില്‍ ഹൃദയം മാറ്റിവയ്ക്കല്‍ പദ്ധതി ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ”സാധ്യതയുള്ള അവയവ ദാതാക്കളായി രജിസ്റ്റര്‍ ചെയ്യുന്ന ആളുകള്‍ അവരുടെ മരണശേഷം അവരുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതിച്ചിട്ടുണ്ട്. അത്തരത്തിലുള്ള അഞ്ച് ലക്ഷം ദാതാക്കളാണ് ഇതിനകം പേര് രജിസ്റ്റര്‍ ചെയ്തത്.

”അവയവ ദാതാക്കളുടെ രജിസ്ട്രി നിയമപരമായാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നത്. ഇത് ഓണ്‍ലൈനില്‍ ചെയ്യുന്നതല്ല, ആളുകള്‍ മുഖാമുഖം ചെയ്യുന്നതാണ്. സംഘാടകര്‍ ഷോപ്പിംഗ് മാളുകളിലെ ആളുകളുടെ അടുത്ത് പോയി അവരോട് സംസാരിക്കുകയും അവയവദാനം എന്താണെന്ന് പഠിപ്പിക്കുകയും അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുന്നു.

”ഓരോ വര്‍ഷവും മരണമടഞ്ഞ ദാതാക്കളുടെയും ജീവിച്ചിരിക്കുന്ന ദാതാക്കളുടെയും എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, അതിന്റെ ഫലമായി ഞങ്ങള്‍ പുതിയ പരിപാടികള്‍ ആരംഭിക്കുന്നു, ട്രാന്‍സ്പ്ലാന്റുകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഞങ്ങള്‍ ഇപ്പോള്‍ വൃക്കകളും കരള്‍ മാറ്റവും ശ്വാസകോശമാറ്റവുമൊക്കെ വിജയകരമായി ചെയ്യുന്നുണ്ട്.

”ഈ വര്‍ഷം തന്നെ ഹൃദയം മാറ്റിവയ്ക്കല്‍ ആരംഭിക്കും. അതിനുള്ള എല്ലാ ലോജിസ്റ്റിക്‌സും പരിശീലനം നേടിയ സ്റ്റാഫും സജ്ജമാണ് .

മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതിച്ച വ്യക്തികളുടെ ദേശീയ, രഹസ്യസ്വഭാവമുള്ള പട്ടികയാണ് അവയവ ദാതാക്കളുടെ രജിസ്ട്രി. ഒരു വ്യക്തി ഒരു അവയവ ദാതാവാകാനുള്ള സന്നദ്ധത രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നറിയാന്‍ മരണം സംഭവിക്കുമ്പോള്‍ ഇത് വേഗത്തില്‍ ആക്‌സസ് ചെയ്യാന്‍ കഴിയും. ദേശീയത പരിഗണിക്കാതെ, അവയവ മാറ്റിവയ്ക്കല്‍ സേവനങ്ങളിലേക്ക് നിഷ്പക്ഷമായ പ്രവേശനത്തോടെ, അവയവമാറ്റത്തിനായി ഖത്തറിന് ഒരൊറ്റ വെയിറ്റിംഗ് ലിസ്റ്റാണുള്ളത്. ഒരു അവയവം മാറ്റിവയ്ക്കല്‍ ഒരു ജീവന്‍ രക്ഷിക്കുന്ന പ്രക്രിയയാണ്. വിട്ടുമാറാത്ത അവയവങ്ങളുടെ തകരാറുള്ള ഒരാളുടെ ജീവിതനിലവാരം ഗണ്യമായി മെച്ചപ്പെടുത്താനും ഇതിന് കഴിയും.

മരിച്ച ഒരു അവയവ ദാതാവിന് എട്ട് ജീവന്‍ വരെ രക്ഷിക്കാനാകും.

ജീവിച്ചിരിക്കുമ്പോള്‍ വൃക്കയോ കരളിന്റെ ഭാഗമോ ദാനം ചെയ്യാനും സാധിക്കും.

നിലവില്‍, ഖത്തര്‍ വൃക്ക, കരള്‍, ശ്വാസകോശം, മൂലകോശം മാറ്റിവയ്ക്കല്‍ പരിപാടികളാണ് ചെയ്യുന്നത്.

ഖത്തറില്‍ അവതരിപ്പിച്ച ഏറ്റവും പുതിയ പ്രോഗ്രാമാണ് ശ്വാസകോശ മാറ്റിവയ്ക്കല്‍. ആദ്യത്തെ ശസ്ത്രക്രിയ 2021 ജൂണില്‍ നടത്തി.

2022-ല്‍ ഖത്തര്‍ ഓര്‍ഗന്‍ ഡൊണേഷന്‍ സെന്ററും (ഹിബ) ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനും (എച്ച്എംസി) ജീവിച്ചിരിക്കുന്ന 71 വൃക്കദാതാക്കളെയും എട്ട് കരള്‍ ദാതാക്കളെയും 10 സ്റ്റെം സെല്‍ ദാതാക്കളെയും 35 മരണമടഞ്ഞ ദാതാക്കളുടെ കുടുംബങ്ങളെയും ആദരിച്ചു.
വിശുദ്ധ റമദാന്‍ മാസത്തില്‍ എച്ച്എംസിയുടെ വാര്‍ഷിക അവയവദാന ക്യാമ്പയിന്‍ ഈ ആഴ്ച ആരംഭിക്കുമെന്നും ഡോ.ഫാദില്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!