ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഈദിയ എടിഎം’ സേവനം വിപുലീകരിക്കുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ: ഈദുല്‍ അദ്ഹയോടനുബന്ധിച്ച് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യുസിബി) ‘ഈദിയ എടിഎം’ സേവനം വിപുലീകരിക്കുന്നതായി പ്രഖ്യാപിച്ചു.
ഈദിയ എടിഎം സേവനം ഉപയോക്താക്കള്‍ക്ക് 5, 10,50, 100 എന്നിങ്ങനെയുള്ള ഖത്തര്‍ റിയാലുകള്‍ പിന്‍വലിക്കാന്‍ അനുവദിക്കുന്നു.
ജൂണ്‍ 22 മുതല്‍ ഈ സേവനം ലഭ്യമാകും, പ്ലേസ് വാന്‍ഡോം മാള്‍, അല്‍ മിര്‍ഖാബ് മാള്‍, മാള്‍ ഓഫ് ഖത്തര്‍, അല്‍ വക്ര ഓള്‍ഡ് സൂഖ്, ദോഹ ഫെസ്റ്റിവല്‍ സിറ്റി, അല്‍ ഹസം മാള്‍, അല്‍ ഖോര്‍ മാള്‍, അല്‍ മീര (തുമാമയും മുഐതറും)ദോഹ വെസ്റ്റ് വാക്ക് എന്നിങ്ങനെ 10 വ്യത്യസ്ത സ്ഥലങ്ങളില്‍ എടിഎമ്മുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിലില്‍, ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് ഖത്തരി സംസ്‌കാരവും പാരമ്പര്യവും പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ക്യുസിബി ഈദിയ എടിഎം സേവനം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചത്. ഈദാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് നല്‍കുന്ന പണമോ സമ്മാനമോ ആയ ഈദിയയുടെ പരമ്പരാഗത രീതിയാണ് ഇതിലൂടെ പുനര്‍ജ്ജനിക്കുന്നത്.