പന്ത്രണ്ടാമത് ഖത്തര്‍ രാജ്യാന്തര കാര്‍ഷിക പ്രദര്‍ശനം ഫെബ്രുവരി 4 മുതല്‍ 8 വരെ കത്താറ കള്‍ച്ചറല്‍ വില്ലേജില്‍

ദോഹ: പന്ത്രണ്ടാമത് ഖത്തര്‍ രാജ്യാന്തര കാര്‍ഷിക പ്രദര്‍ശനം ഫെബ്രുവരി 4 മുതല്‍ 8 വരെ കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ നടക്കും.പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയുടെ രക്ഷാകര്‍തൃത്വത്തിലാണ് അഗ്രിടെക് നടക്കുന്നത്.
ഏറ്റവും പുതിയ കാര്‍ഷിക കണ്ടുപിടുത്തങ്ങളെയും പരിസ്ഥിതി സുസ്ഥിരതയെയും കുറിച്ചുള്ള പ്രത്യേക കോണ്‍ഫറന്‍സുകളിലും സെമിനാറുകളിലും പാനലുകളിലും 29-ലധികം രാജ്യങ്ങളില്‍ നിന്നുള്ള പങ്കാളികളും പ്രദര്‍ശനത്തിന്റെ ഭാഗമാകും. യു.എ.ഇ.യുടെ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയമാണ് ഈ വര്‍ഷത്തെ വിശിഷ്ടാതിഥി.
114 പ്രാദേശിക ഫാമുകളും തേനും 24 ഈത്തപ്പഴം ഉത്പാദകരും ചേര്‍ന്ന് 40,000 ചതുരശ്ര മീറ്ററിലധികം വിസ്തീര്‍ണ്ണമുള്ള പ്രത്യേക വിപണികളില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും, ഇത് ഉത്പാദകരും ഉപഭോക്താക്കളും തമ്മിലുള്ള ആശയവിനിമയം വര്‍ദ്ധിപ്പിക്കും.
മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ 2024 – 2030 ദേശീയ ഭക്ഷ്യസുരക്ഷാ സ്ട്രാറ്റജിയുടെ സമാരംഭത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടി, പുതുമകള്‍ മെച്ചപ്പെടുത്തുന്നതിനും വൈദഗ്ധ്യം കൈമാറ്റം ചെയ്യുന്നതിനും നിക്ഷേപത്തിനും പങ്കാളിത്തത്തിനും പുതിയ ചക്രവാളങ്ങള്‍ തുറക്കുന്നതിനുമുള്ള വേദിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഓര്‍ഗനൈസിംഗ് ആന്‍ഡ് സൂപ്പര്‍വൈസറി കമ്മിറ്റി ചെയര്‍മാന്‍ യൂസഫ് ഖാലിദ് അല്‍ ഖുലൈഫി പറഞ്ഞു.