Uncategorized

ഖത്തറിന്റെ പ്രകൃതി സൗന്ദര്യമാസ്വദിക്കുവാനുളള സംഘത്തില്‍ ഇന്ത്യന്‍ അംബാസഡറും ചേര്‍ന്നത് പ്രകൃതി സ്നേഹികള്‍ക്ക് ആവേശമായി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : തിരക്കേറിയ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് കുറച്ച് നേരം മാറി നിന്ന് ഖത്തറിന്റെ പ്രകൃതി മനോഹാരിതയും വൈവിധ്യവും കണ്ടെത്താനും ആസ്വദിക്കുവാനും പക്ഷി നിരീക്ഷകര്‍ക്കും, പ്രകൃതിസ്‌നേഹികള്‍ക്കും, ഫോട്ടോഗ്രാഫര്‍മാര്‍ക്കുമൊപ്പം ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തലും ചേര്‍ന്നത് പ്രകൃതി സ്നേഹികള്‍ക്ക് ആവേശമായി.

ഖത്തറിലെ സസ്യജന്തുജാലങ്ങളെ ആസ്വദിക്കാനും പക്ഷികളുടെ വൈവിധ്യങ്ങളെ നിരീക്ഷിക്കുവാനും സൗദി അതിര്‍ത്തിക്കടുത്തുള്ള ‘ഇര്‍ക്കായ’ ഫാമിലേക്കുള്ള യാത്ര സംഘത്തോടൊപ്പമാണ് അംബാസഡര്‍ ചേര്‍ന്നത്.

22 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ സ്വകാര്യ ഫാം യൂറോപ്പില്‍ നിന്ന് ആഫ്രിക്കയിലേക്കും മറ്റിടങ്ങളിലേക്കും കുടിയേറുന്ന പക്ഷികള്‍ക്കുള്ള ഖത്തറിലെ ഏറ്റവും വലിയ പക്ഷിസങ്കേതമാണ്. ഒന്നര പതിറ്റാണ്ടിലേറെയായി ഫാമിലെ വാസയോഗ്യവും ദേശാടനപരവുമായ പക്ഷികളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള ഖത്തറിലെ പക്ഷി നിരീക്ഷകരും ഫോട്ടോഗ്രാഫര്‍മാരും 300 ഓളം ഇനം പക്ഷികളെ ഫാമില്‍ നിന്ന് ക്യാമറയില്‍ പകര്‍ത്തി പക്ഷിനിരീക്ഷണം ആസ്വദിക്കാറുണ്ട്.

ഫാമില്‍ നിന്നുള്ള പക്ഷികള്‍, ഉരഗങ്ങള്‍, സസ്തനികള്‍, ചിത്രശലഭങ്ങള്‍ എന്നിവയെക്കുറിച്ചുള്ള റഫറല്‍ പുസ്തകങ്ങള്‍ ഖത്തര്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ ലൈസന്‍ ഓഫീസറായിരുന്ന പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍ ദിലീപ് അന്തിക്കാടിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ ഫോട്ടോഗ്രാഫി ക്ലബ് രൂപീകരിക്കുന്നതിന് മുന്‍കൈയെടുത്ത മുന്‍ ഐസിസി പ്രസിഡന്റ് എ.പി മണികണ്ടനും അംബാസഡറിനൊപ്പം യാത്രാ സംഘത്തില്‍ ചേര്‍ന്നു.

താജുദ്ദീന്‍ സി, വിഷ്ണു ഗോപാല്‍, ഹസീബ് സി.എം. തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 20 ലധികം വ്യത്യസ്ത ഇനം പക്ഷികളെ കാണാനായതായി സംഘാംഗങ്ങള്‍ പറഞ്ഞു. മാര്‍ഷ് ഹാരിയര്‍, പല്ലിഡ് ഹാരിയര്‍, കെസ്ട്രല്‍സ് ബീ ഈറ്റേര്‍സ്, ലാര്‍ക്കുകള്‍, ലാപ്വിംഗ്സ്, ഉരഗങ്ങള്‍, ചിത്രശലഭങ്ങള്‍ എന്നിവയും സന്ദര്‍ശന വേളയില്‍ സംഘത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചു.

ഇത്തരം പ്രകൃതി നിരീക്ഷണ ഫോട്ടോഗ്രാഫി യാത്രകള്‍ തുടരുന്നതിന് പരിപാടിയുണ്ടെന്ന് ഐസിസി ക്ലബ് സെക്രട്ടറി ഹസീബ് അറിയിച്ചു.

Related Articles

Back to top button
error: Content is protected !!