ഖത്തറില്‍ പ്രായപൂര്‍ത്തിയായ 37 ശതമാനത്തിനും ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറിന്റെ ദേശീയ കോവിഡ് -19 വാക്സിനേഷന്‍ പ്രോഗ്രാം ആരംഭിച്ചതിനുശേഷം 16 വയസും അതില്‍ കൂടുതലുമുള്ള 37 ശതമാനം ആളുകള്‍ക്കും കുറഞ്ഞത് ഒരു ഡോസ് കോവിഡ് -19 വാക്സിന്‍ ലഭിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
വാക്സിനേഷന്‍ പ്രോഗ്രാം ഊര്‍ജിതമായി മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. യോഗ്യരായ ജനസംഖ്യയുടെ 36.9 ശതമാനം പേര്‍ക്കും ഇപ്പോള്‍ കുറഞ്ഞത് ഒരു ഡോസ് വാക്സിന്‍ ലഭിച്ചിട്ടുണ്ട്.
60 വയസ്സിനു മുകളിലുള്ളവരില്‍ 83.4 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്സിനേഷന്‍ നല്‍കിയിട്ടുണ്ട്. ഏറ്റവും റിസ്‌ക് കൂടിയ ഈ വിഭാഗത്തില്‍ 68.8 ശതമാനം പേര്‍ക്കും രണ്ട് ഡോസ് വാക്സിന്‍ ലഭിച്ചിട്ടുണ്ട്.
ഡിസംബര്‍ 23 ന് ദേശീയ കോവിഡ് വാക്സിനേഷന്‍ പ്രോഗ്രാം ആരംഭിച്ചതുമുതല്‍ മൊത്തം 1,296,520 വാക്സിന്‍ ഡോസുകള്‍ നല്‍കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 25,042 കോവിഡ് -19 വാക്സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ട്.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെയും ദോഹ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെയും വാക്സിനേഷന്‍ സൗകര്യങ്ങള്‍, അല്‍ വകറ, ലുസൈല്‍ എന്നിവിടങ്ങളിലെ രണ്ട് ഡ്രൈവ് ത്രൂ വാക്സിനേഷന്‍ കേന്ദ്രങ്ങളിലുമാണ് കോവിഡ് വാക്സിനുകള്‍ നല്‍കുന്നത്.