കോവിഡ് ജീവനപഹരിച്ച സഹപ്രവര്‍ത്തകരുടെ ജീവിതം പ്രമേയമാക്കി ഇന്‍കാസ് പേരാമ്പ്ര മണ്ഡലം തയ്യാറാക്കിയ ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : കോവിഡ് ജീവനപഹരിച്ച സഹപ്രവര്‍ത്തകരുടെ ജീവിതം പ്രമേയമാക്കി ഇന്‍കാസ് പേരാമ്പ്ര മണ്ഡലം തയ്യാറാക്കിയ ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. ഖത്തറില്‍ കോവിഡിന്റെ പ്രാരംഭ ഘട്ടത്തില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവ സാനിധ്യമായിരുന്ന, തുടര്‍ന്ന് കോവിഡ് ബാധിതനായ് മരണപ്പെട്ട ഖത്തര്‍ ഇന്‍കാസിന്റെ പ്രവര്‍ത്തകന്‍ തല്ലശ്ശേരി കതിരൂര്‍ സ്വദേശി റഹീം റയാന്റെയും ദുബായ് ഇന്‍കാസിന്റെ പ്രവര്‍ത്തകനും ജീവകാരുണ്യ മേഖലയിലെ നിറ സാനിധ്യമായിരുന്ന നിതിന്‍ ചന്ദ്രന്റെയും ജീവിതത്തെ ആസ്പദമാക്കി ഖത്തര്‍ ഇന്‍കാസ് പേരാമ്പ്ര മണ്ഡലത്തിന്റെ ബാനറില്‍ സജിത്ത് സഹൃദയയാണ് വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ദോഹ എന്ന പേരില്‍ ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തത്.
ഉറവ വറ്റാത്ത സഹജീവി സ്നേഹത്തെ പരിപോഷിപ്പിക്കാനും സേവന വഴികളില്‍ ജീവന്‍ ബലിയര്‍പ്പിച്ച സന്നദ്ധസേവകരെ ഓര്‍മ്മിക്കാനും അവരുടെ കുടുംബത്തിന് സ്വാന്തനമാവാനുമുള്ള ഉദ്യമമാണ് ഈ ചിത്രത്തിന്റെ ഉള്‍പ്രേരണയെന്ന് ചിത്രത്തിന്റെ സംവിധായകന്‍ സജിത്ത് സഹൃദയ പറഞ്ഞു. ലോകമാസകലം വിശ്രമമില്ലാതെ ഈ മഹാമാരിയോട് പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും കുടുംബത്തിനുമുള്ള സമര്‍പ്പണം കൂടിയാണ് ഈ ചിത്രമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ കഥയും തിരക്കഥയും അദ്ദേഹത്തിന്റെ തന്നെയാണ്.
സഹജീവി സ്നേഹത്തിന്റേയും സേവന പ്രവര്‍ത്തനങ്ങളുടേയും ഓട്ടപ്പാച്ചിലിനിടയില്‍ കൊറോണ ബാധിച്ച് ആശുപത്രിക്കിടക്കയില്‍ കിടക്കുമ്പോഴും തന്റെ ആരോഗ്യത്തേക്കാളും പ്രയാസപ്പെടുന്നവര്‍ക്ക് സഹായക്കിറ്റുകളും സേവനവും നല്‍കുന്നതിനെക്കുറിച്ച് ഓര്‍മപ്പെടുത്തുന്ന നിസ്വാര്‍ഥ സേവനത്തിന്റെ പ്രതീകങ്ങളെ ഏറെ ഹൃദയസ്പര്‍ശിയായ രൂപത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒടുവില്‍ കൊറോണ ജീവനപഹരിക്കുമ്പോള്‍ മൃതദേഹം പോലും കാണാനാവാതെ വിതുമ്പുന്ന കുടുംബാംഗങ്ങളുടെ വൈകാരിക മുഹൂര്‍ത്തങ്ങളെ മനോഹരമായി ഒപ്പിയെടുത്ത ചിത്രം ഏതൊരു പ്രവാസിയുടേയും കണ്ണുനനയിപ്പിക്കുന്നതാണ്. 8 മിനിറ്റ് ദൈര്‍ഘ്യമുളള സന്ദേശ പ്രധാനമായ ഈ ചിത്രം പ്രവാസി ജീവിതത്തിന്റെ മറ്റൊരു നേര്‍ചിത്രം കൂടിയാണ്.
റഹീം റയാന്റെ പേരില്‍ ഹമദ് ഹോസ്പിറ്റലില്‍ വെച്ച് എല്ലാ മൂന്ന് മാസം കൂടുമ്പോഴും നടക്കുന്ന രക്തദാന ക്യാമ്പിന് മുന്നോടിയായ് കഴിഞ്ഞ ദിവസം ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ നടന്ന ലളിതമായ ചടങ്ങിലാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിലെ ആതുര ശുശ്രൂഷ ചെയ്യുവാനായവര്‍ എന്ന മനോഹരമായ ഗാനം രചിക്കുകയും ആലപിക്കുകയും ചെയ്ത വിമല്‍ വാസുദേവിന്റെ കവിതാലാപനത്തോടെയാണ് പരിപാടി തുടങ്ങിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന പരിപാടി ഖത്തര്‍ ഇന്‍കാസ് സെന്‍ട്രല്‍ കമിറ്റി ആക്റ്റിംഗ് പ്രസിഡന്റ് അന്‍വര്‍ സാദത്ത് ഉത്ഘാടനം ചെയ്തു.
ആഷിഖ് അഹമദ്, അഷ്‌റഫ് വടകര, സുരേഷ് ബാബു നൊച്ചാട് എന്നിവര്‍ സന്നിഹിതരായ ചടങ്ങില്‍ പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് അമീര്‍ കെ ടി അധ്യക്ഷനായിരുന്നു. സജിത്ത് സഹൃദയ സ്വാഗതവും ഹാഫില്‍ ഓട്ടുവയല്‍ നന്ദിയും പറഞ്ഞു.
ഇന്‍കാസ് കേന്ദ്രകമ്മറ്റി അംഗം ബഷീര്‍ നന്മണ്ട പ്രധാന വേഷം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് എം എച്ച് തയ്യിലും പശ്ചാത്തല സംഗീതം ഒരുക്കിരിക്കുന്നത് കൃഷ്ണകുമാര്‍ ബോംബെയുമാണ്. അരോമ ഗ്രൂപ്പ് പ്രായോജകരായ ചിത്രത്തില്‍ ഫൈവ് ഗ്രൂപ്പ് ട്രേഡിംഗ് സഹപ്രായോജകരാണ്.
ഷോര്‍ട്ട ഫിലിം കാണാനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക