IM Special

പുകവലി ഉപേക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാവുക

ഡോ. അമാനുല്ല വടക്കാങ്ങര

പുകവലി ഉപേക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാവുക എന്ന സുപ്രധാനമായ പ്രമേയം ചര്‍ച്ചക്ക് വെച്ച് കൊണ്ടാണ് മെയ് 31 ലോക പുകയില വിരുദ്ധദിനമായി ലോകാരോഗ്യ സംഘടനയും അനുബന്ധസ്ഥാപനങ്ങളും ആചരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പൊതുപരിപാടികള്‍ക്ക് പരിമിതികളുണ്ടെങ്കിലും വ്യക്തി ബന്ധങ്ങളും സാമൂഹ്യ മാധ്യമങ്ങളും പരമാവധി പ്രയോജനപ്പെടുത്തി വിപുലമായ ബോധവല്‍ക്കരണം നടക്കണമെന്നാണ് ലോകാരോഗ്യ സംഘടന ഉദ്ദേശിക്കുന്നത്.

കോവിഡ് മഹാമാരിയുടെ ദുരന്തങ്ങള്‍ ലോകത്തെമ്പാടും നാശം വിതക്കുന്ന സമകാലിക ലോകത്ത് പുകവലിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് നല്ല ധാരണയുണ്ട്. പുകവലിക്കുന്നവരില്‍ കോവിഡിന്റെ സങ്കീര്‍ണതകള്‍ വര്‍ദ്ധിക്കുവാനും മരണം സംഭവിക്കുവാനുമൊക്കെ സാധ്യതയേറെയാണെന്നാണ് വിവിധ തലങ്ങളില്‍ നടന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പുകവലി ശ്വാസകോശത്തിനും ശ്വാസ നാളങ്ങള്‍ക്കുമൊക്കെ സാരമായ കേടുപാടുകള്‍ വരുത്തുമെന്നിനാല്‍ കോവിഡ് ബാധ ഇത്തരക്കാരുടെ സ്ഥിതി വഷളാക്കുമെന്നതില്‍ സംശയമില്ല. പുകവലി ഉപേക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാവുക എന്ന പ്രമേയം ഏറെ ശ്രദ്ധേയമാകുന്നതും പ്രസക്തമാകുന്നതും ഈ സാഹചര്യത്തിലാണ്. ജീവന്‍ മരണ പോരാട്ടത്തില്‍ ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ പുകവലി ഉപേക്ഷിച്ചേ തീരുവെന്നാണ് ഈ പ്രമേയം അടയാളപ്പെടുത്തുന്നുന്നത്.


പുകയില ഉപഭോഗത്തിന്റെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കാനും ഉപഭോഗം കുറക്കുന്നതിനാവശ്യമായ കൂട്ടായ നപടിക്കാഹ്വാനം ചെയ്തുകൊണ്ടും 1988 മുതല്‍ ലോകാരോഗ്യ സംഘടന മെയ് 31 ലോകപുകവലി വിരുദ്ധ ദിനമായി ആചരിക്കുന്നുണ്ട് ലോകത്ത് നടക്കുന്ന പത്തുശതമാനം മരണങ്ങള്‍ക്കും നേരിട്ടുകാരണമായ പുകവലിയും ടൊബാക്കോ ഉല്‍പന്നങ്ങളുടെ ഉപഭോഗവും 80 ലക്ഷത്തിലേറെ മനുഷ്യ ജീവനുകളാണ് വര്‍ഷം തോറും അപഹരിക്കുന്നത്. ഇതില്‍ നല്ലൊരു ശതമാനം പേരും നിരപരാധികളായ സെക്കന്റ് ഹാന്റ് സ്മോക്കിംഗിന് വിധേയരാകുന്നവരാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മാത്രമല്ല ലോകാടിസ്ഥാനത്തില്‍ നോണ്‍ കമ്മ്യണിക്കബിള്‍ ഡിസീസുകളില്‍ 63 ശതമാനം റിസ്‌ക് ഫാക്ടറുകള്‍ ടൊബാക്കോ ഉല്‍പന്നങ്ങളുടെ ഉപഭോഗമാണെന്നതും വളരെ ഗൗരവമുള്ളതാണ്. 80 ശതമാനം പുകവലി മരണങ്ങളും കുറഞ്ഞ വരുമാനക്കാരായ പിന്നോക്ക രാജ്യങ്ങളിലാണ്. ചില കണക്കുകളനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പുകയില ഉപഭോഗ രാജ്യമാണ് ഇന്ത്യ.

മാനവരാശിയെ കാര്‍ന്നുനിന്ന പുകവലിയും ടൊബാക്കോ ഉല്‍പന്നങ്ങളും സൃഷ്ടിക്കുന്ന അത്യന്തം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും സാമൂഹ്യ പാരിസ്ഥിതിക, സാമ്പത്തിക പ്രശ്നങ്ങളും അനാവരണം ചെയ്യുന്ന പുകവലി വിരുദ്ധ സമരം കാലഘട്ടത്തിന്റെ അനിവാര്യതയായി മാറിയിരിക്കുന്നു. ഇത് ഏതാനും പുകവലി വിരുദ്ധ പ്രവര്‍ത്തകരുടേയോ പരിസ്ഥിതി ചിന്തകരുടേയോ ഉത്തരവാദിത്തമായി തെറ്റിദ്ധരിക്കാതെ സമൂഹം ഒന്നടങ്കം രംഗത്ത് വന്നെങ്കില്‍ മാത്രമേ ആശാഹവമായ മാറ്റമുണ്ടാവുകുള്ളൂ

വൈദ്യശാസ്ത്ര പരമായി ലോകം പുരോഗമിക്കാത്ത കാലത്ത് മനുഷ്യന്‍ അനുഭവിച്ച മിക്ക പ്രയാസങ്ങളും മാറാരോഗങ്ങള്‍, അണുബാധ, മരുന്നുകളുടെ ദൗര്‍ലഭ്യത എന്നിവയുമായി ബന്ധപ്പെട്ടവയായിരുന്നു. എന്നാല്‍ ശാസ്ത്രീയരംഗത്തും വൈദ്യ മേഖലയിലും കൈവരിച്ച പുരോഗതി ഈ പ്രയാസങ്ങള്‍ ഏറെക്കുറേ ദൂരീകരിക്കാന്‍ സഹായിച്ചെങ്കിലും മനുഷ്യന്റെ ബിഹേവിയറല്‍ ഡിസ് ഓര്‍ഡറുകളും അശാസ്ത്രീങ്ങളായ ജീവിത രീതികളും എല്ലാവര്‍ക്കും ആരോഗ്യമെന്ന മഹത്തായ ലക്ഷ്യസാക്ഷാല്‍ക്കാരത്തിന്റെ മുന്നില്‍ വലിയ തടസ്സമായി നിലകൊള്ളുകയാണ്. ഈ രംഗത്ത് ഏറ്റവും വലിയ വില്ലനായി നിലകൊള്ളുന്ന ഒരു ദുസ്വഭാവമാണ് പുകവലി. ഒട്ടനവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായ പുകവലി നിരവധി രോഗങ്ങളുടെ ഗൗരവം വര്‍ദ്ധിപ്പിക്കാനും കാരണമാകുന്നുവെന്നതാണ് കോവിഡ് കാലം നല്‍കിയ സുപ്രധാനമായ പാഠങ്ങളിലൊന്ന്. അതുകൊണ്ട് തന്നെ കോവിഡ് കാലത്തെ പുകയില വിരുദ്ധദിനം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു

ഏതൊരു സാമൂഹ്യ തിന്മയുടെ നിര്‍മാര്‍ജനത്തിലും സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കും സേവനങ്ങള്‍ക്കും വലിയ പങ്ക് വഹിക്കാനുണ്ട്. സമൂഹ ഗാത്രത്തെ കാര്‍ന്ന് തിന്നുകൊണ്ടിരിക്കുന്ന പുകവലി അവസാനിപ്പിക്കുന്നതിലും ഗവണ്‍മെന്റ് തലത്തിലുള്ള എല്ലാ നിയമപരമായ സഹായങ്ങളോടുമൊപ്പം സമൂഹത്തിന്റെ കൂട്ടായ്മക്ക് വമ്പിച്ച സ്വാധീനം ചെലുത്താന്‍ കഴിയും. പുകവലിയുടെ ദോഷത്തെക്കുറിച്ച് തിരിച്ചറിവ് നമ്മുടെ സമൂഹത്തില്‍ നിന്നും പുകവലി തുടച്ചുനീക്കുക എന്ന സാമൂഹ്യ പ്രതിബദ്ധതക്കാണ് ശക്തി പകരേണ്ടത്. പക്ഷേ പ്രതീക്ഷിക്കുന്ന തരത്തിലുള്ള ഒരു സാമൂഹ്യ കൂട്ടായ്മ പുകവലിക്കെതിരെ ഇനിയും രൂപീകരിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ പുകയില ഉല്‍പന്നങ്ങള്‍ പരസ്യമായി വിപണനം ചെയ്യപ്പെടുകയും പുകവലി സംസ്‌കാരം ഇളം തലമുറയെപ്പോലും നശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് ഏതൊരു കൊച്ചുകുട്ടിക്കും അറിയാം. ചെറുപ്പം മുതലേ നിയമപരമായ ഈ മുന്നറിയിപ്പ് നമ്മളൊക്കെ വസ്തുത അറിഞ്ഞോ അറിയാതെയോ വായിച്ച് പോവുകയോ കേള്‍ക്കുകയോ ചെയ്തിട്ടുണ്ട്. എന്നെ ഉപയോഗിക്കുന്നത് അപകടകരമാണ് എന്ന് പരസ്യമായി എഴുതിവെച്ച് പൊതുമാര്‍ക്കറ്റില്‍ നിയമവിധേയമായി വിപണനം ചെയ്യപ്പെടുന്ന ഏകവസ്തു പുകയില ഉല്‍പന്നങ്ങളായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. ഈ സാമൂഹ്യ തിന്മക്കെതിരെ നാം ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

പുകവലി കുലീനതയുടേയും മഹത്വത്തിന്റേയും അടയാളമായി വിലയിരുത്തപ്പെട്ട ഒരു കാലമുണ്ടായിരുന്നു. അന്നത് സമൂഹത്തിലെ മേലെകിടയിലുള്ളവരുടെ മാത്രം സ്വഭാവവുമായിരുന്നു. പക്ഷേ ഇന്ന് വ്യാപാര തന്ത്രങ്ങളും താല്‍പര്യങ്ങളും സമൂഹത്തിലെ എല്ലാ തട്ടുകളിലേക്കും പുകവലി വ്യാപിപ്പിച്ചിരിക്കുന്നു. എന്നല്ല കുറഞ്ഞ വരുമാനക്കാരും മീഡിയം വരുമാനക്കാരുമായ വിഭാഗങ്ങളിലും ദരിദ്ര രാജ്യങ്ങളിലുമാണ് പുകവലി കൂടുതല്‍ രൂക്ഷമായ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ലോകത്ത് പുകവലിമൂലം മരണപ്പെടുന്നവരുടെ എണ്ണം റിക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പ് തന്നെ ചോദ്യം ചെയ്യുന്ന ഗുരുതരമായ ഈ ആരോഗ്യ പ്രതിസന്ധി നാള്‍ക്കുനാള്‍ രൂക്ഷമായി വരുന്നുവെന്നത് ആരോഗ്യ പ്രവര്‍ത്തകരുടെ മാത്രമല്ല ആരോഗ്യപൂര്‍ണമായ ഒരു തലമുറയെ വിഭാവനം ചെയ്യുന്ന മുഴുവന്‍ മനുഷ്യ മനസുകളേയും അലോസരപ്പെടുത്തുന്നതാണ്.

പുതിയ ലോകത്തെ മനുഷ്യന്റെ പ്രധാന ആരോഗ്യ പ്രശ്നങ്ങളിലൊന്ന് പുകവലി ഉയര്‍ത്തുന്ന വെല്ലുവിളികളാണ് എന്നു പറഞ്ഞാല്‍ അതു തെറ്റാകാന്‍ വഴിയില്ലാത്തവിധം സ്ഥിതിഗതികള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. വ്യക്തി തലത്തിലും സമൂഹ തലത്തിലും പുകവലി സൃഷ്ടിക്കുന്ന വിപത്തുകള്‍ അത്രക്ക് ഭയാനകവും വിനാശകരവുമാണ്. ഒരു കാലത്ത് പുകവലി മുതിര്‍ന്ന പുരുഷന്‍മാരില്‍ മാത്രം പരിമിതമായിരുന്നെങ്കില്‍ ഇന്നത് സ്ത്രീകളിലേക്കും കുട്ടികളിലേക്കും കൂടി പരന്നിരിക്കുന്നു.

പുകവലിയുടെ മാരകവിപത്തുകള്‍ പൊതുജനങ്ങളെ ബോധ്യപ്പെടുത്തി ഈ ദുശ്ശീലത്തിന്നെതിരെ ആവശ്യമായ മുന്നേറ്റങ്ങള്‍ക്കായി സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നായി മുറവിളിയുയരുന്നുണ്ട് എന്നത് ശുഭോദര്‍ക്കമാണ്. പക്ഷേ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായ പ്രവര്‍ത്തന രീതിയും തുടര്‍ച്ചയായ ഫോളോഅപ്പുവര്‍ക്കുകളുടേയും അഭാവത്തില്‍ ഉദ്ദേശിക്കുന്ന ലക്ഷ്യത്തിലെത്തുന്നില്ല. കേവലം പ്രഖ്യാപനങ്ങള്‍ക്കും പ്രചാരവേലകള്‍ക്കുമുപരിയായി ആത്മാര്‍ഥമായ കൗണ്‍സിലിംഗ്, മെഡിസിന്‍ സൗകര്യങ്ങളോടെയുള്ള ചികില്‍സ എന്നിവയിലൂടെ മാത്രമേ പുകവലിയെ കാര്യക്ഷമമായി പ്രതിരോധിക്കാന്‍ കഴിയുകയുള്ളൂ.

ആരോഗ്യപരമായ നിരവധി പ്രശ്നങ്ങള്‍ക്ക് പുകവലികാരണമാകുമെന്ന് തെളിയിക്കപ്പെട്ട യാഥാര്‍ഥ്യമാണ്. പുകവലിക്കാര്‍ക്ക് പക്ഷാഘാതമുണ്ടാകാനുളള സാധ്യതയേറെയാണ്. തൊണ്ണൂറ് ശതമാനം ശ്വാസകോശ അര്‍ബുദങ്ങള്‍ക്ക് കാരണം പുകവലിയാണെന്ന് തെളിഞ്ഞിരിക്കുന്നു. കൂടാതെ ടോണ്‍സില്‍ ഗ്രന്ഥി, വായ, അന്നനാളം, സ്വനപേടകം, മൂത്ര സഞ്ചി എന്നീ ഭാഗങ്ങളിലും പുകവലികാരണം കാന്‍സര്‍ ബാധയുണ്ടാകുമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

പ്രശ്നസങ്കീര്‍ണമായ ലോകത്ത് മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നതും അടിക്കടി പ്രതിസന്ധികളെ നേരിടുന്നതുമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുമ്പോള്‍ ഒരു താല്‍ക്കാലികാശ്വാസം എന്ന നിലക്കാണ് പലരും പുകവലിയില്‍ അഭയം തേടുന്നത്. ഇത് ക്രമേണ അവന്റെ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയും അവന്റെ ജീവന്‍ തന്നെ ഇഞ്ചിഞ്ചായി നശിപ്പിക്കുകയുമാണ് ചെയ്യുന്നതെന്ന് മനുഷ്യന്‍ പലപ്പോഴും ഗൗരവത്തില്‍ ചിന്തിക്കുന്നില്ല.

പുകവലിക്കാരന്‍ അവന്റെ കാശും ആരോഗ്യവും നശിപ്പിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ ആരോഗ്യത്തിന് ഹാനിവരുത്തുകയും പ്രകൃതി മലിനീകരണത്തിന് വഴിയൊരുക്കുകയും ചെയ്യുന്നു. അങ്ങനെ പുകവലിക്കാരനായ നിങ്ങള്‍ സിഗരറ്റിന് രണ്ടുതവണ വില നല്‍കേണ്ടിവരുന്നു. ഒന്ന് നിങ്ങള്‍ അത് കൈക്കലാക്കുമ്പോള്‍, മറ്റൊന്ന് നിങ്ങളെ അത് കൈക്കലാക്കുമ്പോഴും.

പുകവലിയുടെ ദൂഷ്യങ്ങള്‍ നേരിട്ടോ അല്ലാതെയോ സഹിക്കുന്നവര്‍ എന്ന നിലയില്‍ പുകവലി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുക, നമ്മുടെ സുഹൃത്തുക്കളുടെ പുകവലി അവസാനിപ്പിക്കാനാവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുക എന്നിവയാണ് ഈ രംഗത്ത് നമുക്ക് ചെയ്യാന്‍ കഴിയുന്ന വലിയ സേവനം. നമുക്ക് ചുറ്റും ഈ തിന്മ പടരുന്നതും കണ്ട് കയ്യും കെട്ടി നോക്കി നിന്നാല്‍ നമ്മെയും നമ്മുടെ ചുറ്റുപാടിനേയും പോലും പുകവലി അപകടപ്പെടുത്തുമെന്ന് തിരിച്ചറിയാന്‍ ഇനിയും വൈകിക്കൂടാ.

പുകവലി ഒരു തരം പകര്‍ച്ചവ്യാധിയാണ്. നമ്മളറിയാതെ അത് നമ്മെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നു. പ്രത്യേകിച്ചും നാം അതിന്റെ ദോഷവശങ്ങളെക്കുറിച്ച് ബോധവാന്മാരല്ലെങ്കില്‍. മാത്രമല്ല ഒരിക്കല്‍ അടിമപ്പെട്ട് കഴിഞ്ഞാല്‍ അതില്‍ മോചനം നേടല്‍ ശ്രമകരമായ ജോലിയാണ്. അതുകൊണ്ട് നമ്മുടെ ചുണ്ടുകളില്‍ നിന്ന് പുകച്ചുരുളകള്‍ പൊങ്ങാതെ നോക്കുകയാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്.

പുകവലി വ്യക്തിക്കും സമൂഹത്തിനുമുണ്ടാക്കുന്ന ദൂഷ്യങ്ങളുടെ ഭീകരത ബോധ്യപ്പെടുന്ന ഓരോ വ്യക്തിയും ഓരോരുത്തരെ പുകവലിയില്‍ നിന്ന് പിന്തിരിപ്പിച്ചാല്‍ ലോകത്തെ പുകവലിക്കാരുടെ എണ്ണം ഗണ്യമായി കുറയുമെന്നതില്‍ രണ്ട് പക്ഷമുണ്ടാകാനിടയില്ല. എല്ലാവര്‍ക്കും ഓരോരുത്തരെ പിന്തിരിപ്പിക്കാനായാല്‍ പോലും ആശാവഹമായ മാറ്റമാണ് പുകവലി വിരുദ്ധ കൂട്ടായ്മ സമ്മാനിക്കുക.
കോവിഡ് വൈറസ് ഉയര്‍ത്തുന്ന ഭീഷണിയില്‍ പകച്ചുനില്‍ക്കുന്ന ലോകം സാഹചര്യത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ മുന്നോട്ടുവരുമെന്നാശിക്കുന്നു .

Related Articles

Back to top button
error: Content is protected !!