കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് സഹകരിച്ച സന്നദ്ധ പ്രവര്‍ത്തകരേയും ജീവനക്കാരേയും ആദരിച്ച് ഖത്തര്‍ ചാരിറ്റി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് സഹകരിച്ച സന്നദ്ധ പ്രവര്‍ത്തകരേയും ജീവനക്കാരേയും ആദരിച്ച് ഖത്തര്‍ ചാരിറ്റി. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കോവിഡ് വാക്സിനേഷന്‍ സെന്ററിലെ സന്നദ്ധ പ്രവര്‍ത്തകരേയും ഉദ്യോഗസ്ഥരേയുമാണ് ഖത്തര്‍ ചാരിറ്റി സമ്മാനങ്ങള്‍ നല്‍കി ആദരിച്ചത്.
370 സന്നദ്ധ പ്രവര്‍ത്തകര്‍, മെഡിക്കല്‍ സ്റ്റാഫ്, കേന്ദ്രത്തിലെ മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്കാണ് സമ്മാനങ്ങള്‍ നല്‍കിയത്.
കോവിഡ് മഹാമാരിക്കെതിരെ പോരാടുന്നതിനും അവബോധം വളര്‍ത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഖത്തര്‍ ചാരിറ്റി വാക്സിനേഷന്‍ സെന്ററിലേക്ക് നിത്യവും ധാരാളം സന്നദ്ധ പ്രവര്‍ത്തകരെ അയക്കുന്നുണ്ട്. നിത്യവും ഖത്തര്‍ ചാരിറ്റിയിലെ 100 വോളന്റിയര്‍മാരാണ് കേന്ദ്രത്തില്‍ സേവനമനുഷ്ഠിക്കുന്നത്.
സന്നദ്ധപ്രവര്‍ത്തകരെ പരിശീലിപ്പിക്കാനും സന്നദ്ധപ്രവര്‍ത്തന വിഭാഗത്തിനും സന്നദ്ധപ്രവര്‍ത്തകര്‍ക്കും ഇടയില്‍ ഏകോപിപ്പിക്കാനും ഖത്തര്‍ ചാരിറ്റി സൂപ്പര്‍വൈസര്‍മാരെ നല്‍കിയിട്ടുണ്ട്.
മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് സന്ദര്‍ശകരെ ബോധവത്കരിക്കുക (സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക), അവരുടെ പ്രവേശനവും പുറത്തുകടക്കലും ക്രമീകരിക്കുക, പ്രതിരോധ കുത്തിവയ്പ്പ് നടത്താന്‍ സഹായിക്കുക എന്നിങ്ങനെ വിവിധ ജോലികളാണ് വാക്സിനേഷന്‍ സെന്ററിലെ സന്നദ്ധപ്രവര്‍ത്തകര്‍ നിര്‍വഹിക്കുന്നത്.