IM Special

ജൂണ്‍ 3 , അന്തര്‍ ദേശീയ സൈക്കിള്‍ ദിനം സൈക്കിള്‍ ആരോഗ്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനും

ഡോ. അമാനുല്ല വടക്കാങ്ങര

ജൂണ്‍ മൂന്നാം തീയതി അന്തര്‍ദ്ദേശീയ സൈക്കിള്‍ ദിനമായി ആഘോഷിക്കപ്പെടുന്നു. 2018 ഏപ്രില്‍ മാസത്തിലാണ് ഐക്യരാഷ്ട്ര പൊതുസഭ ഇതിനുള്ള പ്രഖ്യാപനം നടത്തിയത്. ഇതിന്റെ പ്രഖ്യാപനത്തില്‍ ഇങ്ങനെ പറയുന്നു ‘the uniqueness, longevity and versatility of the bicycle, which has been in use for two centuries, and that it is a simple, affordable, reliable, clean and environmentally fit sustainable means of transportation. ആരോഗ്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ഏറ്റവുമുപകരിക്കുമെന്നതിനാല്‍ ആധുനിക ലോകം ഏറെ ശ്രദ്ധിക്കേണ്ട ഒരു ദിവസമാണിത്.

അമേരിക്കക്കാരനായ പ്രൊഫസര്‍ ലെസക് സിബിള്‍സ്‌കിയാണ് ലോക ബൈസൈക്കിള്‍ ദിന പ്രമേയം പാസാക്കുന്നതിന് യുഎന്നിനെ പ്രേരിപ്പിക്കുന്നതിന് നടത്തിയ ശ്രമങ്ങളുടെ ഫലമായി അമ്പത്തിയേഴ് രാജ്യങ്ങളുടെ പിന്തുണ ലഭിച്ചു. ഐസക് ഫെല്‍ഡ് ആണ് അന്തര്‍ ദേശീയ സൈക്കിള്‍ ദിന ലോഗോ രൂപകല്‍പന ചെയ്തത്.

ഖത്തറില്‍ സൈക്കിളിംഗ് പ്രോല്‍സാഹിപ്പിക്കുന്നതിന് വിപലമായ പരിപാടികളാണ് ഗവണ്‍മെന്റ് നടത്തുന്നത്. മിക്ക നടപ്പാതകളോടും ചേര്‍ന്നും സൈക്കിളിംഗ് ട്രാക്കുകള്‍ ഒരുക്കുന്നതിന് ഖത്തര്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട് ലോകോത്തര സൈക്ളിംഗ് ട്രാക്കൊരുക്കി ഗിന്നസ് റെക്കോര്‍ഡ് നേടിയ രാജ്യമെന്ന നിലക്ക് ആരോഗ്യ സംരക്ഷണത്തിനും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും സൈക്കിള്‍ സവാരി ഏറെ പ്രധാനമാണെന്ന കാര്യമാണ് ഖത്തര്‍ ഉയര്‍ത്തിക്കാട്ടുന്നത്.

ഖത്തറില്‍ ധാരാളം മലയാളികള്‍ സൈക്കിളിംഗ് രംഗത്ത് സജീവമാണ്. പലരും ആഴ്ച തോറും കിലോമീറ്ററുകളോളം സൈക്കിളില്‍ സഞ്ചരിക്കാറുണ്ട്. അല്‍ഖോര്‍ റോഡിനോട് ചേര്‍ന്നുള്ള ലോക റെക്കോര്‍ഡ് നേടിയ സൈക്കിള്‍ പാത ഈ രംഗത്ത് വലിയ പ്രോല്‍സാഹനമാണ്.


ലോകത്തെ വേഗതയിലേക്ക് നയിച്ചത് മോട്ടോര്‍ വാഹനങ്ങളാണ്. വാഹനങ്ങളില്ലാത്ത ജീവിതത്തെക്കുറിച്ച് ഇന്ന് ചിന്തിക്കാന്‍പോലുമാവില്ല. ദൂരങ്ങള്‍ കീഴടക്കി മുന്നേറിയ മനുഷ്യചരിത്രം വാഹനങ്ങളുടെ ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നു. കാറുകളും ട്രെയിനുകളും വിമാനങ്ങളുമൊക്കെ മനുഷ്യപുരോഗതിയുടേയും വളര്‍ച്ചയുടേയും ഭാഗമായപ്പോള്‍ പരിസ്ഥിതിക്ക് സംഭവിച്ച കനത്ത ആഘാതം തിരിച്ചറിയുന്നതാകും ഒരു പക്ഷേ സൈക്കിളിലേക്കുള്ള തിരിച്ചുനടത്തത്തിന് പ്രേരകം.

ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈജിപ്റ്റുകാര്‍ ഉപയോഗിച്ചിരുന്ന ഒരിനം ഇരുചക്രവണ്ടിയാണ് സൈക്കിളായി രൂപാന്തരപ്പെട്ടതെന്നാണ് ചരിത്രം. എന്നാല്‍ രണ്ട് നൂറ്റാണ്ടിലേറെയായി സൈക്കിള്‍ ലോകത്ത് പ്രചാരത്തിലുണ്ട്.

1817 ലാണ് ആദ്യത്തെ സൈക്കിളിന്റെ ഉത്ഭവമെന്നും 1840 ല്‍ മാക്മില്ലന്‍ ആണ് സൈക്കിള്‍ പരിഷ്‌കരിച്ചത് എന്നുമാണ് ചരിത്രം. 1905 ല്‍ ഇംഗ്ലണ്ടില്‍ നിന്നും ഇറക്കുമതി ചെയ്താണ് ഇന്ത്യയില്‍ സൈക്കിളുകള്‍ എത്തിയത്. 1938 ലാണ് ഇന്ത്യ ആദ്യമായി സൈക്കിള്‍ നിര്‍മ്മിച്ച് തുടങ്ങിയത്. ഇന്ന് ഇന്ത്യയില്‍ പ്രതിവര്‍ഷം ഒരു കോടി സൈക്കിളുകള്‍ നിര്‍മ്മിക്കുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സൈക്കിള്‍ നിര്‍മ്മിക്കുന്നത് ചൈനയാണ്. ഇന്ത്യക്ക് രണ്ടാം സ്ഥാനമുണ്ട്

ആധുനിക കാലത്ത് സൈക്കിളിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ലോകത്ത് പല സമ്പന്ന രാജ്യങ്ങളും സൈക്കിള്‍ സൗഹൃദരാഷ്ട്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. ബൈ സൈക്കിള്‍ സംസ്‌കാരം എന്ന പേരില്‍ ഒരു പ്രസ്ഥാനം തന്നെ ആരംഭിച്ചിരിക്കുന്നു. ആളോഹരി വരുമാനം കണക്കാക്കിയാല്‍ അഞ്ചോ ആറോ വാഹനങ്ങള്‍ വാങ്ങാന്‍ കെല്‍പുള്ള സമ്പന്ന യൂറോപ്യന്‍ രാജ്യമായ ഡെന്മാര്‍ക്ക് ഇന്ന് സൈക്കിള്‍ സൗഹൃദ രാഷ്ട്രമാണ്. വിദ്യാര്‍ത്ഥികളും വീട്ടമ്മമാരും ഉള്‍പ്പെടെ രാജ്യത്ത് പ്രതിദിനം ഇവര്‍ സൈക്കിളില്‍ യാത്ര ചെയ്യുന്നത് 12 ലക്ഷം കിലോമീറ്ററാണ്.

നെതര്‍ലന്‍ഡിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ ജനസംഖ്യയെക്കാള്‍ സൈക്കിളുണ്ട്. ഏകദേശം ഒന്നര കോടി എണ്ണം വരുമിത്. ആംസ്റ്റര്‍ഡാമിന്റെ ഏത് തെരുവിലൂടെയും ട്രാഫിക് തടസമില്ലാതെ നമുക്ക് നടന്ന് പോകാം. സൈക്കിളുകള്‍ക്ക് യാത്ര ചെയ്യാന്‍ പ്രത്യേക സൈക്കിള്‍ പാതയുണ്ട്. എന്നാല്‍ ലോകത്ത് ഏറ്റവും നീളം കൂടിയ സൈക്കിള്‍ പാതയുള്ളത് ചൈനയിലാണ്. 5000 കിലോമീറ്റര്‍ നീളമുണ്ടിതിന്.

നെതര്‍ലന്‍ഡില്‍ സൈക്കിള്‍ പരീക്ഷയുണ്ട്. ഇത് ജയിച്ചാലെ ലൈസന്‍സ് കിട്ടൂ. പ്രതിവര്‍ഷം ഒരു കോടി പേര്‍ ഈ പരീക്ഷ എഴുതുന്നു. നമ്മുടെ നാട്ടിലെ ഡ്രൈവിംഗ് സ്‌കൂളുകള്‍ പോലെ സൈക്കിള്‍ സ്‌കൂളുമുണ്ട്. ഇവിടെ സൈക്കിളില്‍ യാത്ര ചെയ്യാന്‍ പഠിപ്പിക്കുന്നു.

ട്രാഫിക് തടസങ്ങള്‍ കേട്ട് കേള്‍വി പോലുമില്ലാത്തതാണ് മിക്ക സൈക്കിള്‍ സൗഹൃദ നഗരങ്ങളും. മഹാനഗരമായ ന്യൂയോര്‍ക്ക് തിരക്ക് പിടിച്ച നഗരമായിട്ടും സൈക്കിള്‍ ജനങ്ങള്‍ കൂടുതല്‍ ഉപയോഗിച്ച് തുടങ്ങിയതോടെ ഗതാഗതക്കുരുക്കുകള്‍ ഇല്ലാതെയായിരിക്കുന്നു. സൈക്കിളിനെ മാന്യതയുടെ പ്രതീകങ്ങളായി കാണുന്ന ഏഷ്യന്‍ രാജ്യങ്ങളാണ് ചൈനയും ജപ്പാനും. ലോകത്ത് ഏറ്റവും കൂടുതല്‍ മോട്ടോര്‍ വാഹനാപകടം നടന്നിരുന്ന രാജ്യങ്ങളായിരുന്നു അടുത്തിടെ വരെ ഇവ.

വിശ്വവിഖ്യാത ശാസ്ത്രജ്ഞന്‍ ഐന്‍സ്റ്റീന് സ്വന്തമായി സൈക്കിളുണ്ടായിരുന്നു. അദ്ദേഹം മിക്കപ്പോഴും സൈക്കിളിലാണ് യാത്ര ചെയ്തിരുന്നത് എന്നാണ് പറയപ്പെടുന്നത്. തന്റെ പല കണ്ടുപിടിത്തങ്ങള്‍ക്കും സൈക്കിള്‍ യാത്ര ഉപകരിച്ചിട്ടുണ്ടെന്ന് ഐന്‍സ്റ്റീന്‍ പറഞ്ഞിട്ടുണ്ട്. വിവിധ പരീക്ഷണങ്ങളില്‍ മുഴുകി തളര്‍ന്നിരിക്കുന്ന അവസരങ്ങളില്‍ സൈക്കിളില്‍ വെറുതേ ചവിട്ടിപ്പോകുമ്പോള്‍ പുതിയ ആശയങ്ങള്‍ തലയില്‍ ഉദിക്കുമത്രേ. സൈക്കിള്‍ യാത്ര ബുദ്ധിയെ പ്രചോദിപ്പിക്കുമെന്ന് പല വൈദ്യശാസ്ത്രകാരന്മാരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

എല്ലാ കാലാവസ്ഥയിലും സന്ദര്‍ഭങ്ങളിലും അനുയോജ്യമാവില്ലെങ്കിലും ജീവിതത്തില്‍ സൈക്കിളുമായുള്ള ബന്ധം നിലനിര്‍ത്തുന്നത് ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമൊക്കെ ഏറെ പ്രയോജനപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല.

Related Articles

Back to top button
error: Content is protected !!