ഖത്തറില്‍ തിരിച്ചെത്തുന്നവരുടെ ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ ആശയകുഴപ്പം നിലനില്‍ക്കുന്നു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : കോവിഡ് കൂടിയ രാജ്യങ്ങളില്‍ നിന്നും ഖത്തറില്‍ തിരിച്ചെത്തുന്നവര്‍ക്കുള്ള ആര്‍.ടി.പി.സി.ആര്‍ സംബന്ധിച്ച വ്യാപകമായ ആശയകുഴപ്പം നിലനില്‍ക്കുന്നു. നേരത്തെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ തിരിച്ചെത്തുന്ന സമയത്ത് എയര്‍പോര്‍ട്ടില്‍ വെച്ച് നടത്തിയിരുന്ന പരിശോധന പിന്നീട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായ വിവരം ലഭിച്ചിരുന്നെങ്കിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പലര്‍ക്കും ഇത് സംബന്ധിച്ച് ധാരണയില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്.
കഴിഞ്ഞ ദിവസം ദോഹയിലെത്തിയ കുറെ യാത്രക്കാര്‍ക്ക് പാസ്‌പോര്‍ട്ടില്‍ 36 മണിക്കൂറിനകം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ആര്‍.ടി.പി.സി.ആര്‍ നടത്തണമെന്ന നിര്‍ദേശം ലഭിച്ചിരുന്നു. പലയാളുകളുടെയും പാസ്‌പോര്‍ട്ടില്‍ സ്റ്റിക്കറുകളുണ്ടാവുകയോ അവര്‍ക്ക് എന്തെങ്കിലും നിര്‍ദേശം ലഭിക്കുകയോ ചെയ്തില്ല.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആര്‍.ടി.പി.സി.ആറിനെത്തിയ പലര്‍ക്കും അവര്‍ക്ക് അതിനെക്കുറിച്ച് ധാരണയില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയാണുണ്ടായതെന്ന് ചില യാത്രക്കാര്‍ ഇന്റര്‍നാഷണല്‍ മലയാളിയോട് പറഞ്ഞു.