
തുര്‍ക്കിയുടെ ചരിത്രപഥങ്ങളിലൂടെ – ഭാഗം 2
ഡോ. അമാനുല്ല വടക്കാങ്ങര : –
മാര്‍മറസ് കടലും കരിങ്കടലും സംഗമിക്കുന്ന ബോസ്ഫറസ് പാലവും രണ്ട് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന കാഴ്ചകളും സന്ദര്‍ശകരെ കൊതിപ്പിക്കുമ്പോള്‍ തുര്‍ക്കിയിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്ന് ആഡംബര നൗകകളിലും ബോട്ടുകളിലുമുള്ള യാത്രകള്‍ തന്നെയാകും. വിവിധ വലുപ്പത്തിലും ശേഷിയിലുമുള്ള നൂറ് കണക്കിന് ഫെറികളും ക്രൂയിസുകളുമൊക്കെയാണ് ഒരേ സമയം മര്‍മറസ് കടലിനെ ഇളക്കി മറിച്ചുകൊണ്ടിരിക്കുന്നത്.
തുര്‍ക്കിയില്‍ ഇപ്പോഴും വേനല്‍ കാലമാണെങ്കിലും ചൂടോ തണുപ്പോ ഇല്ലാത്ത വളരെ മനോഹരമായ കാലാവസ്ഥ യാത്രക്ക് മാറ്റു കൂട്ടി. എത്ര നടന്നാലും വിയര്‍ക്കുകയോ ക്ഷീണം തോന്നുകയോ ചെയ്യാത്തത് എല്ലാവരേയും ആവേശ ഭരിതരാക്കി. ഞങ്ങളെ സ്വീകരിച്ച ചാറ്റല്‍ മഴ മനസിനും ശരീരത്തിനും അനുഭൂതി സമ്മാനിക്കുന്നതായിരുന്നു.
ലോകം കോവിഡ് ഭീതിയിലാണെങ്കിലും തുര്‍ക്കിയില്‍ അത്തരത്തിലുള്ള ബേജാറിന്റെ ഒരന്തരീക്ഷവും കാണാനായില്ല. മാസ്‌ക് ധരിച്ചവരും ധരിക്കാത്തവരുമൊക്കെ സ്വതന്ത്രമായി ഇടപഴകുന്നതാണ് മിക്ക കേന്ദ്രങ്ങളിലും കാണാനായത്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട മൊബൈല്‍ ആപ്പുകളോ മറ്റു സംവിധാനങ്ങളോ കണിശമല്ലെങ്കിലും രാജ്യത്ത് കോവിഡ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നാണ് സ്വദേശികളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.
പുകവലിയാണ് തുര്‍ക്കി സന്ദര്‍ശകരുടെ ഏറ്റവും വലിയ ശാപമെന്നു തോന്നുന്നു. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ വ്യാപകമായ തോതില്‍ പുകവലിക്കുന്നത് വലിക്കാത്തവര്‍ക്ക് വല്ലാത്ത അരോചകമാകും.
ഗതാഗത രംഗത്ത് നൂതന പരിഷ്‌കാരങ്ങളാണ് തുര്‍ക്കി നടപ്പാക്കിയിട്ടുള്ളത്. വലിയ ബസുകള്‍ക്ക് പ്രത്യേകമായ ഡെഡിക്കേറ്റഡ് പാതകളും വിപുലമായ ട്രാം സൗകര്യങ്ങളും ഇവിടെയുണ്ട്. പടുകൂറ്റന്‍ പാലങ്ങളും അണ്ടര്‍ പാസുകളും തുരങ്കങ്ങളുമൊക്കെയുണ്ടെങ്കിലും ചില സമയങ്ങളില്‍ ഇസ്തംബൂള്‍ വാഹനങ്ങളാല്‍ വീര്‍പ്പുമുട്ടും. ഗതാഗതക്കുരുക്കഴിക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവന്നേക്കുന്ന പല സന്ദര്‍ഭങ്ങളുമുണ്ടാവാറുണ്ടെന്ന് ഗൈഡ് പറഞ്ഞു. ആഴക്കടലിനടിയിലൂടെയുള്ള 6 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ പണിത ഒറേഷ്യ ടണല്‍ ആദ്യമായി ഇസ്തംബൂളിലെത്തുന്നവര്‍ക്ക് അല്‍ഭുതകരമായ കാഴ്ചയാകും.
ബര്‍സ സിറ്റിയിലേക്കായിരുന്നു രണ്ടാം ദിവസത്തെ ഞങ്ങളുടെ യാത്ര. മര്‍മറസ് കടലിലൂടെ വാഹനമടക്കം കടന്നുപോകാവുന്ന ഫെറിയിലാണ് യാത്ര തുടങ്ങിയത്. 45 മിനിറ്റ് നേരത്തെ കടല്‍ യാത്രക്ക് ശേഷം ഞങ്ങള്‍ കരയണഞ്ഞു. വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ ഒരു വലിയ നഗരമാണ് ബര്‍സ, മര്‍മര കടലിനടുത്തുള്ള ഏകദേശം 2500 മീറ്റര്‍ ഉയരമുള്ള ഉലുഡാക്ക് പര്‍വതത്തിന്റെ താഴ്വരയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഓട്ടോമന്‍ സാമ്രാജ്യത്തിലെ
പുരാതന പള്ളികള്‍ക്കും ചരിത്രപരമായ സ്ഥലങ്ങള്‍ക്കും പ്രസിദ്ധമായ ഈ നഗരം നിരവധി പാര്‍ക്കുകളാലും ചരിത്ര സ്മാരകങ്ങളാലും ധന്യമാണ്. തിങ്ങി നിറഞ്ഞുനില്‍ക്കുന്ന മരങ്ങളും പരന്നുകിടക്കുന്ന മലമടക്കുകളും കാരണം ‘യെസില്‍ ബര്‍സ’ (ഗ്രീന്‍ ബര്‍സ) എന്നും അറിയപ്പെടാറുണ്ട്. പതിനാലാം നൂറ്റാണ്ടിലെ സെല്‍ജുക്ക് ശൈലിയിലുള്ള കമാനങ്ങളും 20 താഴികക്കുടങ്ങളുമുള്ള ഉലു കാമി (ഗ്രേറ്റ് മോസ്‌ക്) ബര്‍സയിലെ പ്രധാനപ്പെട്ട പള്ളിയാണ്.
പള്ളിയോട് ചേര്‍ന്ന് കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന മാര്‍ക്കറ്റാണ്. തുണിത്തരങ്ങള്‍ ഇലക്ട്രോണിക് സാധനങ്ങള്‍, ലെതര്‍ ഉല്‍പന്നങ്ങള്‍, സുഗന്ധ ദ്രവ്യങ്ങള്‍, ഭക്ഷണ സാധനങ്ങള്‍, പഴം, പച്ചക്കറി തുടങ്ങി നിത്യോപയോഗ സാധനങ്ങളും ആഡംബര വസ്തുക്കളുമൊക്കെ മിതമായ വിലയില്‍ വാങ്ങാന്‍ പറ്റിയ മാര്‍ക്കറ്റാണിത്. ഈ മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങണമെങ്കില്‍ നല്ല ബാര്‍ഗൈനിംഗ് അറിഞ്ഞിരിക്കണം.
യൂറോപ്യന്‍ സംസ്‌കാരം വാരിപ്പുണര്‍ന്നതുകൊണ്ടാകാം ടോയ്‌ലെറ്റുകളിലൊന്നും മലമൂത്രവിസര്‍ജനശേഷം കഴുകുവാനുള്ള സൗകര്യമില്ലാത്തത് ഏഷ്യയില്‍ നിന്നും വരുന്നവര്‍ക്ക് പ്രയാസം സൃഷ്ടിക്കും. ടിഷ്യൂ സംസ്‌കാരമാണ് ഹോട്ടലുകളിലും പുറത്തുമൊക്കെ പ്രചാരമുള്ളത്. പള്ളികളോട് ചേര്‍ന്ന വാഷ് റൂമുകളില്‍പോലും വെള്ളമില്ലാത്തത് വിചിത്രമായി തോന്നി.
ബര്‍സയിലെ ഏറ്റവും വലിയ ആകര്‍ഷണം ബര്‍സ ടെലിഫറിക് എന്നറിയപ്പെടുന്ന കേബിള്‍ കാറാണ്. സമുദ്ര നിരപ്പിലില്‍ നിന്നും ഏകദേശം 2500 മീറ്റര്‍ ഉയരമുള്ള ഉലുഡാക്ക് പര്‍വതത്തിലേക്കുളള പത്തു കിലോമീറ്ററോളം ദൈര്‍ഘ്യമുളള കേബിള്‍ കാര്‍ യാത്ര തുര്‍ക്കിയിലെ ഏറ്റവും അവിസ്മരണീയമായ അനുഭവമാകും. 1963 ല്‍ ആരംഭിച്ച ബര്‍സ കേബിള്‍ കാര്‍ 2014 ല്‍ ബര്‍സ ടെലിഫറിക് എന്ന് പുനര്‍നാമകരണം ചെയ്തതായി ഗൈഡ് വിശദീകരിച്ചു. 144 കാബിനുകളിലായി മണിക്കൂറില്‍ 1500 പേര്‍ക്ക് കേബിള്‍ കാറില്‍ സഞ്ചരിക്കാം. മുകളിലേക്കും താഴേക്കും കാറുകള്‍ നിര്‍ത്താതെ ഓടിക്കൊണ്ടിരിക്കും. 22 മിനിറ്റുകൊണ്ടാണ് ഒരു ഭാഗത്തേക്കുള്ള യാത്ര പൂര്‍ത്തീകരിക്കാനാവുക.
മലമുകളില്‍ ഫോട്ടോഷൂട്ടും പാരമ്പര്യ തുര്‍ക്കി ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളുമൊക്കെ വില്‍ക്കുന്ന കടകളുണ്ട്. ചോളവും ചെസ്‌നെട്ടും ചുട്ടും ഫ്രഷ് പഴവര്‍ഗങ്ങള്‍ വില്‍പന നടത്തിയുമൊക്കെയാണ് മലമുകളില്‍ സന്ദര്‍ശകരെ വരവേല്‍ക്കുന്നത്.
610 വര്‍ഷം പഴക്കമുള്ള പടുകൂറ്റന്‍ സിനാര്‍ മരവും ബര്‍സയില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാറുണ്ട്. ബര്‍സയുടെ മലമുകളിലായി സ്ഥിതി ചെയ്യുന്ന ഈ മരം 37 മീറ്റര്‍ ഉയരവും 10 മീറ്റര്‍ ചുറ്റളവുമുള്ളതാണ്.
പ്രിന്‍സസ് ദ്വീപുകളായിരുന്നു ഞങ്ങളുടെ അടുത്ത ലക്ഷ്യ കേന്ദ്രം. അത്യാധുനിക സൗകര്യമുള്ള യന്ത്രവല്‍കൃത ബോട്ടിലായിരുന്നു യാത്ര. മര്‍മര കടലില്‍ ഇസ്താംബൂളിന് തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന 9 ദ്വീപുകളുടെ സമുച്ഛയമാണ് പ്രിന്‍സസ് ദ്വീപുകള്‍. പ്രധാനമായും കാറുകളില്ലാത്ത ഈ ദ്വീപുകള്‍ കുതിര വണ്ടികള്‍ക്ക് (ഫൈറ്റോണുകള്‍) പേരുകേട്ടതാണ്. ഏറ്റവും വലിയ ദ്വീപായ ബയക്കടയുടെ ഏറ്റവും ഉയര്‍ന്ന ഭാഗത്താണ്, ആറാം നൂറ്റാണ്ടിലെ പുരാതനമായ ഹാഗിയ യോര്‍ഗി പള്ളിയുള്ളത്. വായുമലിനീകരണം ഒഴിവാക്കാനും പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്താനും ഇലക്ട്രിക് കാറുകളും സൈക്കിളുകളും മാത്രമാണ് ഈ ദ്വീപില്‍ ഉപയോഗിക്കുന്നത്. ഓരോ ദ്വീപിലും കുറഞ്ഞ ജനങ്ങളാണ് സ്ഥിരതമാസക്കാരായിട്ടുള്ളത്. നൂറ് ശതമാനവും പരിശുദ്ധമായ വായു ശ്വസിക്കാമെന്നതിനാല്‍ ഈ ദ്വീപുകളില്‍ സമയം ചിലവഴിക്കുവാന്‍ നിരവധി പേരെത്താറുണ്ട്.
തുര്‍ക്കിയിലെ സുപ്രധാനമായ ചില ബിസിനസ് മീറ്റിംഗുകളില്‍ പങ്കെടുത്ത് തിരിച്ചെത്തിയ സൗദിയ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എന്‍.കെ. എം. മുസ്തഫ സാഹിബിന് ടൂറംഗങ്ങളായ ഡോ. ഹംസ, ഡോ. അബ്ദുറഹിമാന്‍, ഡോ. കരീം എന്നിവര്‍ ചേര്‍ന്നൊരുക്കിയ സ്വീകരണവും ബൊക്കെ സമര്‍പ്പണവും ടൂറിലെ വേറിട്ട അനുഭവമായി.
ക്രൂയിസിലെ രാത്രി യാത്രയും ഡിന്നറുമായിരുന്നു രണ്ടാം ദിവസത്തെ പ്രധാനപ്പെട്ട മറ്റൊരാകര്‍ഷണം. പരമ്പരാഗത തുര്‍ക്കി ഭക്ഷണങ്ങളും വൈവിധ്യ നിരങ്ങളിലുള്ള ലൈറ്റുകളുമൊക്കെ ക്രൂയിസിനെ മനോഹരമാക്കി. പഞ്ചനക്ഷത്ര സൗകര്യങ്ങളും സംവിധാനങ്ങളുമാണ്ക്രൂയിസുകളിലൊരുക്കിയിരുന്നത്. രാത്രി 8 മണിയോടെ പാട്ടും ഡാന്‍സുമായി സജീവമാകുന്ന നിരവധി ക്രൂയിസുകളാണ് ടൂറിസ്റ്റുകള്‍ക്കായി നിത്യവും അണിഞ്ഞൊരുങ്ങുന്നത്. ക്രൂയിസിലെത്തിയ ഞങ്ങള്‍ക്ക് ഊഷ്മളമായ വരവേല്‍പാണ് ലഭിച്ചത്. വിവിധതരം ജ്യൂസുകളും മറ്റു സോഫ്റ്റ് ഡ്രിംഗ്‌സും രുചികരമായ സ്റ്റാര്‍ട്ടേര്‍സും ആതിഥ്യത്തിന്റെ ഔന്നിത്യം പ്രകടമാക്കുന്നതായിരുന്നു. രാത്രി 9 മണിയോടെ ക്രൂയിസ് മെല്ലെ ചലിക്കാന്‍ തുടങ്ങി. കര വിട്ടതോടെ റോക്ക് സംഗീതത്തിന്റെ അലയൊലികള്‍ മര്‍മറസ് കടലിനൊപ്പം സഞ്ചരിക്കാന്‍ തുടങ്ങി.
രണ്ട് നിലകളിലായാണ് ജനങ്ങള്‍ അണി നിരന്നത്. 36 രാജ്യക്കാരായി നൂറ് കണക്കിനാളുകള്‍. ഓരോ രാജ്യക്കാരേയയും തിരിച്ചറിയുന്നതിനായി അവരുടെ പതാക ടേബിളില്‍ സ്ഥാപിച്ചിരുന്നു. ഓരോ രാജ്യക്കാരേയും അവരുടെ രാജ്യത്തെ പ്രശസ്തമായ സംഗീതത്തിന്റെ അകമ്പടിയേടെയാണ് വരവേറ്റത്. വിവിധ കൊടികളും നിറവും ഭാഷയുമൊക്കെയാണെങ്കിലും മാനരാശിയൊന്നാണെന്നും സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും വികാരങ്ങള്‍ക്കാണ് ലോകത്ത് പ്രാധാന്യമുള്ളതെന്നും ഓര്‍മിക്കുന്ന സംഗമമായിരുന്ന ക്രൂയിസില്‍ നടന്നത്. വൈവിധ്യങ്ങളുടെ സൗന്ദര്യത്തോടൊപ്പം ഏകമാനവികതയുടെ മഹത്തായ സന്ദേശവും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യവും അടയാളപ്പെടുത്തിയ മാസ്റ്റര്‍ ഓഫ് ദ സെറിമണി ഭൂമിയുടെ ജൈവവൈവിധ്യവും ഹരിതാഭ ഭംഗിയും ആസ്വദിക്കുന്നതോടൊപ്പം സംരക്ഷിക്കാനും ആഹ്വാനം ചെയ്തു.
പരമ്പരാഗത സൂഫി സംഗീതത്തോടെയാണ് കലാപരിപാടികള്‍ തുടങ്ങിയത്. ജലാലുദ്ധീന്‍ റൂമിയുടേയും ശംസ് തബ്രീസിന്റേയും ചരിത്രസ്മൃതികള്‍ അയവിറക്കിയ സൂഫി സംഗീതം സൃഷ്ടിച്ച മായാവലയങ്ങളെ ഭേദിച്ചെത്തിയ തുര്‍ക്കി ഫോക് ഡാന്‍സുകളും പരമ്പരാഗത പരിപാടികളും ഏവരേയും കയ്യിലെടുത്തു. സംഗീതവും നൃത്തവും ഇരുനിലകളിലായി സ്ഥലം പിടിച്ച ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറ് കണക്കിനാളുകളെ ഹരം പിടിപ്പിച്ചപ്പോഴാണ് അറബി സംഗീതത്തിന്റെ ഈരടികളുമായി ബെല്ലി ഡാന്‍സര്‍ തകര്‍ത്താടിയത്. ക്രൂയിസിലെ മുഴുവനാളുകളേയും പരിഗണിച്ചും ആനന്ദിപ്പിച്ചും അവിസ്മരണീയമായ അനുഭവം സമ്മാനിച്ചാണ് ബെല്ലി ഡാന്‍സര്‍ വേദി കാലിയാക്കിയത്.
രാത്രി 12 മണിയോടെ ക്രൂയിസ് യാത്ര അവസാനിച്ച് കരക്കണഞ്ഞപ്പോള്‍ കണ്ട ജനസമുദ്രം കോവിഡാനന്തര ലോകത്തിന്റെ പ്രതീക്ഷകള്‍ നല്‍കുന്നതായിരുന്നു. ഒന്നര വര്‍ഷത്തിലധികമായി വീടകങ്ങളില്‍ ഒതുങ്ങിക്കൂടിയിരുന്നവര്‍ സഞ്ചാരത്തിന്റെ പുതിയ മേഖഖലകള്‍ തേടിയിറങ്ങിയതിന്റെ വൈവിധ്യകാഴ്ചകളാണ് മാര്‍മറസ് കടല്‍കരയിലെ ജനസമുദ്രം സമ്മാനിച്ചത്.
തുടരും