കേരള ബിസിനസ് ഫോറം മീറ്റ് ദി ലെജന്‍ഡ് സീരിസിന് തുടക്കമായി
അഫ്‌സല്‍ കിളയില്‍ : –
ദോഹ : വ്യവസായ രംഗത്തെ പ്രമുഖരുടെ അനുഭവങ്ങള്‍ മനസ്സിലാക്കാനും അവരുമായി സംവദിക്കാനും ഖത്തറിലുള്ള മലയാളി സംരംഭകര്‍ക്ക് അവസരമൊരുക്കുന്നതിന്റെ ഭാഗമായി കേരളം ബിസിനസ് ഫോറം സംഘടിപ്പിച്ച ‘മീറ്റ് ദി ലെജന്‍ഡ് ‘ സീരീസിന് തുടക്കം കുറിച്ചു. ആദ്യ പരിപാടിയില്‍ പ്രശസ്ത വ്യവസായിയും ജീവ കാരുണ്യ പ്രവര്‍ത്തകനും വി-ഗാര്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ & ഫൗണ്ടറുമായ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു.
1977ല്‍ ആരംഭിച്ച വിഗാര്‍ഡ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളെ പറ്റിയും പിന്നിട്ട വഴികളിലെ അനുഭവങ്ങളെക്കുറിച്ചും വളരെ വിശദമായി സംവദിച്ചു. ഈ പ്രതിസന്ധി ഘട്ടവും ബിസിനസ് ലോകം തരണം ചെയ്യുമെന്നും ഓരോ പ്രതിസന്ധിയും തരണം ചെയ്യുന്നതിനാവശ്യമായ നൈപുണ്യവും കഴിവുകളും ആര്‍ജ്ജിക്കേണ്ടതിന്റെ പ്രാധാന്യം ഓരോ സംരംഭകരും മനസിലാകേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നി പറഞ്ഞു.
ഐ ബി പി സി പ്രസിഡന്റ് ജാഫര്‍ സാദിഖ്, ഐ സി ബി എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍, ഐ സി സി മുന്‍ പ്രസിഡന്റും ഐ ബി പി സി ഗവേര്‍ണിംഗ് ബോഡി മെമ്പറുമായ എ.പി മണികണ്ഠന്‍, ഐബിപിസി വൈസ് പ്രസിഡന്റ് ലതീഷ് പട്ടാലി, താഹ മുഹമ്മദ് എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
കെ ബി ഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷത വഹിച്ച മീറ്റിംഗില്‍, ജനറല്‍ സെക്രട്ടറി നിഹാദ് അലി സ്വാഗതവും ട്രഷറര്‍ ഗിരീഷ് പിള്ള നന്ദിയും പറഞ്ഞു. കെ ബി ഫ് ഫൗണ്ടര്‍ ജനറല്‍ സെക്രട്ടറിയും ഇവന്റ് കോര്‍ഡിനേറ്ററുമായ വര്‍ഗീസ് വര്‍ഗീസ് സംവാദത്തിന്റെ മോഡറേറ്ററായിരുന്നു. കേരളത്തിലെ പ്രമുഖ സംരഭകരെയും, ഭരണ രംഗത്തെ പ്രമുഖരെയും ഉള്‍പ്പെടുത്തി കൃത്യമായ ഇടവേളകളില്‍ മീറ്റ് ദി ലെജന്‍ഡ് എന്ന സീരിസിന്റെ തുടര്‍ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കേരള ബിസിനസ് ഫോറം പ്രസിഡണ്ട് സി.എ ഷാനവാസ് ബാവ പറഞ്ഞു.