ഒക്ടോബര്‍ 4 മുതല്‍ 7 വരെ ദോഹ എക്സിബിഷന് ആന്റ് കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന പ്രൊജക്ട് ഖത്തറില്‍ 50 ലേറെ അന്താരാഷ്ട്ര എക്സിബിറ്റര്‍മാര്‍ പങ്കെടുക്കും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഒക്ടോബര്‍ 4 മുതല്‍ 7 വരെ ദോഹ എക്സിബിഷന് ആന്റ് കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന പ്രൊജക്ട് ഖത്തറില്‍ പത്തിലേറെ രാജ്യങ്ങളില്‍ നിന്നായി 50 ലേറെ അന്താരാഷ്ട്ര എക്സിബിറ്റര്‍മാര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഗള്ഫ്് മേഖലയിലെ നിര്‍മ്മാണ സാമഗ്രികളുടേയും ഉപകരണങ്ങളുടേയും ഏറ്റവും വലിയ പ്രദര്‍ശന മേളയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രൊജക്ട് ഖത്തര്‍ 2021 പ്രമുഖ ഈവന്റ് ഓര്‍ഗനൈസര്‍മാരായ ഐ. എഫ്. പി ഖത്തറാണ് സംഘടിപ്പിക്കുന്നത്.
ഖത്തറിലെ നിക്ഷേപകര്‍ക്കും വിതരണക്കാര്‍ക്കും പ്രധാന ഉടമകള്‍ക്കും വാങ്ങുന്നവര്ക്കുമിടയിലെ തടസ്സങ്ങള്‍ നീക്കി ചലനാത്മക കെട്ടിട വ്യവസായത്തിന് ഉറച്ച നിക്ഷേപങ്ങളും അതിഭീമമായ വ്യാപാര ശേഷിയും നല്കുന്ന മേളയാകും പ്രൊജക്റ്റ് ഖത്തര്‍ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇന്റര്‍നാഷണല്‍ കണ്‍സ്ട്രക്ഷന്‍ ടെക്നോളജി ആന്‍ഡ് ബില്‍ഡിംഗ് മെറ്റീരിയല്‍സ് എക്സിബിഷനും വിവിധ വിഷയങ്ങളിലുള്ള ചര്‍ച്ചകളും പ്രൊജക്ട് ഖത്തറിനെ വ്യതിരിക്തമാക്കും. ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍, ഇലക്ട്രോണിക്സ് , ഇലക്ട്രിക്കല്‍ ഗുഡ്സ്, പവര്‍ , റിന്യൂവബിള്‍ എനര്‍ജി വ്യവസായങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. വിപണിയില്‍ ലഭ്യമായ ഏറ്റവും പുതിയ സാങ്കേതികവിദ്യയും അത്യാധുനിക ഉപകരണങ്ങളും അന്വേഷിക്കുന്നവര്‍ക്ക് മേള ഏറെ പ്രയോജനപ്പെടും.