മലയാളി സമാജത്തിന്റെ പൊന്നോണം അവിസ്മരണീയമായി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ മലയാളി കൂട്ടായ്മയായ മലയാളി സമാജം, റേഡിയോ മലയാളം 98.6 എഫ് എമ്മും ഡി എം ഇമ്മിഗ്രേഷന്‍ കണ്‍സള്‍ട്ട്ന്റ്‌സുമായി ചേര്‍ന്ന് സംഘടിപ്പിച്ച പൊന്നോണം 2021 പരിപാടിയുടെ വൈവിധ്യത്താലും സംഘാടക മികവിലും അവിസ്മരണീയമായി .
കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഐ സി സി അശോക ഹാളിലാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്. ഐ സി സി പ്രസിഡന്റ് പി. എന്‍ ബാബുരാജന്‍, , മുന്‍ ഐ സി സി പ്രസിഡന്റ് എ.പി മണികണ്ഠന്‍, മുന്‍ ഐ സി സി ഹെഡ് ഓഫ് പ്രിമൈസെസ്, അഡ്വ. ജാഫര്‍ ഖാന്‍ കേച്ചേരി, റേഡിയോ മലയാളം 98.6 എഫ്. എം. മാര്‍ക്കറ്റിംഗ് ഹെഡ് നൗഫല്‍, ഡിഎം കണ്‍സള്‍ട്ടന്റ് കണ്‍ട്രി ഹെഡ് റോണല്‍, വിവിന്‍ ശര്‍മ, മലയാളി സമാജം പ്രസിഡന്റ് ആനന്ദ് നായര്‍, സെക്രട്ടറി പ്രേംജിത് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു.
സമാജം പ്രസിഡന്റ് ആനന്ദ് നായര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ട്രഷറര്‍ വീണ ബിധു, ചെയര്‍ പേഴ്‌സണ്‍ ലത ആനന്ദ് നായര്‍, ഓണം 2021 കണ്‍വീനര്‍ റിയാസ് അഹമ്മദ്, റേഡിയോ ആര്‍ ജെ മാരായ രതീഷ്, ജിബിന്‍, വിശിഷ്ടാഥിതികള്‍ എന്നിവര്‍ സംസാരിച്ചു.
ഹിബ ഷംനയുടെ ഓണപാട്ടോടെയാണ് കലാപരിപാടികളില്‍ ആരംഭിച്ചത്. കലാകൈരളി ടീമിന്റെ തിരുവാതിരയും, റിഥമിക് ഈഗിള്‍സിന്റെ ഫ്യൂഷന്‍ ഡാന്‍സും, വസന്തന്‍ പൊന്നാനി- നജീബ് കീഴരിയൂര്‍ ടീമിന്റെ മിമിക്രയും, നവമി സുരേഷ് ടീമിന്റെ നാടന്‍ പാട്ടും അരങ്ങേറി. ഫൈസല്‍ പുളിക്കലായിരുന്നു ആഘോഷത്തിലെ മാവേലി.
കാവേരിയും നയനേന്തുവും ചേര്‍ന്ന് അവതരിപ്പിച്ച സ്വാതിതിരുനാള്‍ കൃതിയുടെ നൃത്താവിഷ്‌കാരവും, കുട്ടികളുടെ വിവിധ നൃത്തങ്ങളും, സമാജം അംഗങ്ങളായ ബിനു, സുധീഷ്, ചെറിയാന്‍, വിവിന്‍ തുടങ്ങിയവര്‍ ഗാനങ്ങളും പരിപാടിയെ മികവുറ്റതാക്കി. ഖത്തറിലെ പ്രശസ്ത അവതാരകാരായ അരുണ്‍ പിള്ളയും, മഞ്ജു മനോജും ചേര്‍ന്നാണ് പരിപാടികള്‍ നിയന്ത്രിച്ചത്.
കോവിഡ് മൂലം വീടിനുള്ളിലേക്ക് ഒതുങ്ങിയിരുന്ന എല്ലാവര്‍ക്കും ഒരു പുത്തനുണര്‍വാണ് സമാജം ഓണാഘോഷം നല്‍കിയത്. വന്‍ ആവേശത്തോടെയാണ് അംഗങ്ങള്‍ ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്തത്. സമാജം അംഗങ്ങള്‍ തന്നെ പാചകം ചെയ്ത ഓണസദ്യ 1000 ഗാര്‍ഹിക തോഴിലാളികള്‍ക്ക് വിതരണം ചെയ്തുവെന്നതായിരുന്നു സമാജം ഓണാഘോഷത്തെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. രാവിലെ 9 മണിക്ക് ആരംഭിച്ച് 12 മണിക്കുള്ളില്‍ വിതരണം അവസാനിപ്പിച്ച സമാജം പ്രവര്‍ത്തകര്‍ ഏവരുടേയും പ്രശംസ പിടിച്ചുപറ്റി
ഓണാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 24 ന് ബര്‍വാ വില്ലേജിലെ വേമ്പനാട് റെസ്റ്ററന്റില്‍ വെച്ച് സംഘടിപ്പിച്ച പായസ മത്സരത്തില്‍ രാജീവ് ആനന്ദ് ഒന്നാം സ്ഥാനവും, ദാസ് – വിഷ്ണു കൂട്ടുകെട്ട് രണ്ടാം സ്ഥാനവും, ഷീബ ചെറിയാന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.വിജയികള്‍ക്കുള്ള സമ്മാനദാനം വിധികര്‍ത്താക്കളായിരുന്ന നസീഹ മജീദും, ജിഷ്മ ഷാഹുലും ചേര്‍ന്ന് സമ്മാനിച്ചു.