കാഫ് സൂപ്പര്‍ കപ്പ് അല്‍ അഹ് ലി നിലനിര്‍ത്തി
റഷാദ് മുബാറക്
ദോഹ. ദോഹയില്‍ നടന്ന കോണ്‍ഫെഡറേഷന്‍ ഓഫ് ആഫ്രിക്കന്‍ ഫുട്‌ബോള്‍ (കഫ്) സൂപ്പര്‍ കപ്പിന്റെ വാശിയേറിയ ഫൈനല്‍ മല്‍സരത്തില്‍ രാജാ കാസബ്ലാങ്കയെ പെനാല്‍റ്റിയില്‍ തോല്‍പ്പിച്ച് അല്‍ അഹ് ലി ട്രോഫി നിലനിര്‍ത്തി. ഇത് എട്ടാം തവണയാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ആഫ്രിക്കന്‍ ഫുട്‌ബോള്‍ (കഫ്) സൂപ്പര്‍ കപ്പില്‍ അല്‍ അഹ് ലി മുത്തമിടുന്നത്.
അഹ് മദ് ബിന്‍ അലി സ്റ്റേഡിയത്തിലെ നിറഞ്ഞ കാല്‍പന്തുകളിയാരാധകരെ ആവേശത്തിലാക്കി കളിയുടെ തുടക്കം മുതല്‍ തന്നെ ഇരു ടീമുകളും പൊരുതി കളിച്ചതിനാല്‍ കളിയുടെ സമയം അവസാനിച്ചപ്പോള്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടി സമനിലയിലായതിനെ തുടര്‍ന്നാണ് പെനാല്‍ട്ടിയിലേക്ക് കടന്നത്.
ഇരുടീമുകളും അവരുടെ ആദ്യ അഞ്ച് ശ്രമങ്ങള്‍ വലയിലാക്കിയതിന് ശേഷം ഉയര്‍ന്ന നിലവാരമുള്ള ഷൂട്ട്-ഔട്ട് സഡന്‍ ഡെത്തിലേക്ക് നീങ്ങുകയായിരുന്നു
പക്ഷേ, രാജ ഡിഫന്‍ഡര്‍ അബ്ദുലീല മദ്കൂര്‍ ക്രോസ്ബാറിന് മുകളിലൂടെ അടിച്ചതോടെ സ്‌കോര്‍ 6-5 എന്ന നിലയില്‍, അല്‍ അഹ്ലിക്ക് കിരീടം നേടാന്‍ അവസരമൊരുങ്ങി
പത്താം തവണയും ആഫ്രിക്കന്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം ഉയര്‍ത്തിയാണ് ഈജിപ്ഷ്യന്‍ വമ്പന്മാരായ അല്‍ അഹ് ലി ദോഹയില്‍ ഫൈനലില്‍ എത്തിയത്.