ബൂസ്റ്റര്‍ ഡോസെടുത്തവരും കോവിഡ് ഭേദമായവരുമടക്കം എല്ലാ വിദ്യാര്‍ഥികളും പ്രതിവാര ആന്റിജന്‍ ടെസ്റ്റ് നടത്തണം
അമാനുല്ല വടക്കാങ്ങര
ദോഹ: ജനുവരി 30 ന് സ്‌കൂളുകളില്‍ നേരിട്ടുള്ള ക്‌ളാസുകള്‍ ആരംഭിക്കുമ്പോള്‍ ബൂസ്റ്റര്‍ ഡോസെടുത്തവരും കോവിഡ് ഭേദമായവരുമടക്കം എല്ലാ വിദ്യാര്‍ഥികളും പ്രതിവാര ആന്റിജന്‍ ടെസ്റ്റ് നടത്തണമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
ഗവണ്‍മെന്റ് സ്‌കൂളുകളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും രണ്ട് ടെസ്റ്റ് കിറ്റുകള്‍ നല്‍കുമെന്നും ആരോഗ്യ മന്ത്രാലയം ഈ സ്‌കൂളുകള്‍ക്ക് 150,000 ഉപകരണങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ മുഹമ്മദ് അല്‍ മറാഗി അല്‍-മരാഗി സ്ഥിരീകരിച്ചു. എന്നാല്‍ പ്രൈവറ്റ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ടെസ്റ്റിംഗ് കിറ്റുകള്‍ സ്വന്തമായി വാങ്ങേണ്ടിവരും.
വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രതിവാര ആന്റിജന്‍ ടെസ്റ്റ് രണ്ടാഴ്ചത്തേക്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നതെന്നും അതിനുശേഷം സ്ഥിതിഗതികള്‍ നിരീക്ഷിച്ച് അതിനനുസരിച്ച് പുതിയ നടപടികള്‍ കൈക്കൊള്ളുമെന്നും വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.