അല്‍ ഖീസ ഇന്റര്‍ചേഞ്ചിലെ പാലം നാളെ അര്‍ദ്ധരാത്രി മുതല്‍ ആറ് മാസത്തേക്ക് അടക്കും
അമാനുല്ല വടക്കാങ്ങര
ദോഹ: അല്‍ ഖീസ റൗണ്ട്എബൗട്ടില്‍ നിന്ന് അല്‍ ഷമാല്‍ റോഡിലേക്കുള്ള (അല്‍ ഖീസ ഇന്റര്‍ചേഞ്ച്) അല്‍ ഖീസ ഇന്റര്‍ചേഞ്ചിലെ ഒരു ദിശയിലുള്ള പാലം നാളെ അര്‍ദ്ധരാത്രി മുതല്‍ ആറ് മാസത്തേക്ക് അടക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അശ്ഗാല്‍) അറിയിച്ചു.
ട്രാഫിക്ക് വകുപ്പുമായി സഹകരിച്ചാണിതെന്നും ഖര്‍ഥിത്തിയാത്തിലും ഇസ്ഗാവയിലും (പാക്കേജ് 3) റോഡ്സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതിയുടെ ഭാഗമായ അടിസ്ഥാന സൗകര്യ വികസനം പൂര്‍ത്തിയാക്കാനാണ് പാലം അടക്കുന്നതെന്നും അശ് ഗാല്‍ വിശദീകരിച്ചു.
അടച്ചുപൂട്ടല്‍ കാലയളവില്‍, അല്‍ ഖീസ റൗണ്ട് എബൗട്ടിലേക്ക് പോകുന്ന റോഡ് ഉപയോക്താക്കള്‍ക്ക് അല്‍ ഖര്‍ഥിയാത്ത് സ്ട്രീറ്റ് ഉപയോഗിച്ച് കെന്റക്കി റൗണ്ട് എബൗട്ടില്‍ എത്തിച്ചേരാം. തുടര്‍ന്ന്, സുഹൈല്‍ ബിന്‍ നാസര്‍ അല്‍ അത്തിയ സ്ട്രീറ്റിലേക്ക് ഇടത്തേക്ക് തിരിഞ്ഞ് ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ജംഗ്ഷനില്‍ എത്താം.
ദോഹ ഭാഗത്തേക്കുള്ള റോഡ് ഉപയോക്താക്കള്‍ അല്‍ ഷമാല്‍ റോഡിന്റെ സര്‍വീസ് റോഡ് ഉപയോഗിക്കണം. അല്‍ റുവൈസിലേക്കോ മറ്റ് വടക്കന്‍ മേഖലകളിലേക്കോ പോകുന്നവരെ സംബന്ധിച്ചിടത്തോളം, അവര്‍ ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ജാസിം ബിന്‍ മുഹമ്മദ് സ്ട്രീറ്റില്‍ തുടരണം, തുടര്‍ന്ന് അറ്റാച്ച് ചെയ്ത മാപ്പില്‍ കാണിച്ചിരിക്കുന്നതുപോലെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലെത്താന്‍ അല്‍ ഖീസ ഇന്റര്‍സെക്ഷന്‍ ഉപയോഗിക്കാം.
ഈ അടച്ചുപൂട്ടല്‍ സമയത്ത് റോഡ് ഉപയോക്താക്കള്‍ക്ക് വഴികാട്ടുന്നതിനായി അശ്ഗാല്‍ റോഡ് സൈനുകള്‍ സ്ഥാപിക്കും. വാഹനമോടിക്കുന്നവര്‍ തങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേഗത പരിധി പാലിക്കണം.