Uncategorized

വാലന്റൈന്‍സ് ദിനത്തില്‍ പ്രവാസി എഴുത്തുകാരി ജാസ്മിന്‍ സമീറിന്റെ കാത്തുവെച്ച പ്രണയമൊഴികള്‍ എന്ന കവിതാസമാഹാരത്തിന്റെ ഒരു പുനര്‍വായന

ഡോ. അമാനുല്ല വടക്കാങ്ങര

പ്രണയത്തിന്റെ മാസമായാണ് ഫെബ്രുവരി അറിയപ്പെടുന്നത്. നാം ജീവിക്കുന്ന ലോകത്ത് അര്‍ഥമുള്ളതും അര്‍ഥമില്ലാത്തതുമായ നിരവധി ആഘോഷങ്ങളുണ്ടെങ്കിലും തിരക്കുപിടിച്ചോടുന്ന സമകാലിക ലോകത്ത് പ്രണയത്തിനായി നീക്കിവെക്കുന്ന ദിനങ്ങള്‍ പല സുപ്രധാന സന്ദേശങ്ങളും നമ്മെ ഉദ്‌ബോധിപ്പിക്കുന്നുണ്ട്. ആചാരങ്ങള്‍ക്കും ഐതിഹ്യങ്ങള്‍ക്കുമപ്പുറം ആത്മാര്‍ഥ സ്‌നേഹത്തിന്റെ പ്രസക്തി അടയാളപ്പെടുത്തുന്നുവെന്നതാണ് അതിലേറ്റവും പ്രധാനപ്പെട്ടത്.


ഷാര്‍ജ ഇന്ത്യന്‍ സ്‌ക്കൂള്‍ അധ്യാപികയും എഴുത്തുകാരിയുമായ ജാസ്മിന്‍ സമീറിന്റെ കാത്തുവെച്ച പ്രണയമൊഴികള്‍ എന്ന കവിതാസമാഹാരമാണ് പ്രണയവുമായി ബന്ധപ്പെട്ട ചില കാര്യങ്ങല്‍ ഇപ്പോള്‍ ഓര്‍മിപ്പിച്ചത്. സര്‍ഗസഞ്ചാരത്തിന്റെ വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന ജാസ്മിന്‍ തന്റെ പേര് അന്വര്‍ഥമാക്കുന്ന തരത്തില്‍ മുല്ലപ്പൂവിന്റെ പരിമളം വീശുന്ന രചനകളിലൂടെ സഹൃദയ മനസുകളില്‍ ഇടം കണ്ടെത്തിയതോടൊപ്പം പാട്ടെഴുത്തിലും വിജയകരമായ പരീക്ഷണങ്ങള്‍ നടത്തിയാണ് മുന്നേറുന്നത്.

പ്രണയത്തിന് മരണമില്ല. നാം ജീവിക്കുന്നിടത്തോളം കാലം പ്രണയം ജനിച്ചുകൊണ്ടേയിരിക്കും. പലപ്പോഴും എല്ലാ പ്രണയങ്ങളും പറയാനോ പ്രകടിപ്പിക്കാനോ കഴിഞ്ഞെന്ന് വരില്ല. സ്വപ്‌നത്തിലും യാഥാര്‍ഥ്യത്തിലുമൊക്കെ അനുഭവിക്കാനായി കാത്തുവെക്കുന്ന കുറേ പ്രണയങ്ങളാണ് എല്ലാവരുടേയും ജീവിതത്തിലുണ്ടാകുന്നതെന്ന് പരമാര്‍ഥമാണ് ജാസ്മിന്‍ ഈ കവിതകളിലൂടെ പറഞ്ഞുവെക്കുന്നത്. പ്രണയിനികളുടെ മനസിന്റെ സൗന്ദര്യവും ഉന്മാദവുമുമൊക്കെ അനുഭവവേദ്യമാകുന്ന വരികള്‍ പലരേയും കാല്‍പനികതയുടെ അതിരുകളില്ലാത്ത ലോകത്ത് ജീവിതത്തിന്റെ നിറമുള്ള ചില ഏടുകളിലൂടെ സഞ്ചരിപ്പിക്കുന്നതാണ്. പലപ്പോഴായി എഴുതിയ 31 കവിതകളാണ് പുസ്തകത്തിലുള്ളത്. അതിലെ സുഹറയും മജീദും എന്ന കവിത ആല്‍ബമായി പുറത്തിറങ്ങി സംഗീതാസ്വാദരുടെയിടയില്‍ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് . ജാസ്മിന്‍ സമീറിന്റെ രചനയില്‍ ആബിദ് കണ്ണൂര്‍ സംഗീതം നല്‍കി ആലപിച്ച ഈ ഗാനം ഷുക്കൂര്‍ ഉടുമ്പുന്തലയുടെ സംവിധാനത്തില്‍ സകീറും നന്ദനയും മനോഹരമാക്കി ലോജിക് മീഡിയയാണ് സംഗീത ലോകത്തിന് സമ്മാനിച്ചത്.

വൈകാരിക സത്യസന്ധയും രചന വൈഭവും ഭാവ വിശുദ്ധിയും കൊണ്ട് മുന്‍വിധികളെ അവഗണിച്ചും ഹൃദയ സ്വാതന്ത്യം പ്രഖ്യാപിച്ചുമാണ് ജാസ്മിന്‍ സമീര്‍ ഈ പ്രണയ കവിതകള്‍ നെയ്‌തെടുത്തിരിക്കുന്നത്. അനുഭവ സാക്ഷ്യത്തേക്കാള്‍ വലിയൊരു ഉണ്മ കവിതയ്ക്ക് വേണ്ട എന്ന നിശ്ശബ്ദ വിളംബരം കൂടിയാണ് ഈ കവിതകള്‍ എന്നാണ് പുസ്‌കത്തിന്റെ അവതാരികയില്‍ കെ.ജയകുമാര്‍ കുറിച്ചത്. ഹൃദയം പ്രേമസുരഭിലമാകുമ്പോള്‍ മനസില്‍ നിന്നും ഒഴുകുന്ന ആത്മാര്‍ഥമായ വികാരമാണ് ശരിയായ പ്രണയം. കാട്ടിക്കൂട്ടലുകള്‍ക്കും ആചാരങ്ങള്‍ക്കുമപ്പുറം പരിശുദ്ധമായൊരു വികാരമാണത്.

ജീവിതം സമ്മാനിക്കുന്ന നിരാശകളിലൂടേയും നിരാസങ്ങളിലൂടേയും പ്രണയം വിശ്വാസപൂര്‍വം യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കും.കാത്തിരിപ്പിന്റേയും ഓര്‍ത്തെടുക്കലിന്റേയും പരാഗരേണുകള്‍ ഈ കവിതസമാഹാരത്തിലുടനീളം പതിഞ്ഞ് കിടക്കുന്നു.

പ്രണയഭാവം ഹൃദയങ്ങളെ വിശുദ്ധമാക്കും. വേദനകളും പരീക്ഷണങ്ങളും സമ്മാനിക്കുമ്പോഴും അവാച്യമായൊരു കാന്ത ശക്തിയില്‍ പ്രണയം നമ്മെ പ്രതീക്ഷയുടെ തീരത്തേക്ക് ആകര്‍ഷിച്ചുകൊണ്ടേയിരിക്കും. ഖലീല്‍ ജിബ്രാന്‍ പറഞ്ഞതുപോലെ പ്രണയിക്കുമ്പോള്‍ ദൈവം നമ്മുടെ ഹൃദയത്തില്‍ സന്ധിക്കുന്നുവെന്നല്ല നാം ദൈവത്തിന്റെ ഹൃദയത്തില്‍ വസിക്കുകയാണ് ചെയ്യുന്നത്. അങ്ങനെയാണ് പ്രണയിനിയുടെ കാഴ്ചപ്പാടും അനുഭവങ്ങളും പരിണമിക്കുന്നത്. ആ ദിവ്യ പരിണാമത്തിന്റെ പ്രാരംഭപ്പൊടിപ്പുകളാണ് ജാസ്മിന്‍ സമീറിന്റെ കാത്തുവെച്ച പ്രണയമൊഴികള്‍ എന്ന കവിതാസമാഹാരത്തിലെ ഓരോ കവിതയും.

പ്രണയവും അനുരാഗവും എല്ലാ സമൂഹങ്ങളേയും സ്വാധീനിച്ച വികാരങ്ങളാണ് . സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ആഗ്രഹിക്കുന്നവരാണ് അധികമാളുകളും. എന്നാല്‍ സ്‌നേഹത്തിന്റെ ഏറ്റവും വലിയ രസതന്ത്രം അത് നല്‍കിയാലേ തിരിച്ചുലഭിക്കൂവെന്നതാണ് . സ്‌നോഹോഷ്മളമായ അന്തരീക്ഷം സൃഷ്ടിക്കുന്ന ചിന്തകളും വികാരങ്ങളും നിറഞ്ഞുനില്‍ക്കുന്ന ഫെബ്രുവരി മാസത്തില്‍ പ്രണയിക്കുന്നവരേയും അല്ലാത്തവരേയും ഒരു പോലെ സ്വാധീനിക്കുന്ന വരികളാണ് കാത്തുവെച്ച പ്രണയമൊഴികളെ സവിശേഷമാക്കുന്നത്.

കാമുകി കാമുകന്മാര്‍ ഏറെ സന്തോഷത്തോടെ കാത്തിരിക്കുന്ന ദിവസമാണ് വാലന്റൈന്‍സ് ഡേ. എന്നാല്‍ ഫെബ്രുവരി ഏഴു മുതല്‍ 14 വരെയുള്ള ഓരോ ദിനത്തിനും ഓരോ പ്രത്യേകള്‍ കല്‍പിക്കുന്നവരുണ്ട്. ആഘോഷത്തിന്റെ, ആനന്ദത്തിന്റെ പ്രണയനിമിഷങ്ങളാണ് ഈ ദിവസങ്ങള്‍ സമ്മാനിക്കുന്നത്. വാലന്റൈന്‍സ് ആഴ്ച്ചയില്‍ ആദ്യദിനം ഫെബ്രുവരി 7 റോസ് ഡേ ആയി ആഘോഷിക്കുന്നു. വാലന്റൈന്‍സ് വീക്ക് തുടങ്ങുന്നത് റോസ് ഡേയോടെയാണ്. പ്രണയിനികള്‍ പരസ്പരം റോസാപുഷ്പങ്ങള്‍ കൈമാറുന്ന ദിനമാണിത്. ഫെബ്രുവരി എട്ടിനാണ് പ്രൊപ്പോസ് ഡേ. മനസിലെ പ്രണയം പങ്കാളിയോട് പ്രൊപ്പോസ് ചെയ്യാനുള്ള ദിനമാണിത്. പ്രണയവും ചോക്ലേറ്റുകളും തമ്മിലുള്ള കെമിസ്ട്രി അടയാളപ്പെടുത്തുന്ന ചോക്ലേറ്റ് ഡേ ഫെബ്രുവരി 9-നാണ് . ചോക്ലേറ്റില്‍ നിന്നും ലഭിക്കുന്ന സിറോടോണിന്‍, ഡോപ്പോമിന്‍ എന്നീ ഹോര്‍മോണുകള്‍ മനസിനും ശരീരത്തിനും സന്തോഷം നല്‍കും. ഇങ്ങനെ പോകുന്നു വാലന്റയിന്‍സ് ആഴ്ചയും ദിനങ്ങളും. എന്നാല്‍ മനസിന്റെ ആഴങ്ങളെ സ്പര്‍ശിക്കുന്ന നല്ല വാക്കുകളും ആശയങ്ങളും മൂല്യങ്ങളും കൂടി ചേരുമ്പോഴുണ്ടാകുന്ന ദൈവികമായൊരനുഗ്രഹമാണ് ശരിയായ പ്രണയമെന്നാണ് ജാസ്മിന്‍ ഈ കവിതാസമാഹാരത്തിന്റെ വരികള്‍ക്കിടയിലൂടെ പറഞ്ഞുവെക്കുന്നത്. സ്നേഹത്തിന്റെ ഊഷ്മളമായ ഭാവങ്ങള്‍ അനുഭവിച്ചറിയാന്‍ ഏതെങ്കിലും ദിവസത്തിനായി കാത്തിരിക്കേണ്ടതില്ലെന്നും എന്നും പ്രണയദിനങ്ങളായി ജീവിതം മനോഹരമാക്കണമെന്നും ഈ യുവ കവയിത്രി നമ്മെ ഓര്‍മപ്പെടുത്തുന്നു.

എട്ടാം തരത്തില്‍ പഠിക്കുമ്പോള്‍ ഇഷ്ട വിനോദമായ ഉറക്കത്തെക്കുറിച്ച് കവിത എഴുതികൊണ്ടാണ് ജാസ്മിന്‍ തന്റെ സര്‍ഗസഞ്ചാരം ആരംഭിച്ചത്. ആ കവിത മലയാള മനോരമ ദിനപത്രത്തിന്റെ ഞായറാഴ്ച്ച പേജില്‍ അച്ചടിച്ച് വന്നത് വലിയ പ്രചോദനമായി. ചുറ്റിലുമുള്ള ജീവിതങ്ങളും സ്വന്തം അനുഭവങ്ങളും പ്രമേയമാക്കി ധാരാളം മിനിക്കഥകളും കവിതകളുമെഴുതി ക്രിയാത്മക മേഖലയില്‍ സജീവമായി.

സ്‌ക്കൂളിലെ മലയാളം ക്ലാസാണ് ജാസ്മിനെ ഏറെ ആകര്‍ഷിച്ചത്.പാഠപുസ്തകങ്ങളിലെ കഥ ,കവിത എന്നിവ ആവര്‍ത്തിച്ച് വായിച്ചും, കവിതകള്‍ ഈണത്തോടെ മന:പാഠമാക്കിയും ജാസ്മിന്‍ ആസ്വാദനത്തിന്റെ പുതിയ തലങ്ങള്‍ കണ്ടെത്തി. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളും, മാധവിക്കുട്ടിയുടെ കവിതകളുമൊക്കെ ജാസ്മിന്‍ എന്ന എഴുത്തുകാരിയെ സ്വാധീനിച്ച ഘടകങ്ങളാണ്. മാതാപിതാക്കള്‍, അദ്ധ്യാപകര്‍, സുഹൃത്തുക്കളായ എഴുത്തുകാരുടെയും പ്രോത്സാഹനവും പ്രചോദനവും പിന്തുണയുമാണ് തന്റെ സര്‍ഗപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉത്തേജനമായി ജാസ്മിന്‍ കാണുന്നത്.
ഉപ്പ നല്ലൊരു വായനക്കാരനും സഹൃദയനുമാണ്. ഉമ്മയും വലിയ പ്രോല്‍സാഹനമാണ് എന്നും നല്‍കുന്നത്

ഇതിനകം 4 പുസ്തകങ്ങളാണ് പ്രസിദ്ധീകരിച്ചത്. എഴുത്തിന്റെ ആദ്യ നാളുകളിലെ കവിതകളുടെ സമാഹാരമായ വൈകി വീശിയ മുല്ല ഗന്ധം എന്ന കൃതിക്ക് ബഷീര്‍ തിക്കോടിയാണ് അവതാരികയെഴുതിയത്. 15 വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ദൈവം കനിഞ്ഞരുളിയ മകള്‍ ജന്നയ്ക്കു വേണ്ടി സമര്‍പ്പിച്ച ഒരു കവിത ഉള്‍പ്പെടെ മകളെ കുറിച്ചുള്ള നല്ല കവിതകളുടെ സമാഹാരമായ മകള്‍ക്ക് എന്നതാണ് രണ്ടാമത്തെ പുസ്തകം. 50 എഴുത്തുകാരുടെ ‘മകള്‍’ വിഷയമായ കവിതകളാണ് പുസ്‌കത്തിലുള്ളത്. വെള്ളിയോടനാണ് അവതാരിക.


ശൂന്യതയില്‍ നിന്നും ഭൂമി ഉണ്ടായ രാത്രി എന്നതാണ് ജാസ്മിന്റെ ഏറ്റവും പുതിയ രചന. ഇക്കഴിഞ്ഞ ഷാര്‍ജ പുസ്തകോല്‍സവത്തില്‍ പ്രകാശനം ചെയ്ത ഈ കൃതിക്ക് വൈക്കം മുഹമ്മദ് ബഷീറിന്റെ നാമഥേയത്തിലുള്ള പുരസ്‌കാരം ലഭിച്ചുവെന്നത് ഈ കവയിത്രിയുടെ നേട്ടങ്ങളുടെ തൊപ്പിയില്‍ പുതിയൊരു പൊന്‍തൂവല്‍ തുന്നിച്ചേര്‍ക്കുന്നതാണ് .

Related Articles

Back to top button
error: Content is protected !!