നിക്ഷേപങ്ങളുടെ അഭാവം മൂലമാണ് ഗ്യാസ് വില ഉയരുന്നതെന്ന് ഖത്തര്‍ ഊര്‍ജമന്ത്രി
അമാനുല്ല വടക്കാങ്ങര
ദോഹ. ആവശ്യമായമായ നിക്ഷേപത്തിന്റെ അഭാവമാണ് ഗ്യാസ് വില കുതിച്ചുയരാന്‍ കാരണമെന്ന് ഖത്തര്‍ ഊര്‍ജകാര്യ സഹമന്ത്രി സഅദ് ഷെരീദ അല്‍ കഅബി അഭിപ്രായപ്പെട്ടു. ഖത്തറില്‍ നടന്ന ഗ്യാസ് കയറ്റുമതി രാജ്യങ്ങളുടെ ആറാമത് ഉച്ചകോടിയുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് വിലനിര്‍ണ്ണയത്തെ പ്രധാന ഘടകങ്ങളെല്ലാം അടിസ്ഥാനപരമായി നിക്ഷേപങ്ങളുടെ അഭാവം മൂലമാണ്. അത് നേടുന്നതിന് സമയമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
യൂറോപ്പിലേക്കുള്ള ഗ്യാസ് വിതരണത്തിന്റെ 30-40% റഷ്യയാണ് നല്‍കുന്നത്. ഈ രംഗത്ത് എന്തെങ്കിലും തടസ്സമുണ്ടായാല്‍ യൂറോപ്പിലേക്കുള്ള റഷ്യന്‍ വാതക വിതരണത്തിന് പകരം ദ്രവീകൃത പ്രകൃതിവാതകം (എല്‍എന്‍ജി) നല്‍കാനുള്ള ശേഷി ഖത്തറിനോ മറ്റേതെങ്കിലും രാജ്യത്തിനോ ഇല്ലെന്ന് അല്‍-കഅബി അഭിപ്രായപ്പെട്ടു.
എല്‍എന്‍ജിയുടെ ഭൂരിഭാഗവും ദീര്‍ഘകാല കരാറുകളുടെ അടിസ്ഥാനത്തിലാണ് വിതരണം ചെയ്യുന്നത്. അതിനാല്‍ പെട്ടെന്നെന്തെങ്കിലും മാറ്റം വരുത്തുക പ്രയാസമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.