Breaking News

വര്‍ദ്ധിപ്പിച്ച പ്രവാസി പെന്‍ഷന്‍; ഏപ്രില്‍ ഒന്ന് മുതല്‍

അമാനുല്ല വടക്കാങ്ങര

ദോഹ. 2021- 22 ബജറ്റില്‍ പ്രഖ്യാപിച്ച, വര്‍ദ്ധിപ്പിച്ച പെന്‍ഷന്‍ തുക 2022 ഏപ്രില്‍ മുതല്‍ നല്‍കി തുടങ്ങും. പ്രവാസി ക്ഷേമ പദ്ധതികള്‍ ജനകീയമാക്കുന്നതിലും കൂടുതലാളുകള്‍ക്ക് ആനൂകൂല്യങ്ങള്‍ നേടിക്കൊടുക്കുന്നതിലും നേതൃപരമായ പങ്കുവഹിക്കുന്ന പ്രവാസി സാമൂഹ്യ പ്രവര്‍ത്തകനും ലോക കേരള സഭ അംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ഫേസ് ബുക്കില്‍ കുറിച്ച ശ്രദ്ധേയമായ ഈ കുറിപ്പ് അതിന്റെ സാമൂഹ്യ പ്രാധാന്യം കണക്കിലെടുത്ത് ഞങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കുകയാണ് .

വിശദ വിവരങ്ങള്‍:
കാറ്റഗറി 1 എ ( വിദേശത്തുള്ള പ്രവാസികള്‍)
1 വിദേശത്ത് വെച്ച് അംഗങ്ങളാവുകയും പെന്‍ഷന്‍ ആവുന്നത് വരെ ഇതേ കാറ്റഗറിയില്‍ തുടരുകയും ചെയ്യുന്നവര്‍ക്ക് 3500 രൂപയായിരിക്കും മിനിമം പെന്‍ഷന്‍.
2 പരമാവധി പെന്‍ഷന്‍ 7,000 രൂപ.

പദ്ധതിയില്‍ ചേര്‍ന്ന് അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ അംശാദായം അടക്കേണ്ടി വരുന്നവര്‍ക്ക് അതായത് അമ്പത്തി അഞ്ച് വയസ്സിന് താഴെ പ്രായമുള്ളപ്പോള്‍ പദ്ധതിയില്‍ അംഗങ്ങള്‍ ആയവര്‍ക്ക് അഞ്ച് വര്‍ഷത്തിന് ശേഷം വരുന്ന ഓരോ വര്‍ഷത്തേക്കും 3% (105 രൂപ) വെച്ച് പരമാവധി 7,000 രൂപവരെ പെന്‍ഷന്‍ ലഭിക്കും.

3 1 ബി , 2 എ കാറ്റഗറിയില്‍ വരുന്നവര്‍.
വിദേശ പ്രവാസം അവസാനിപ്പിച്ചതിന് ശേഷം ഇന്ത്യയില്‍ വെച്ച് അംഗമാവുന്നവരാണ് 1 ബി കാറ്റഗറിയില്‍ വരുന്നത്. കേരളത്തിന് പുറത്ത്, എന്നാല്‍ ഇന്ത്യക്കകത്തെ മറ്റു സംസ്ഥാനങ്ങളിലെ പ്രവാസികള്‍ അംഗമാവുന്നത് 2 എ കാറ്റഗറി പ്രകാരമാണ്. ഈ കാറ്റഗറിയില്‍ വരുന്നവര്‍ക്ക് മിനിമം പെന്‍ഷന്‍ 3000 വും കൂടിയ പെന്‍ഷന്‍ 6000/ വും ആയിരിക്കും. ( വര്‍ദ്ധനവ് മേല്‍ വിവരിച്ച നിര്‍ക്കില്‍)

4 കുടുംബ പെന്‍ഷന്‍.
അംഗത്തിന്റെ കാലശേഷം തന്റെ നോമിനിക്ക് നിലവില്‍ വാങ്ങുന്ന പെന്‍ഷന്റെ പകുതി തുക കുടുംബ പെന്‍ഷന്‍ ലഭിക്കും.
5 സാമൂഹ്യ പെന്‍ഷനും ലഭ്യമാവും.
പ്രവാസി ക്ഷേമനിധി പോലുള്ള ക്ഷേമനിധി പെന്‍ഷന്‍ വാങ്ങുന്നവരില്‍ അര്‍ഹതയുള്ളവര്‍ക്ക് വാര്‍ദ്ധക്യകാല പെന്‍ഷനുകളും ലഭ്യമാവും.
6 അംശാദായ അടവില്‍ വര്‍ദ്ധന.
എ) വിദേശത്ത് വെച്ച് അംഗങ്ങളാവുന്ന 1 എ കാറ്റഗറിയില്‍ പെട്ടവര്‍ നിലവിലെ 300 രൂപ അംശാദായത്തിന് പകരം 350 രൂപയായിരിക്കും ഇനി മുതല്‍ അംശാദായമായി പ്രതിമാസം അടക്കേണ്ടത്.
ബ) മറ്റ് കാറ്റഗറിയില്‍പ്പെട്ടവര്‍ പ്രതിമാസം 200 രൂപയാണ് അംശാദായമായി അടക്കേണ്ടത്.

നിലവില്‍ പ്രവാസി ക്ഷേമ നിധിയില്‍ ഏഴ് ലക്ഷത്തില്‍ പരം അംഗങ്ങള്‍ ഉണ്ട്. നിരവധി പേരാണ് ഈ പദ്ധതിയില്‍ അംഗങ്ങളാവുന്നത്.

ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് വ്യത്യസ്ത കാറ്റഗറികളുടെ മിനിമം പെന്‍ഷനുകള്‍ 500 രൂപയും 1,000 രൂപയും ആയിരുന്നു.
ആ പെന്‍ഷന്‍ തുകയിലുണ്ടായത് നല്ല മാറ്റമാണ്. ഭാവിയില്‍ ഈ തുക ഇനിയും വര്‍ദ്ധിപ്പിച്ചേക്കാം.

പ്രവാസികള്‍ക്ക് ഗുണം ചെയ്യുന്ന ഇത്തരം പദ്ധതികളില്‍ അംഗമായും ഇത്തരം പദ്ധതികളെ പരിചയപ്പെടുത്തിയും ഓരോരുത്തരും ഈ സാമൂഹ്യ ദൗത്യത്തിന്റെ ഭാഗമായാല്‍ വലിയ മാറ്റമുണ്ടാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പദ്ധതിയില്‍ അംഗമാവാനും അംശാദായം അടക്കാനും ആനുകൂല്യങ്ങള്‍ക്കും മറ്റു വിവരങ്ങള്‍ക്കും www.pravasikerala.org എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.

Related Articles

Back to top button
error: Content is protected !!