Breaking News

ഫിഫ 2022 ലോക കപ്പ് ടിക്കറ്റ് വില്‍പനയുടെ അടുത്ത ഘട്ടം ഇന്നു മുതല്‍

അമാനുല്ല വടക്കാങ്ങര

ദോഹ. കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ 2022 ലോക കപ്പ് ടിക്കറ്റ് വില്‍പനയുടെ അടുത്ത ഘട്ടം ഇന്നു മുതല്‍ . ഖത്തര്‍ സമയം ഉച്ചക്ക് 12 മണിക്കാരംഭിക്കുന്ന വില്‍പന ഏപ്രില്‍ 28 ഖത്തര്‍ സമയം ഉച്ചക്ക് 12 മണി വരെയായിരിക്കും.

ഫിഫ വെബ്‌സൈറ്റില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്, സെയില്‍സ് ഫേസ് 1 ന് സമാനമായ രണ്ടാമത്തെ റാന്‍ഡം സെലക്ഷന്‍ നറുക്കെടുപ്പ് വില്‍പ്പന കാലയളവാണിത്.
ലോക കപ്പിനുള്ള ഫൈനല്‍ നറുക്കെടുപ്പില്‍ ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ ഏതൊക്കെ ടീമുകളാണ് ഏറ്റുമുട്ടുകയെന്ന് കണ്ടെത്തിയതിന് ശേഷമുള്ള ഈ വില്‍പന കളിയാരാധകരില്‍ വമ്പിച്ച ആവേശം സൃഷ്ടിക്കുമെന്നുറപ്പാണ് .

ഈ വില്‍പന കാലയളവില്‍ വ്യക്തിഗത മാച്ച് ടിക്കറ്റുകള്‍ (ഐഎംടി), സപ്പോര്‍ട്ടര്‍ ടിക്കറ്റുകള്‍ (എസ്ടി), സോപാധിക പിന്തുണയുള്ള ടിക്കറ്റുകള്‍ (സിഎസ്ടി), ഫോര്‍ സ്റ്റേഡിയം ടിക്കറ്റ് സീരീസ് (എഫ്എസ്ടികള്‍) എന്നിങ്ങനെ നാല് തരം ടിക്കറ്റുകള്‍ ലഭ്യമാകും. മൊത്തം 10 ലക്ഷത്തോളം ടിക്കറ്റുകളാണ് ഈ ഘട്ടത്തില്‍ വില്‍ക്കുക.

വിജയികളായ ടിക്കറ്റ് അപേക്ഷകരെ മെയ് 31-ന് മുമ്പ് ഇമെയില്‍ വഴി വിവരമറിയിക്കും. അന്നുമുതല്‍ തന്നെ പണമടച്ച് ടിക്കറ്റ് സ്വന്തമാക്കുവാനവസരം ലഭിക്കും. ചൊവ്വാഴ്ച ദോഹ സമയം ഉച്ചയ്ക്ക് 12 മണിമുതല്‍ വിശദാംശങ്ങള്‍ FIFA.com/tickets എന്ന സൈറ്റില്‍ ലഭ്യമാകും.

റാന്‍ഡം സെലക്ഷന്‍ ഡ്രോ സെയില്‍സ് കാലയളവില്‍ ടിക്കറ്റ് സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ https://www.fifa.com/tournaments/mens/worldcup/qatar2022/register-interets എന്ന ലിങ്കില്‍ താല്‍പര്യമറിയിക്കണം.

ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ന്റെ വില്‍പ്പന ഘട്ടം 1ല്‍ മൊത്തത്തില്‍ 804,186 ടിക്കറ്റുകളാണ് വിറ്റത്.

കഴിഞ്ഞ വെള്ളിയാഴ്ച ദോഹയില്‍ നടന്ന ഫൈനല്‍ നറുക്കെടുപ്പിന് ശേഷം ഫിഫ പ്രസിദ്ധീകരിച്ച ഷെഡ്യൂള്‍ അനുസരിച്ച് നവംബര്‍ 21 ന് അല്‍ തുമാമ സ്റ്റേഡിയത്തില്‍ സെനഗലും നെതര്‍ലാന്‍ഡും തമ്മിലുള്ള മത്സരത്തോടെയാണ് ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ആരംഭിക്കുന്നത്.അല്‍ ഖോറിലെ അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ അന്നേ ദിവസം വൈകിട്ട് ഏഴിന് ഖത്തര്‍ ഇക്വഡോറിനെ നേരിടും.

Related Articles

Back to top button
error: Content is protected !!