ഫിഫ 2022 ഖത്തര്‍ ലോകകപ്പ് ഫൈനലിന് 30 ലക്ഷം ടിക്കറ്റ് അപേക്ഷകള്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ഖത്തര്‍ ലോകകപ്പ് ഫൈനലിനു 30 ലക്ഷം ടിക്കറ്റ് അപേക്ഷകള്‍ . മധ്യ പൗരസ്ത്യ ദേശത്ത് ആദ്യമായി നടക്കുന്ന ഫിഫ 2022 ഖത്തര്‍ ലോകകപ്പാവേശം ഭൂഖണ്ഡങ്ങളെ ഭേദിച്ച് മുന്നേറുന്നു. ഓരോ മല്‍സരങ്ങള്‍ക്കും വമ്പിച്ച പ്രതികരണമാണ് കാല്‍പന്തുകളിയാരാധകരില്‍ നിന്നും ലഭിക്കുന്നത്. ഏപ്രില്‍ ഒന്നിന് ടീമുകളുടെ ഫൈനല്‍ ഡ്രോ കഴിഞ്ഞതോടെ ലോക കപ്പിന്റെ ചിത്രം തെളിഞ്ഞതിനാല്‍ ഓരോരുത്തരും തങ്ങളുടെ പ്രിയപ്പെട്ട ടീമുകളുടെ കളികാണാനായി ടിക്കറ്റിന് അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുകയാണ് . സീറ്റ് ശേഷിയേക്കാള്‍ കൂടുതല്‍ ടിക്കറ്റ് അപേക്ഷകള്‍ ലഭിച്ചതിനാല്‍ നറുക്കിട്ടാവും കാണികളെ തിരഞ്ഞെടുക്കുകയെന്ന് ഫിഫ നേരത്തേ അറിയിച്ചിരുന്നു. മെയ് 31 ഓടെ നറുക്കെടുപ്പില്‍ ടിക്കറ്റ് ലഭിച്ചവരാരൊക്കെ എന്നറിയാനാകും.
2022 ഡിസംബര്‍ 18 ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ലോകകപ്പ് ഫൈനല്‍ മല്‍സരം കാണുന്നതിനായി 30 ലക്ഷം ടിക്കറ്റ് അപേക്ഷകള്‍ ലഭിച്ചതായി ഫിഫ അറിയിച്ചു. 80000 ആണ് ലുസൈല്‍ സ്റ്റേഡിയത്തിന്റെ സീറ്റ് ശേഷി.
ഗ്രൂപ്പ് മല്‍സരങ്ങള്‍ക്കും വലിയ തോതിലുള്ള ടിക്കറ്റ് അപേക്ഷകള്‍ ലഭിച്ചുവെന്ന് ഫിഫ വ്യക്തമാക്കുന്നു. നവംബര്‍ 26ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന അര്‍ജന്റീന-മെക്‌സിക്കോ മല്‍സരം കാണാന്‍ 25 ലക്ഷം ടിക്കറ്റ് അപേക്ഷകളാണ് ലഭിച്ചത്. .
ലോകകപ്പിനായി ഖത്തര്‍ നടത്തിയ ഒരുക്കങ്ങള്‍ ഫിഫയെ പോലും ഞെട്ടിച്ചിരുന്നു. ലോകോത്തര നിലവാരത്തിലുള്ള സ്റ്റേഡിയങ്ങള്‍ നിശ്ചയിച്ചതിലും വളരെ നേരത്തേ ഖത്തര്‍ പൂര്‍ത്തിയാക്കുകയായിരുന്നു.
ഫിഫ 2022 ഖത്തര്‍ ലോക കപ്പ് സംഘാടക മികവിലും ജനപങ്കാളിത്തത്തിലും സര്‍വോപരി സൗകര്യങ്ങളിലും ചരിത്രത്തില്‍ തങ്ക ലിപികളാല്‍ ഉല്ലേഖിതമാകുമെന്നാണ് കളിയാരാധകര്‍ പ്രതീക്ഷിക്കുന്നത്. ഖത്തറിലെ സ്റ്റേഡിയങ്ങള്‍ തമ്മിലെ ദൂരം പരമാവധി ഒരു മണിക്കൂറായതിനാല്‍ ഒരു ദിവസം തന്നെ ഒന്നിലധികം മല്‍സരങ്ങള്‍ കാണാന്‍ സൗകര്യമുണ്ട്.