Breaking News

ഫ്യുഷന്‍ സംഗീതത്തിന്റെ അകമ്പടിയില്‍ ഖിയ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നാളെ അല്‍ അറബി സ്റ്റേഡിയത്തില്‍

അമാനുല്ല വടക്കാങ്ങര

ദോഹ: ഒരു മാസത്തോളമായി ഇന്ത്യന്‍ പ്രവാസി സമൂഹത്തിനു ആഹ്ളാദവും ആവേശവുമായി നടന്നു വരുന്ന സിറ്റി എക്‌സ്‌ചേഞ്ച് ട്രാന്‍സ്ഫാസ്റ്റ് ട്രോഫിക്കായുള്ള ഏട്ടാമത് ഖിയ ചാമ്പ്യന്‍സ് ലീഗിന്റെ കലാശ കൊട്ടിന് നാളെ അല്‍ അറബി സ്റ്റേഡിയം സാക്ഷിയാവും.

കായിക രംഗത്ത് ഇന്ത്യ – ഖത്തര്‍ ബന്ധം ഊഷ്മളമാക്കുക, ഖത്തര്‍ 2022 നു ഇന്ത്യന്‍ ജനതയുടെ ഐക്യദാര്‍ഡ്യം ഊട്ടിയുറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ, മിനിസ്ട്രി ഓഫ് കള്‍ച്ചര്‍ ആന്‍ഡ് സ്‌പോര്ട്‌സ്‌ന്റെയും ഖത്തര്‍ 2022 സുപ്രീം കമ്മറ്റിയുടെയും അറബി സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെയും സഹകരണത്തോടെ നടന്നു വരുന്ന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ടോട്ടല്‍ ഫുട്ബാളിന്റെ എല്ലാ ചാരുതയും ആവാഹിച്ചു മൈതാനത്തു പന്തുകൊണ്ട് നൃത്തം ചെയ്യുന്ന സിറ്റി എക്‌സ്‌ചേഞ്ച് എഫ്സി, കാല്‍ പന്തുകളിയുടെ എല്ലാ അടവുകളും പയറ്റിത്തെളിഞ്ഞ കരുത്തരായ ഇസ്ലാമിക് എക്‌സ്‌ചേഞ്ച് മേറ്റ്‌സ് ഖത്തറിനെ നേരിടുന്നു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്, സന്തോഷ് ട്രോഫി, ഐ ലീഗ് താര നിബിഢമായ കരുത്തരായ രണ്ട് ടീമുകള്‍ മാറ്റുരക്കുന്ന ആവേശകരമായ ഫൈനല്‍ മത്സരം വെള്ളിയാഴ്ച 7 മണിക്ക് അല്‍ അറബി മെയിന്‍ സ്റ്റേഡിയത്തില്‍ ആണ് നടക്കുന്നത്.

ഫൈനലിന് മുന്നോടിയായി നടക്കുന്ന പ്രശസ്ത സംഗീതജ്ഞന്‍ ശബരീഷ് പ്രഭാകര്‍ , സിനിമ പിന്നണി ഗായിക അഞ്ചു ജോസഫ് എന്നിവര്‍ നയിക്കുന്ന സംഗീത വിരുന്ന്, വൈകിട്ട് 5 മണി മുതല്‍ കാണികള്‍ക്ക് കൈനിറയെ സമ്മാനങ്ങളുമായി ഫാന്‍സോണില്‍ ക്ലിക്കോന്‍ കിക്കോഫ്, ഖത്തര്‍ 2022 വിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് 2500 ലധികം പേര്‍ പങ്കെടുക്കുന്ന പെയിന്റിംഗ് കോമ്പറ്റിഷന്‍, കേക്ക് ഫെസ്റ്റിവല്‍ തുടങ്ങിയവ എന്നിവ ചടങ്ങിന് മാറ്റുകൂട്ടും.

പ്രവേശനം തികച്ചും സൗജന്യം, കുടുംബങ്ങള്‍ക്ക് പ്രത്യേക ഇരിപ്പിടം, സംഘടനകള്‍ക്ക് തങ്ങളുടെ ബാനറുകളുമായി ഒന്നിച്ചിരിക്കാന്‍ സൗകര്യം എന്നിവയും ഫൈനല്‍ വേദിയെ സവിശേഷമാക്കും.

ഫിഫ വേള്‍ഡ് കപ്പ് ലെഗസി അംബാസ്സഡര്‍സ് ആയ മുഹമ്മദ് സാദോന്‍ കുവാരി, അഹമ്മദ് ഖലീല്‍, ഇബ്രാഹിം ഖല്‍ഫാന്‍തുടങ്ങി ഖത്തര്‍ 2022 സുപ്രീം കമ്മറ്റിയിലെയും ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷനിലെയും ഉന്നത വ്യക്തിത്വങ്ങള്‍, ഇന്ത്യന്‍ പ്രവാസി സംഘടനാ നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

പ്രവാസി ഇന്ത്യക്കാര്‍ക്കിടയില്‍ അഖിലേന്ത്യാ തലത്തില്‍ നടക്കുന്ന ഏക ടൂര്‍ണമെന്റ് ആയ ഖിയ ചാമ്പ്യന്‍സ് ലീഗില്‍ 08 പ്രഗല്‍ഭ ടീമുകളാണ് പങ്കെടുത്തത്.

Related Articles

Back to top button
error: Content is protected !!