ലുസൈല്‍ സൂപ്പര്‍ കപ്പ് ടിക്കറ്റ് വില്‍പനക്ക് വന്‍ പ്രതികരണം
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ഫൈനല്‍ മല്‍സരങ്ങള്‍ക്ക് വേദിയാകുന്ന 80,000 പേരെ ഉള്‍ക്കൊള്ളുന്ന ലുസൈല്‍ സ്റ്റേഡിയത്തില്‍ സൗദി അറേബ്യയുടെയും ഈജിപ്തിന്റെയും ചാമ്പ്യന്മാര്‍ ഏറ്റുമുട്ടുന്ന ലുസൈല്‍ സൂപ്പര്‍ കപ്പ് ടിക്കറ്റ് വില്‍പനക്ക് വന്‍ പ്രതികരണമെന്ന് റിപ്പോര്‍ട്ട്.
ആഗസ്ത് 18 വ്യാഴാഴ്ച ടിക്കറ്റ് വില്‍പനയാരംഭിച്ചത് മുതതല്‍ ആയിരക്കണക്കിനാളുകളാണ് ടിക്കറ്റ് സ്വന്തമാക്കിയത്. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് ടിക്കറ്റുകള്‍ നല്‍കുന്നത്. അതിനാല്‍ ടിക്കറ്റുകള്‍ വിറ്റു തീരുന്നതിന് മുമ്പ് സ്വന്തമാക്കണണമെന്ന് ഫിഫ നിര്‍ദേശിച്ചു.
സെപ്തംബര്‍ 9 വെള്ളിയാഴ്ച രാത്രി 9 മണിക്കാണ് ആവേശകരമായ ലുസൈല്‍ സൂപ്പര്‍ കപ്പ് നടക്കുക. മത്സര ദിവസം സ്റ്റേഡിയത്തിന്റൈ ഗേറ്റുകള്‍ വൈകുന്നേരം 4.30 ന് തുറക്കും
ടിക്കറ്റുകള്‍ https://www.fifa.com/fifaplus/en/tickets-ല്‍ നിന്ന് മാത്രമേ ലഭിക്കുകയുള്ളൂ . പണമടച്ച ഉടനെ കണ്‍ഫര്‍മേഷന്‍ ലഭിക്കും.
കാറ്റഗറി 4: 40 റിയാല്‍ , കാറ്റഗറി 3: 80 റിയാല്‍ , കാറ്റഗറി 2: 150 റിയാല്‍, കാറ്റഗറി 1: 200 റിയാല്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് ടിക്കറ്റുകള്‍ വില്‍ക്കുന്നത്.
ടിക്കറ്റ് വാങ്ങിയ ശേഷം ഹയ്യ പ്ലാറ്റ്ഫോമില്‍ ഹയ്യ ഡിജിറ്റല്‍ കാര്‍ഡിനായി ആരാധകര്‍ അപേക്ഷിക്കണമെന്ന് ഹയ്യ പ്ലാറ്റ്ഫോം എക്സിക്യൂട്ടീവ് ഡയറക്ടര്‍ സഈദ് അല്‍ കുവാരി പ്രസ്താവനയില്‍ പറഞ്ഞു.
ടിക്കറ്റ് വാങ്ങിയ ആരാധകര്‍ക്കായി സെപ്റ്റംബര്‍ 6 മുതല്‍ സെപ്റ്റംബര്‍ 11 വരെ കാര്‍ഡ് ആക്ടിവേറ്റ് ചെയ്യുമെന്ന് അല്‍ കുവാരി കൂട്ടിച്ചേര്‍ത്തു.
ക്യുഎന്‍ബി സ്റ്റാര്‍സ് ലീഗിന്റെ ഭാഗമായി അല്‍ അറബിയും അല്‍ റയ്യാനും തമ്മിലുള്ള മല്‍സരമാണ് ലുസൈല്‍ സ്റ്റേഡിയത്തില്‍ ആദ്യം നടന്ന മല്‍സരം. ആഗസ്ത് 11 ന് നടന്ന ക്യുഎന്‍ബി സ്റ്റാര്‍സ് ലീഗില്‍ ആയിരങ്ങളാണ് പങ്കെടുത്തത്.