ലുസൈര്‍ സൂപ്പര്‍ കപ്പ് ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ഡ്രസ് റിഹേഴ്സലാകും
അമാനുല്ല വടക്കാങ്ങര
ദോഹ: സെപ്തംബര്‍ 9 ന് ലോകകപ്പ് ഫൈനല്‍ വേദിയായ ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ലുസൈല്‍ സൂപ്പര്‍ കപ്പ് ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ഡ്രസ് റിഹേഴ്സലാകുമെന്ന് സംഘാടകര്‍. എല്ലാ അര്‍ഥത്തിലും ലോകകപ്പിന്റെ പൂര്‍ണമായ ഡ്രസ് റിഹേഴ്സലാകുന്ന മല്‍സരത്തിന് കാല്‍പന്തുകളിയാരാധകരുടെ വമ്പിച്ച പിന്തുണയാണ് ഇതിനകം ലഭിച്ചിരിക്കുന്നത്.
ഈജിപ്ഷ്യന്‍, സൗദി ലീഗുകളിലെ ചാമ്പ്യന്മാര് തമ്മിലുള്ള ആവേശകരമായ പോരാട്ടം നടക്കുന്ന ലുസൈല്‍ സൂപ്പര്‍ കപ്പ് മത്സരം പ്രഖ്യാപിച്ച് ടിക്കറ്റ് വില്പനയാരംഭിച്ച ആദ്യമണിക്കൂറില്‍ തന്നെ എണ്ണായിരത്തോളം ടിക്കറ്റുകളാണ് വിറ്റുപോയത്. ആഗസ്ത് 24 ബുധനാഴ്ചത്തെ കണക്കനുസരിച്ച് 60000 ടിക്കറ്റുകള്‍ വിറ്റു കഴിഞ്ഞു. ലുസൈല്‍ സൂപ്പര്‍ കപ്പിന്റെ ബാക്കിയുള്ള ടിക്കറ്റുകള്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ വിറ്റുതീരുമെന്ന് ഫിഫ ലോകകപ്പ് ഖത്തര്‍ 2022 സിഇഒ നാസര്‍ അല്‍ ഖാഥറിനെ ഉ്ദ്ധരിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സി ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു.
80,000 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ലുസൈല്‍ സ്റ്റേഡിയത്തില്‍ സെപ്തംബര്‍ 9 ന് ദോഹ സമയം രാത്രി 9 മണിക്കാണ് ഏറെ കാത്തിരുന്ന മത്സരം. ലുസൈല്‍ സൂപ്പര്‍ കപ്പിനുള്ള ടിക്കറ്റുകള്‍ ഫിഫ വെബ്സൈറ്റിലൂടെയാണ് വില്പന തുടരുന്നത്. ആദ്യം വരുന്നവര്ക്് ആദ്യം എന്ന അടിസ്ഥാനത്തിലാണ് ടിക്കറ്റ് വില്പന നടക്കുന്നത്.
ടിക്കറ്റ് സ്വന്തമാക്കിയവര്‍ ഹയ്യ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ഹയ്യ കാര്‍ഡ് വാങ്ങണമെന്ന് സംഘാടകര്‍ ഓര്‍മിപ്പിച്ചു. സെപ്തംബര്‍ 6 മുതല്‍ ഹയ്യാ കാര്‍ഡുകള്‍ ഉപയോഗിക്കാം. സ്റ്റേഡിയത്തിലെത്താന്‍ ആഗ്രഹിക്കുന്ന ആരാധകര്‍ക്കായി ട്രാന്‍സ്പോര്‍ട്ട് ബസുകളിലും മെട്രോ, ട്രാം സര്‍വീസുകളിലും ഹയ്യ കാര്‍ഡ് ഉപയോഗിക്കാം. മത്സരം നടക്കുന്ന ദിവസം സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാന്‍ ഹയ്യ കാര്‍ഡ് നിര്‍ബന്ധമാണ് .