Breaking News

ഖത്തറില്‍ മരുന്നുകളുടെ ഹോം ഡെലിവറി നിരക്കുകള്‍ കുറച്ച് ഖത്തര്‍ പോസ്റ്റ്

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍,പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ എന്നിവയുടെ മരുന്നുകളുടെ ഹോം ഡെലിവറി നിരക്കുകള്‍ കുറച്ച് ഖത്തര്‍ പോസ്റ്റ് .മരുന്നുകള്‍, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍, മെഡിക്കല്‍ കണ്‍സ്യൂമബിള്‍സ്, ഡയറ്ററി ഉല്‍പന്നങ്ങള്‍ എന്നിവയുടെ ഹോം ഡെലിവറി ഫീസ് 30 റിയാലില്‍ നിന്ന് 20 റിയാലായാണ് കുറച്ചത്.

ഖത്തര്‍ പോസ്റ്റ്, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ (എച്ച്എംസി), പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ (പിഎച്ച്‌സിസി), പൊതുജനാരോഗ്യ മന്ത്രാലയം (എംഒപിഎച്ച്) എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡ് മഹാമാരിയോടുള്ള പതികരണമെന്ന നിലയില്‍ 2020 ഏപ്രിലിലാണ് ഈ സേവനം ആരംഭിച്ചത്. തുടക്കത്തില്‍ തികച്ചും സൗജന്യമായിരുന്നു. എന്നാല്‍ പിന്നീട് 30 റിയാല്‍ ചാര്‍ജ് ഈടാക്കാന്‍ തുടങ്ങി. ഇതുവരെ 400,000-ലധികം എച്ച്എംസി രോഗികളും 200,000 പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ രോഗികളും ഈ സേവനം ഉപയോഗപ്പെടുത്തി . കുറച്ച ഫീസ് വര്‍ഷാവസാനം വരെ തുടരുമെന്ന് ഖത്തര്‍ പോസ്റ്റ്് അറിയിച്ചു.

ഫീസ് 20 റിയാലായി കുറച്ചത് രോഗികള്‍ക്ക് സേവനം കൂടുതല്‍ പ്രാപ്യമാക്കുമെന്ന് എച്ച്എംസി ഫാര്‍മസി വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മോസ അല്‍ ഹെയില്‍ പറഞ്ഞു.’ഇത് വളരെ സൗകര്യപ്രദമായ സേവനമാണ്, ഇത് രോഗികള്‍ക്ക് നിര്‍ദ്ദേശിക്കപ്പെടുന്ന മരുന്നുകള്‍ സുരക്ഷിതമായും സൗകര്യപ്രദമായും സ്വീകരിക്കാന്‍ പ്രാപ്തമാക്കുന്നു,’ ഡോ. അല്‍ ഹെയില്‍ പറഞ്ഞു. ‘

ക്യു പോസ്റ്റില്‍ നിന്ന് നല്‍കുന്ന പിന്തുണയെ അഭിനന്ദിക്കുന്നതായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ ഫാര്‍മസി ഡയറക്ടര്‍ ഡോ. മനാല്‍ പ്രതികരിച്ചു. 2022 ഫിഫ ലോകകപ്പ് ഖത്തര്‍ 2022 കാലത്ത് ഹെല്‍ത്ത് സെന്റര്‍ ഫാര്‍മസികള്‍ സന്ദര്‍ശിക്കുന്ന രോഗികളുടെ എണ്ണം കുറയ്ക്കാനും കോവിഡ് അണുബാധയുടെ വ്യാപനം തടയാനും ഇത് സഹായകമാകുമെന്ന് അവര്‍ പറഞ്ഞു.

എച്ച്എംസി മരുന്ന് ഹോം ഡെലിവറി സേവനം ലഭിക്കുന്നതിന്, രോഗികള്‍ ഞായറാഴ്ച മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 വരെ 16000 എന്ന നമ്പറില്‍ ബന്ധപ്പെടണം.

പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ മരുന്ന് ഹോം ഡെലിവറി സേവനത്തിന് ഓരോരുത്തരുടേയും ഹെല്‍ത്ത് സെന്ററിന്റെ അസൈന്‍ ചെയ്ത മരുന്ന് ഹോം ഡെലിവറി സേവന നമ്പറിലോ കൂടുതല്‍ വിവരങ്ങള്‍ക്ക് 16000 എന്ന നമ്പറിലോ വിളിക്കാം.
ഈ സേവനം ലഭിക്കുവാന്‍ എച്ച്എംസി, പിഎച്ച്‌സിസി രോഗികള്‍ക്ക് സാധുവായ ഒരു ഹെല്‍ത്ത് കാര്‍ഡ് ഉണ്ടായിരിക്കണം. വീടിന്റെയും തെരുവിന്റെയും കൃത്യമായ വിലാസം നല്‍കണം.

ഖത്തര്‍ പോസ്റ്റാണ് ഈ സേവനത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന ഡെലിവറി ഏജന്റുമാര്‍. എല്ലാ ഖത്തര്‍ പോസ്റ്റ് ഡ്രൈവര്‍മാരും ഉയര്‍ന്ന ശുചിത്വ നിലവാരം പാലിക്കുന്നവരും ശീതീകരണവും പ്രത്യേക കൈകാര്യം ചെയ്യലും ആവശ്യമായ മരുന്നുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേകം പരിശീലനം നേടിയവരുമാണെന്ന് അധികൃതര്‍ വ്യക്തമാക്കി

Related Articles

Back to top button
error: Content is protected !!