ഹയ്യാ കാര്‍ഡുകള്‍ ഇഷ്യൂ ചെയ്യുന്നതിനായി ഖത്തറില്‍ രണ്ട് കേന്ദ്രങ്ങള്‍ ഉടന്‍ ആരംഭിക്കും
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ ലോകകപ്പ് ടിക്കറ്റ് ഉടമകള്‍ക്ക് അവരുടെ ഹയ്യ കാര്‍ഡുകള്‍ സ്വീകരിക്കാന്‍ കഴിയുന്ന രണ്ട് കേന്ദ്രങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയിലെ ഹയ്യ പ്ലാറ്റ്ഫോമിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സയീദ് അലി അല്‍ കുവാരി പറഞ്ഞു. അല്‍കാസ് ടിവിയോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അലി ബിന്‍ ഹമദ് അല്‍ അത്തിയ അരീന , ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നിവിടങ്ങളിലാണ് ഹയ്യ കാര്‍ഡ് സെന്ററുകള്‍ സ്ഥാപിക്കുക. പ്രിന്റ് ചെയ്ത ഹയ്യ കാര്‍ഡ് ലഭിക്കുന്നതിന് ആരാധകര്‍ക്ക് രണ്ട് കേന്ദ്രങ്ങളില്‍ ഏതെങ്കിലും സന്ദര്‍ശിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ”ഒരു ആരാധകന്റെ കാര്‍ഡ് നഷ്ടപ്പെട്ടാല്‍, അയാള്‍ക്ക് കേന്ദ്രം സന്ദര്‍ശിച്ച് അധിക നിരക്കുകളൊന്നും നല്‍കാതെ മറ്റൊരു കാര്‍ഡ് നേടാനും കഴിയും,” അല്‍ കുവാരി കൂട്ടിച്ചേര്‍ത്തു.
മത്സര ടിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമേ ഹയ്യ കാര്‍ഡ് ലഭിക്കുകയുള്ളൂ. ലോകകപ്പിന്റെ ഏതെങ്കിലും മല്‍സരങ്ങള്‍ക്ക് ടിക്കറ്റുള്ളവര്‍ക്ക് www.qatar2022.qa. മുഖേന ഹയ്യ കാര്‍ഡിന് അപേക്ഷിക്കുകയും രണ്ടിലേതെങ്കിലും കേന്ദ്രത്തില്‍ നിന്നും പ്രിന്റ് ചെയ്ത ഹയ്യ കാര്‍ഡ് സ്വന്തമാക്കുകയും ചെയ്യാം.
ടിക്കറ്റിനോടൊപ്പം ഹയ്യ കാര്‍ഡ് കൂടി ഉണ്ടെങ്കിലേ സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കാനാകൂ. കൂടാതെ സൗജന്യ പൊതുഗതാഗത സംവിധാനങ്ങളും ലഭിക്കും.
സന്ദര്‍ശകരെ സംബന്ധിച്ച് ഹയ്യാ കാര്‍ഡ് രാജ്യത്തേക്ക് പ്രവേശിക്കാനുള്ള അനുമതിയാണ്. ഓക്ടോബര്‍ 1 മുതല്‍ ഹയ്യാ കാര്‍ഡ് സ്വന്തമാക്കിയ സന്ദര്‍ശകര്‍ക്ക് അവരുടെ രജിസ്റ്റര്‍ ചെയ്ത മെയിലുകളില്‍ വിസ അയച്ചു തുടങ്ങുമെന്ന് അല്‍ കുവാരി വ്യക്തമാക്കി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഫിഫ 2022 ലോകകപ്പ് ഖത്തറിന് ടിക്കറ്റെടുത്ത എല്ലാ ആരാധകരും എത്രയും വേഗം ഹയ്യാ കാര്‍ഡ് സ്വന്തമാക്കണമെന്ന് അല്‍ കുവാരി ആവര്‍ത്തിച്ചാവശ്യപ്പെട്ടു.