Breaking News

രാജ്യത്തെ ആദ്യത്തെ കൈറ്റ്‌സര്‍ഫിംഗ് കേന്ദ്രമായ ഫുവൈരിറ്റ് കൈറ്റ് ബീച്ച് റിസോര്‍ട്ട് ഉദ്ഘാടനം ചെയ്തു

അമാനുല്ല വടക്കാങ്ങര

ദോഹ. ലോകം കാത്തിരിക്കുന്ന ഫിഫ 2022 ലോകകപ്പിന് 40 ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഖത്തറിന്റെ വടക്കന്‍ തീരത്ത് മറ്റൊരു ആകര്‍ഷണ കേന്ദ്രം കൂടി ഔദ്യോഗികമായി തുറന്ന് ഖത്തര്‍. രാജ്യത്തെ ആദ്യത്തെ കൈറ്റ്‌സര്‍ഫിംഗ് ലക്ഷ്യസ്ഥാനമായ ഫുവൈരിറ്റ് കൈറ്റ് ബീച്ച് റിസോര്‍ട്ട് (എഫ്‌കെബി) കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു.

പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ശൈഖ് ഡോ. ഫാലിഹ് ബിന്‍ നാസര്‍ ബിന്‍ അഹമ്മദ് ബിന്‍ അലി അല്‍താനി, ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവും ഖത്തര്‍ ടൂറിസം ചെയര്‍മാനുമായ അക്ബര്‍ അല്‍ ബേക്കര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്.

”ഖത്തര്‍ എയര്‍വേസില്‍, ലോകത്തെയും സമൂഹങ്ങളെയും യാത്രയിലൂടെ മാത്രമല്ല സ്പോര്‍ട്സിലൂടെയും ഒരുമിച്ച് കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്ന് ചടങ്ങില്‍ സംസാരിച്ച ഖത്തര്‍ എയര്‍വേയ്സ് സി.ഇ. ഒ. അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു: ഈ റിസോര്‍ട്ട് ആ ദൗത്യവും പാരമ്പര്യവും തുടരാന്‍ ഞങ്ങളെ സഹായിക്കുന്നു. റിസോര്‍ട്ടിനെ
ചുറ്റിപ്പറ്റിയുള്ള ആവാസവ്യവസ്ഥയെ സംരക്ഷിക്കാന്‍ റിസോര്‍ട്ട് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

‘അനേകം ഹോക്സ്ബില്‍ ആമകളുടെ സങ്കേതത്തിന് ഖത്തര്‍ പ്രശസ്തമാണ്. ഈ അത്ഭുതകരമായ കടല്‍ജീവികള്‍ക്ക് അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ ജീവിക്കാന്‍ അനുവദിക്കുന്ന ഈ ജൈവവൈവിധ്യം നിലനിര്‍ത്താന്‍ ഫുവൈരിറ്റ് കൈറ്റ് ബീച്ച് റിസോര്‍ട്ട് പ്രതിജ്ഞാബദ്ധമായിരിക്കും. ഈ ‘ റിസോര്‍ട്ടിന് സമീപം ഒരു ഹോക്‌സ്ബില്‍ കടലാമയുടെ ആവാസകേന്ദ്രമുണ്ട്.

ഇന്നലെ റിസോര്‍ട്ടിന്റെ ഉദ്ഘാടന വേളയില്‍, അല്‍ ബേക്കറും ഡോ. ഫാലഹ് അല്‍ താനിയും നിരവധി അതിഥികളും ഉദ്യോഗസ്ഥരും ഹോക്സ്ബില്‍ കടലാമകളെ റിലീസ് ചെയ്തു. ലോകകപ്പ് സന്ദര്‍ശകര്‍ക്ക് റിസോര്‍ട്ട് സന്ദര്‍ശിക്കുമ്പോള്‍ ഹോക്ക്ബില്‍ കടലാമകളെ റിലീസ് ചെയ്യാന്‍ അവസരമുണ്ടാകും.

അറേബ്യന്‍ പെനിന്‍സുലയില്‍ കൈറ്റ്സര്‍ഫിംഗില്‍ വൈദഗ്ധ്യമുള്ള ഒരേയൊരു റിസോര്‍ട്ട് ഈ റിസോര്‍ട്ടാണെന്നും ‘ലോകത്തിലെവിടെയും ഏറ്റവും മികച്ചതും അത്യാധുനികവുമായ കൈറ്റ്സര്‍ഫിംഗ് ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് ഇതെന്നും അല്‍ ബേക്കര്‍ എടുത്തുപറഞ്ഞു.
വര്‍ഷത്തില്‍ ഒമ്പത് മാസത്തിലധികം കൈറ്റ് സര്‍ഫിംഗിന് അനുകൂലമായ കാറ്റുള്ള ലോകത്തിലെ ഏറ്റവും മികച്ച കൈറ്റ്‌സര്‍ഫിംഗ് ലക്ഷ്യസ്ഥാനങ്ങളിലൊന്നാണിത്.

ദോഹയില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ 50 മുറികളുള്ള ഈ റിസോര്‍ട്ടിലെത്താം. കൈറ്റ്സര്‍ഫിംഗിനുപുറമെ, പാഡില്‍-ബോര്‍ഡിംഗ്, പാരാസെയിലിംഗ്, വേക്ക്ബോര്‍ഡിംഗ്, കയാക്കിംഗ്, സ്നോര്‍ക്കലിംഗ്, സ്‌കൂബ-ഡൈവിംഗ് തുടങ്ങി നിരവധി സാഹസിക പ്രവര്‍ത്തനങ്ങളും ഈ റിസോര്‍ട്ടിന്റെ ഭാഗമായുണ്ട്.

 

Related Articles

Back to top button
error: Content is protected !!