75 ശതമാനം ടിക്കറ്റ് ഉടമകളും ഹയ്യ കാര്‍ഡ് അപേക്ഷകള്‍ പൂര്‍ത്തിയാക്കി
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തര്‍ ടിക്കറ്റ് ഉടമകളില്‍ 75 ശതമാനവും നിര്‍ബന്ധിത ഹയ്യ കാര്‍ഡ് അപേക്ഷകള്‍ പൂര്‍ത്തിയാക്കിയതായും ഇത് പ്ലാറ്റ്ഫോമിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്നതായും ഹയ്യ കാര്‍ഡ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ സയീദ് അല്‍ കുവാരി പറഞ്ഞു. നിത്യവും ആയിരക്കണക്കിനാളുകളാണ് ഹയ്യാ കാര്‍ഡുകള്‍ സ്വന്തമാക്കുന്നത്. നവംബര്‍ 1 മുതല്‍ ഖത്തറിലേക്കെത്തുന്ന സന്ദര്‍ശകര്‍ക്കുള്ള എന്‍ട്രി പെര്‍മിറ്റ് കൂടിയാണ് ഹയ്യ കാര്‍ഡ്.
ഓണ്‍ലൈന്‍ പ്‌ളാറ്റ് ഫോമിന് പുറമെ ഫിഫ ലോകകപ്പിനെത്തുന്ന ഫുട്‌ബോള്‍ ആരാധകരെ സഹായിക്കുന്നതിനായി സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി & ലെഗസി രണ്ട് ഹയ്യ കാര്‍ഡ് സേവന കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. നിലവില്‍ പ്രതിദിനം 4,000 മുതല്‍ 5,000 വരെ കാര്‍ഡുകള്‍ അച്ചടിക്കുന്നുണ്ടെന്നും നവംബര്‍ 1 മുതല്‍ രാജ്യാന്തര ആരാധകര്‍ രാജ്യത്തേക്ക് എത്തിത്തുടങ്ങുന്നതിനാല്‍ എണ്ണം വര്‍ധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ചില അയല്‍ രാജ്യങ്ങള്‍ തങ്ങളുടെ രാജ്യങ്ങളിലേക്ക് എന്‍ട്രി പെര്‍മിറ്റായി ഹയ്യ കാര്‍ഡ് ഉപയോഗിക്കാന്‍ അനുവദിക്കുന്നത് ഈ സംവിധാനത്തിന്റെ കാര്യക്ഷമതയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹയ്യ കാര്‍ഡ് ആപ്ലിക്കേഷനുകള്‍ ഓണ്‍ലൈനായോ ഐഒഎസ് ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേ എന്നിവ വഴി ലഭ്യമാകുന്ന ‘ഹയ്യ ടു ഖത്തര്‍ 2022’ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ ചെയ്യാം.
അപേക്ഷകര്‍ക്ക് സാധുവായ ഒരു മാച്ച് ടിക്കറ്റ് നമ്പര്‍ ഉണ്ടായിരിക്കുകയും അവരുടെ വ്യക്തിഗത വിശദാംശങ്ങള്‍, പാസ്പോര്‍ട്ട് ഫോട്ടോ, താമസ വിവരങ്ങള്‍ എന്നിവ അപ്ലോഡ് ചെയ്യുകയും വേണം.
അന്താരാഷ്ട്ര തലത്തിലുള്ള അംഗീകൃത ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് എന്‍ട്രി പെര്‍മിറ്റിന്റെ പിഡിഎഫ് കോപ്പി ഇമെയില്‍ വഴി ലഭിക്കും.