ഇന്നു മുതല്‍ ഡിസംബര്‍ 18 വരെ കത്താറ കള്‍ച്ചറല്‍ വില്ലേജിലേക്കുളള പ്രവേശനവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അറിയാം
അമാനുല്ല വടക്കാങ്ങര
ദോഹ: ഫിഫ 2022 ലോകകപ്പിനെ വരവേല്‍ക്കാന്‍ ഖത്തറിലെ കലാസാംസ്‌കാരിക പൈതൃക ഗ്രാമമായ കത്താറ കള്‍ചറല്‍ വില്ലേജ് ഒരുങ്ങി കഴിഞ്ഞു. ലോകകപ്പിന്റെ വര്‍ണങ്ങളോടെയുളള തോരണങ്ങളും ദീപാലങ്കാരങ്ങളും കത്താറയുടെ ആഘോഷപരിസരങ്ങള്‍ക്ക് ചാരുത പകരുമ്പോള്‍ കണ്ണിനും കാതിനും കുളിര്‍മ പകരുന്ന വൈവിധ്യമാര്‍ന്ന കലാസാംസ്‌കാരിക വിനോദ പരിപാടികളാണ് കത്താറ അണിയിച്ചൊരുക്കിയിരിക്കുന്നത്. നിത്യവും പതിനായിരക്കണക്കിനാളുകളാണ് കത്താറ സന്ദര്‍ശിക്കുന്നത്.
ലോകകപ്പിനെ വരവേല്‍ക്കുന്നതിനുള്ള വിപുലമായ പരിപാടികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി കത്താറയിലെ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍ ഇന്ന് (നവംബര്‍ 15 ചൊവ്വ) മുതല്‍ 2022 ഡിസംബര്‍ 18 വരെ കള്‍ച്ചറല്‍ വില്ലേജിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കുന്നതിനുള്ള രീതികള്‍ പ്രഖ്യാപിച്ചു.
കത്താറയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും മെക്കാനിസം ഗൈഡ് പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ സന്ദര്‍ശക കാറുകള്‍ക്കും രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1 വരെ പ്രവേശനം ഉണ്ടായിരിക്കും. എന്നാല്‍ കത്താറയിലേക്ക് എന്‍ട്രി പെര്‍മിറ്റുള്ള കാറുകള്‍ക്ക് മാത്രമേ ഉച്ചയ്ക്ക് 1 മണി മുതല്‍ പ്രവേശനം അനുവദിക്കൂ . കത്താറ കള്‍ച്ചറല്‍ വില്ലേജിലെ ജീവനക്കാരും തൊഴിലാളികളും അതുപോലെ ഇവന്റുകളില്‍ പങ്കെടുക്കുന്നവരും, കത്താറയ്ക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന റെസ്റ്റോറന്റുകള്‍ക്കും ഷോപ്പുകള്‍ക്കുമുള്ള ഡെലിവറി കാറുകള്‍ കൂടാതെ അയല്‍പക്കത്തെ സാംസ്‌കാരിക മേഖലയിലെ ടാക്‌സികള്‍, ലിമോസിനുകള്‍, ഹോട്ടല്‍ താമസക്കാര്‍ എന്നിവര്‍ക്കാണ് ഉച്ചക്ക് ഒരു മണിക്ക് ശേഷമുള്ള പ്രവേശനാനുമതി നല്‍കുക.
സന്ദര്‍ശകര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. കത്താറ കള്‍ച്ചറല്‍ വില്ലേജിന്റെ തെക്ക് ഭാഗത്ത് 2,000 കാര്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യമുണ്ട്. എനര്‍ജി ബില്‍ഡിംഗിനോട് ചേര്‍ന്ന് 600 കാറുകള്‍ക്ക്് പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ലഭ്യമാണ് . നിയുക്ത ഗോള്‍ഫ് കാര്‍ട്ടുകള്‍ ഉപയോഗിച്ച് കത്താറയിലെ ഇവന്റ് ഏരിയകളിലേക്ക് സന്ദര്‍ശകരെ എത്തിക്കുന്നതിനുള്ള ഒത്തുചേരല്‍ പോയിന്റുകളും സജ്ജീകരിച്ചിട്ടുണ്ട്.
കത്താറ സാംസ്‌കാരിക ഗ്രാമത്തിലേക്ക് പൊതുജനങ്ങള്‍ക്ക് മെട്രോ ഉപയോഗിച്ച് എത്തിച്ചേരാം. സാംസ്‌കാരിക ജില്ലയിലേക്ക് അല്‍ ഖസ്സര്‍ സ്റ്റേഷനും കത്താറ സ്റ്റേഷനും പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം.
കത്താറ കള്‍ച്ചറല്‍ ഡിസ്ട്രിക്റ്റ് ഫൗണ്ടേഷന്‍ ഫിഫ 2022 ലോകകപ്പിനോടനുബന്ധിച്ച പ്രവര്‍ത്തനങ്ങളുടെ അന്തിമ മിനുക്കുപണികള്‍ തുടരുകയാണ്. സൗദി അറേബ്യ, കുവൈറ്റ്, ഒമാന്‍, ഇറാഖ്, യെമന്‍, ഇന്ത്യ, തുര്‍ക്കി , ടാന്‍സാനിയ, എന്നീ എട്ട് സൗഹൃദ, സഹോദര രാജ്യങ്ങളുടെയും പങ്കാളിത്തത്തോടെ നവംബര്‍ 19 ന് കത്താറ പരമ്പരാഗത ദൗ ഫെസ്റ്റിവലിന്റെ 12-ാം മാസത്തെ പതിപ്പ് ആരംഭിക്കും.
വ്യത്യസ്ത സംസ്‌കാരങ്ങളുടെയും ആളുകളുടെയും സംഗമവേദിയാക്കുക എന്ന ഉദ്ദേശ്യത്തോടെ കത്താറ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍, ഏകദേശം 51 പ്രധാന പരിപാടികളും 300 ഉപ ഇവന്റുകളും അടങ്ങുന്ന വൈവിധ്യമാര്‍ന്ന ഉത്സവ പരിപാടികളുമാണ് ഒരുക്കിയിരിക്കുന്നത്. മറൈന്‍ ഷോകള്‍, സാംസ്‌കാരിക, കലാ, പരമ്പരാഗത പ്രവര്‍ത്തനങ്ങള്‍, മത്സരങ്ങള്‍, കുട്ടികള്‍ക്കും കരകൗശല വിദഗ്ധര്‍ക്കും വേണ്ടിയുള്ള ശില്‍പശാലകള്‍, ഖത്തറിന്റെ നാവിക പൈതൃകത്തില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്ന മറ്റ് പ്രവര്‍ത്തനങ്ങള്‍, നാടോടി ട്രൂപ്പുകളുടെ പ്രത്യേക പ്രകടനങ്ങളും ഓപ്പററ്റകളും എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.