പന്ത് ഉരുളുന്നത് ഖത്തറിലെങ്കിലും വാലയില്‍ ബെറാഖാ ഭവനിലും ഫുട്‌ബോള്‍ ആവേശം
അമാനുല്ല വടക്കാങ്ങര
ദോഹ. ലോക ഫുട്‌ബോളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ടൂര്‍ണമെന്റായ ഫിഫ 2022 ലോകകപ്പ് ഖത്തറിന് വിസിലുയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. പന്ത് ഉരുളുന്നത് ഖത്തറിലെങ്കിലും വാലയില്‍ ബെറാഖാ ഭവനിലും ഫുട്‌ബോള്‍ ആവേശം അലതല്ലുകയാണ് . ലോകകപ്പിന്റെ ആരവങ്ങള്‍ ലോകമെമ്പാടും ഉയര്‍ന്നതോടുകൂടി ആരായിരിക്കും കപ്പില്‍ മുത്തമിടുക എന്നത് സംബന്ധിച്ച് ഫാന്‍സുകാരുടെ വാക്ക് പോരും മുറുകിയിരിക്കുകയാണ്.
ഫിഫ ലോകകപ്പിന്റെ 22-ാം പതിപ്പാണ് നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറില്‍ നടക്കുന്നത്.ആരാധകര്‍ ഇതിനോടകം പലയിടങ്ങളില്‍ കട്ടൗട്ടുകള്‍ ഉയര്‍ത്തി തങ്ങളുടെ ഇഷ്ടതാരങ്ങള്‍ക്ക് ് പിന്തുണ നല്കി കഴിഞ്ഞു.എന്നാല്‍ തന്റെ വീടിനും മതിലിനും അര്‍ജ്ജറ്റീനയുടെ ജേഴ്‌സിയുടെ കളര്‍ നല്കി വ്യത്യസ്തനാവുകയാണ് ഒരു ആരാധകന്‍.
തലവടി ആനപ്രമ്പാല്‍ തെക്ക് 12-ാം വാര്‍ഡില്‍ വാലയില്‍ ബെറാഖാ ഭവന്‍ തറവാടിനും മതിലിനും ആണ് അര്‍ജ്ജന്റീനയുടെ ആരാധകര്‍ നിറം കൊടുത്ത് ശ്രദ്ധേയമായത്. പൊതുപ്രവര്‍ത്തകനായ ഡോ.ജോണ്‍സണ്‍ വി.ഇടിക്കുളയും ആരോഗ്യ പ്രവര്‍ത്തകയായ ജിജിമോള്‍ ജോണ്‍സനും ആണ് മക്കളുടെ ഇഷ്ടം സാധിപ്പിച്ചത്.മക്കളായ ബെന്‍, ഡാനിയേല്‍ എന്നിവര്‍ ചെറുപ്പം മുതലെ അര്‍ജ്ജന്റീനയുടെ കട്ട ആരാധകരാണ്. പത്രങ്ങളില്‍ വരുന്ന മെസ്സിയുടെ ഫോട്ടോകള്‍ വെട്ടിയെടുത്ത് നോട്ട് ബുക്കില്‍ ഒട്ടിച്ച് സൂക്ഷിക്കുക പതിവായിരുന്നു.
ഫിഫ ലോകകപ്പിന്റെ 21-ാം പതിപ്പ് 2018 ജൂണ്‍ 14 മുതല്‍ ജൂലൈ 15 വരെ റഷ്യയില്‍ നടന്നപ്പോള്‍ മുറ്റത്ത് വെള്ളക്കെട്ട് ഉണ്ടായിട്ടും ഡാനിയേല്‍ നടത്തിയ പ്രകടനങ്ങള്‍ വാര്‍ത്തയില്‍ ഇടം പിടിച്ചിരുന്നു.ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് വീടിന്റെയും മതിലിന്റെയും പെയിന്റിംങ്ങ് ജോലികള്‍ പൂര്‍ത്തിയാക്കിയത്.എങ്കിലും മക്കളുടെ സ്‌പോര്‍ടിസിനോടുള്ള ഇഷ്ടത്തിന് പിന്തുണ നല്‍കുകയെന്ന ഉദ്ദേശ്യത്തോടെയാണ് നിറം മാറ്റുവാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചത്. ഇവരുടെ താല്‍പര്യം പെയിന്റര്‍ ആയ പുത്തന്‍പുരചിറയില്‍ പി.കെ വിനോദിനോട് പങ്കുവെക്കുകയും അദ്ദേഹമാണ് യോജിച്ച നിലയില്‍ തറവാടും മതിലും അണിയിച്ച് ഒരുക്കിയത്.
മൂത്ത മകന്‍ ബെന്‍ ജോണ്‍സണ്‍ നാഷണല്‍ യൂത്ത് ക്യാമ്പ് ബാസ്‌ക്കറ്റ് ബോള്‍ ടീം അംഗമായിരുന്നു.കോട്ടയം സിഎംഎസ് കോളജ് വിദ്യാര്‍ത്ഥിയായ ഇളയ മകന്‍ ഡാനിയേല്‍ എന്‍.സി.സി കേഡറ്റു കൂടിയാണ്.