ഫിഫ 2022 ലോകകപ്പ് ഖത്തറിനായി 7 വയസ്സുകാരന്‍ ശ്രാവണ്‍ സുരേഷ് കണ്ണൂരില്‍ നിന്നും തനിയെ ഇന്നെത്തുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറിനായി 7 വയസ്സുകാരന്‍ ശ്രാവണ്‍ സുരേഷ് കണ്ണൂരില്‍ നിന്നും തനിയെ ഇന്നെത്തുന്നു. ഖത്തറില്‍ ജോലി ചെയ്യുന്ന സുരേഷ് പണിക്കര്‍ – സെന്താമരൈ ദമ്പതികളുടെ മകന്‍ തേഞ്ഞിപ്പലം കോഹിനൂര്‍ സെന്റ് പോള്‍സ് സ്‌കൂളില്‍ രണ്ടാം തരം വിദ്യാര്‍ഥി ശ്രാവണ്‍ സുരേഷാണ് ഇന്ന് ദോഹയിലെത്തുന്നത്.
ഏപ്രില്‍ മേയ് മാസങ്ങളില്‍ ഖത്തറില്‍ സന്ദര്‍ശനം നടത്തിയ ഫുട്‌ബോള്‍ കമ്പക്കാരനായ ശ്രാവണ്‍ ലോക കപ്പ് നടക്കുന്ന എട്ട് സ്റ്റേഡിയങ്ങളും നേരില്‍ കണ്ടിട്ടുണ്ട്. കളി കാണണമെന്ന അദമ്യമായ ആഗ്രഹവുമുണ്ടായിരുന്നു.
പിറന്നാള്‍ സമ്മാനമായി അച്ഛന്‍ ഖത്തറില്‍ നിന്നും കൊടുത്തയച്ച സമ്മാനം ലോകകപ്പ് കാണാനുളള ടിക്കറ്റും ഹയ്യാ കാര്‍ഡും ഖത്തറിലേക്ക് തനിച്ച് യാത്ര ചെയ്യാനുള്ള വിമാന ടിക്കറ്റുമായിരുന്നു. ആ സൗകര്യമുപയോഗിച്ചാണ് കടുത്ത അര്‍ജന്റീന ഫാനായ ശ്രാവണ്‍ ഇന്ന് ദോഹയിലെത്തുന്നത്.
സംസ്ഥാന ഗവര്‍മെന്റിന്റെ ലഹരി മരുന്നുകള്‍ക്കെതിരെ നടത്തുന്ന വണ്‍ മില്യണ്‍ ഗോള്‍ എന്ന സംസ്ഥാന തല പരിപാടിയുടെ മലപ്പുറം ജില്ലാതല ഉല്‍ഘാടന ചടങ്ങില്‍ കായിക വികസന മന്ത്രി വി. അബ്ദുറഹിമാനില്‍ നിന്ന് ഹയ്യാ കാര്‍ഡ് ഏറ്റുവാങ്ങി. അര്‍ജന്റീന ഫാനായതിനാല്‍ മെസ്സിയുടെ ജഴ്‌സിയും അണിഞ്ഞാണ് യാത്ര
ഖത്തറിലേക്ക് യാത്ര തിരിക്കുന്ന ശ്രാവണിന് അവന്‍ പഠിക്കുന്ന സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സിസ്റ്റര്‍ അല്‍ഫോണ്‍സ യാത്രാ മംഗളങ്ങള്‍ നേര്‍ന്നു.
ദോഹയിലേക്കുള്ള യാത്രയ്ക്ക് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ ശ്രാവണിന് കസ്റ്റംസ് സൂപ്രണ്ടായ പ്രകാശന്‍ നിഖില്‍ എന്നിവരും
യാത്രയയപ്പ് നല്‍കി.