വാരാന്ത്യങ്ങളില്‍ താല്‍ക്കാലിക ക്യാമ്പിംഗ് അനുവദിക്കാന്‍ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം തീരുമാനം
ദോഹ. ഖത്തറില്‍ വാരാന്ത്യങ്ങളില്‍ താല്‍ക്കാലിക ക്യാമ്പിംഗ് അനുവദിക്കാന്‍ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം തീരുമാനിച്ചതായി ഖത്തര്‍ ടിവിയെ ഉദ്ധരിച്ച് ഗള്‍ഫ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ട് പ്രകാരം എല്ലാ ആഴ്ചയിലെയും അവസാന മൂന്ന് ദിവസങ്ങളില്‍ ക്യാമ്പിംഗ് അനുവദിക്കും. നഗരപ്രദേശങ്ങളിലെ പൊതുജനങ്ങള്‍ക്ക് വേനല്‍ച്ചൂടില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ ബീച്ചുകളിലേക്കിറങ്ങാനും പ്രകൃതിയാസ്വദിക്കാന്‍ സൗകര്യമൊരുക്കാനുമാണ് തീരുമാനം.
രാജ്യത്തിന്റെ വടക്കന്‍, മധ്യ മേഖലകളില്‍ സാധാരണ ക്യാമ്പിംഗ് സീസണ്‍ ഏപ്രില്‍ 29 ന് അവസാനിച്ചപ്പോള്‍ സീലൈന്‍, അല്‍ ഉദയ്ദ് മേഖലകളില്‍ മെയ് 20 ന് അവസാനിച്ചു.
ബദല്‍, പരിസ്ഥിതി സൗഹൃദ ഊര്‍ജ്ജം, ചെടികളും മരങ്ങളും നട്ടുപിടിപ്പിക്കല്‍, ക്യാമ്പിംഗ് സൈറ്റുകള്‍ പരിപാലിക്കുക, ക്യാമ്പിംഗ് ചട്ടങ്ങള്‍ പാലിക്കുക എന്നിവയിലൂടെ പരിസ്ഥിതി സംരക്ഷിക്കാനും പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കാനും മന്ത്രാലയം ക്യാമ്പ് പോകുന്നവരോട് അഭ്യര്‍ത്ഥിച്ചു.