Breaking News

ഖത്തറിന്റെ ഭക്ഷ്യ വിതരണ സംവിധാനം കാര്യക്ഷമം, 6 മാസത്തേക്കുള്ള അടിസ്ഥാന ഭക്ഷ്യവിഭവങ്ങളുടെ കരുതല്‍ ശേഖരം

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിന്റെ ഭക്ഷ്യ വിതരണ സംവിധാനം കാര്യക്ഷമമാണെന്നും 6 മാസത്തേക്കുള്ള അടിസ്ഥാന ഭക്ഷ്യവിഭവങ്ങളുടെ കരുതല്‍ ശേഖരം ഖത്തറിലുണ്ടെന്നും മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഡയറക്ടര്‍ ഡോ. മസൂദ് ജാറല്ല അല്‍ മിര്‍രി അഭിപ്രായപ്പെട്ടു. അല്‍ റയ്യാന്‍ ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


പ്രതിരോധശേഷിയുള്ള ഭക്ഷ്യ വിതരണ ശൃംഖല കെട്ടിപ്പടുക്കുന്നതിലും പ്രാദേശിക ഉല്‍പ്പാദനവും സംഭരണശേഷിയും വര്‍ദ്ധിപ്പിക്കുന്നതിലും ഖത്തറിന്റെ ദേശീയ ഭക്ഷ്യസുരക്ഷാ തന്ത്രം വിജയിച്ചതായി അദ്ദേഹം പറഞ്ഞു.

‘ദേശീയ ഭക്ഷ്യസുരക്ഷാ തന്ത്രത്തിന് കീഴില്‍, ഖത്തറിലേക്കുള്ള ഭക്ഷ്യ ഇറക്കുമതി സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിച്ചാണ് രാജ്യം ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തിയത്. ഇത് റഷ്യ-ഉക്രെയ്ന്‍ യുദ്ധം മൂലമുണ്ടായ ഭൗമരാഷ്ട്രീയ പ്രതിസന്ധികളില്‍ അതിന്റെ കാര്യക്ഷമത തെളിയിച്ചു.
കാനഡ, ഓസ്ട്രേലിയ, ഇന്ത്യ തുടങ്ങിയ വൈവിധ്യമാര്‍ന്ന ഇറക്കുമതി സ്രോതസ്സുകള്‍ ഉള്ളതിനാല്‍ ഖത്തറിന് ഒരു പ്രതിസന്ധിയും നേരിടേണ്ടി വന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.പ്രതിസന്ധിയുടെ തുടക്കത്തില്‍, ഒരു രാജ്യത്ത് നിന്നുളള ചില കയറ്റുമതികള്‍ വൈകിയെങ്കിലും ഞങ്ങള്‍ക്ക് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള കയറ്റുമതി ഉണ്ടായിരുന്നതിനാല്‍ യാതൊരു പ്രയാസവും നേരിട്ടില്ലെന്ന് ,’ അല്‍ മര്‍റി പറഞ്ഞു.

പ്രാദേശിക ഉല്‍പ്പാദനം, തന്ത്രപ്രധാനമായ സംഭരണം, ഇറക്കുമതി സ്രോതസ്സുകള്‍ സുരക്ഷിതമാക്കല്‍ എന്നിവയിലൂടെ ഗുണമേന്മയുള്ള ഭക്ഷണങ്ങള്‍ ന്യായമായ വിലയില്‍ ലഭ്യമാക്കുകയാണ് ഖത്തര്‍ ദേശീയ ഭക്ഷ്യസുരക്ഷാ തന്ത്രം 2018-2023 ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഖത്തറിലെ അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ തന്ത്രപരമായ സംഭരണശേഷി ആറുമാസത്തോളമായി. ഭക്ഷ്യ വിതരണ ശൃംഖലയിലെ തടസ്സങ്ങളെ നേരിടാന്‍ സ്വകാര്യ ഭക്ഷ്യ കമ്പനികളും 4 ആഴ്ച വരെ സംഭരണ ശേഷിയോടെയാണ് പ്രവര്‍ത്തിക്കുന്നത്, ”അല്‍ മാരി പറഞ്ഞു.
ഖത്തറില്‍ ഉല്‍പാദിപ്പിക്കുവാന്‍ പ്രയാസമുളള ഗോതമ്പ്, അരി, ഭക്ഷ്യ എണ്ണ, പാല്‍പ്പൊടി, ബീന്‍സ്, പയര്‍, ഉണക്കിയ പഴങ്ങള്‍ മതലായ അടിസ്ഥാന ഭക്ഷ്യവസ്തുക്കള്‍ തന്ത്രപ്രധാനമായ സംഭരണ കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫ്രഷ് പാലിലും ചിക്കനിലും ഖത്തര്‍ സ്വയംപര്യാപ്തത നേടിയതായി അദ്ദേഹം പറഞ്ഞു.

നിലവില്‍ 20 ശതമാനം ഫ്രഷ് ചിക്കനും 80 ശതമാനം ഇറക്കുമതി ചെയ്ത ഫ്രോസണ്‍ കോഴിയിറച്ചിയുമാണ് രാജ്യത്ത് ഉപയോഗിക്കുന്നത്. മുട്ടകളുടെ പ്രാദേശിക ഉല്‍പ്പാദനം രാജ്യത്തെ മൊത്തം ആവശ്യത്തിന്റെ 55 ശതമാനത്തിലെത്തിയതായി അദ്ദേഹം പറഞ്ഞു. ”അടുത്ത വര്‍ഷത്തോടെ മുട്ടകളുടെ ഉല്‍പ്പാദനം പ്രാദേശിക ആവശ്യത്തിന്റെപ 70 ശതമാനമായി ഉയര്‍ത്താനാണ് തന്ത്രം ലക്ഷ്യമിടുന്നത്.

അഞ്ച് അടിസ്ഥാന ഇനം പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കുന്നതില്‍ സ്വയംപര്യാപ്തത 46 ശതമാനത്തിലെത്തി, ഇത് 70 ശതമാനമായി ഉയര്‍ത്തും. ഈന്തപ്പഴത്തില്‍ 70 ശതമാനവും മത്സ്യത്തില്‍ 75 ശതമാനവും സ്വയംപര്യാപ്തത കൈവരിച്ചതായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഡയറക്ടര്‍ പറഞ്ഞു. ആഭ്യന്തര ഉല്‍പ്പാദനം, ഇറക്കുമതി, കരുതല്‍ ശേഖരം എന്നിവ സമന്വയിപ്പിച്ച് ഉന്നത ഗുണനിലവാരത്തിലുള്ള ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ കുറഞ്ഞവിലയ്ക്ക് ജനങ്ങള്‍ക്ക് നല്‍കുകയാണ് ഗവണ്‍മെന്റ് ലക്ഷ്യം വെക്കുന്നത്.

പ്രാദേശിക പഴം, പച്ചക്കറി ഉല്‍പാദന രംഗത്തും ശ്രദ്ധേയമായ പുരോഗതിയാണ് ഖത്തര്‍ കൈവരിക്കുന്നതെന്ന് അല്‍ മര്‍രി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!