Breaking NewsUncategorized

എം.വി.മുഹമ്മദ് സലീം മൗലവി അന്തരിച്ചു


അമാനുല്ല വടക്കാങ്ങര

ദോഹ. ദീര്‍ഘകാല ഖത്തര്‍ പ്രവാസിയും പ്രമുഖ പണ്ഡിതനുമായിരുന്ന എം.വി.മുഹമ്മദ് സലീം മൗലവി അന്തരിച്ചു . ദീര്‍ഘകാലമായി അസുഖ ബാധിതനായി ചികില്‍സയിലായിരുന്നു.

പ്രഗല്‍ഭനായ പണ്ഡിതന്‍, വാഗ്മി, പ്രഭാഷകന്‍, എഴുത്തുകാരന്‍ തുടങ്ങിയ നിലകളില്‍ ആറ് പതിറ്റാണ്ടിലധികം കാലം ഇസ് ലാമിക പ്രബോധന മണ്ഡലത്തില്‍ നിറഞ്ഞുനിന്ന ബഹുമുഖ പ്രതിഭയാണ് വിടവാങ്ങിയത്. ഇത്തിഹാദുല്‍ ഉലമാ കേരളയുടെ പ്രസിഡന്റായിരുന്നു.

1941-ല്‍ മലപ്പുറം ജില്ലയിലെ മൊറയൂരില്‍ മണ്ണിശ്ശേരി വീരാന്‍ കുട്ടിയുടേയും ആച്ചുമ്മയുടേയും മകനായാണ് ജനനം.

പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളേജിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1960-1965-ല്‍ ശാന്തപുരം ഇസ്ലാമിയാ കോളേജില്‍ പഠിച്ച് എഫ്.ഡി,
ബി.എസ്.എസ്.സി ബിരുദങ്ങള്‍ നേടി. മധുര കാമരാജ് യൂണിവേഴ്സിറ്റി, ഖത്തര്‍ അല്‍ മഅ്ഹദുദ്ദീനി എന്നിവിടങ്ങളില്‍ ഉപരി പഠനം. സാമൂഹിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം. ഖുര്‍ആന്‍, സാമ്പത്തിക ശാസ്ത്രം എന്നിവയില്‍ സവിശേഷ പഠനം നടത്തിയിട്ടുണ്ട്. കാസര്‍കോട് ആലിയ അറബിക് കോളേജ്, ചേന്ദമംഗല്ലൂര്‍ ഇസ്വ് ലാഹിയ കോളേജ്, കുറ്റ്യാടി ഇസ്ലാമിയ കോളേജ്, ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു.

കുറച്ച് കാലം പ്രബോധനം വാരികയിലും സേവനമനുഷ്ഠിച്ചു.

14 വര്‍ഷം ഖത്തറില്‍ സൗദി അറേബ്യന്‍ എംബസിയില്‍ ഉദ്യോഗസ്ഥനായിരുന്നു. ഖത്തര്‍ മതകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള പ്രഭാഷകനായിരുന്നു. വെളളിയാഴ്ചകളില്‍ സലീം മൗലവിയുടെ പള്ളി ക്‌ളാസുകളില്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറ് കണക്കിനാളുകള്‍ പങ്കെടുക്കാറുണ്ടായിരുന്നു.
ഖത്തര്‍ റേഡിയോവിലും ടെലിവിഷനിലും നിരവധി തവണ പ്രഭാഷണം നടത്തിയിട്ടുണ്ട്. . ഖത്തറിലെ ഇസ് ലാമിക പ്രസ്ഥാനമായ ഇന്ത്യന്‍ ഇസ് ലാമിക് അസോസിയേഷന്‍ സ്ഥാപകാംഗമായ അദ്ദേഹം
ഒരു തവണ പ്രസിഡന്റും അഞ്ച് തവണ വൈസ് പ്രസിഡന്റുമായി പ്രസ്ഥാനത്തിന് നേതൃത്വം നല്‍കി.
ശരീഅ മര്‍ക്കസ് കൗണ്‍സില്‍ മെമ്പര്‍, ഖത്തര്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തില്‍ പത്രമാധ്യമങ്ങളിലെ ഉള്ളടക്കം പരിശോധിക്കുന്ന സമിതിയംഗം, ഇത്തിഹാദുല്‍ ഉലമാ കേരള പ്രസിഡന്റ്എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.

അന്താരാഷ്ട്ര മുസ് ലിം പണ്ഡിത സംഘടന അംഗം, പെരുമ്പിലാവ് അന്‍സാരി ചാരിറ്റബ്ള്‍ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍, ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ് ലാമിയ അലുംനി അസോസിയേഷന്‍ എക്്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, മൊറയൂര്‍ ഗുഡ് വില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍, ഗുഡ് വില്‍ ഗ്ലോബല്‍ എക്‌സലന്‍സ് സെന്റര്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
വിടവാങ്ങുമ്പോള്‍ ഇത്തിഹാദുല്‍ ഉലമാ കേരളയുടെ പ്രസിഡന്റായിരുന്നു.

വിശുദ്ധ ഖുര്‍ആനിന്റെയും അറബി ഭാഷയുടെയും ആഴം കണ്ട കേരളത്തിലെ അത്യപൂര്‍വം വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു സലീം മൗലവി .
അദ്ദേഹത്തെ പോലൊരു ശിഷ്യനെ കിട്ടിയതില്‍ അഭിമാനിക്കുന്നുവെന്ന് പറഞ്ഞത് അധ്യാപകനായിരുന്ന ഡോ. യൂസുഫുല്‍ ഖറദാവിയാണ്.

ഇസ്ലാമിക പ്രസ്ഥാനത്തിന്റെ നേതൃതലങ്ങളിലില്ലായിരുന്നെങ്കിലും സമകാലിക വിഷയങ്ങളില്‍ നിലപാടെടുക്കുന്നതില്‍ അദ്ദേഹത്തിന്റെ പാണ്ഡിത്യവും അതിന്റെ ബലത്തിലുള്ള നിലപാടുകളും പ്രസ്ഥാനം പ്രയോജനപ്പെടുത്തി. ഒരു ഇസ്ലാമിക പ്രസ്ഥാനത്തിനകത്ത് പണ്ഡിതന് നിര്‍വഹിക്കാനുള്ള ദൗത്യമെന്തെന്ന് തിരിച്ചറിയുകയും അത് നിര്‍വഹിക്കുകയും ചെയ്ത ‘പ്രാസ്ഥാനിക പണ്ഡിതന്‍’ ആയിരുന്നു അദ്ദേഹം.
പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കുന്നതിലും അതിനെ ഇസ് ലാമികമായും പ്രാസ്ഥാനികമായും വിലയിരുത്തുന്നതിനുമുള്ള ശേഷി അപാരമായിരുന്നു.
ദാര്‍ശനിക , ദീനി, ഫിഖ്ഹീ വിഷയങ്ങളില്‍ ഒരു റഫറന്‍സുമായിരുന്നു അദ്ദേഹം. സംശയ നിവാരണത്തിനും അറിവുകള്‍ ഉറപ്പു വരുത്താനും പലരും അദ്ദേഹത്തെ വിളിച്ചു കൊണ്ടിരുന്നു.
രോഗം ബാധിച്ച് കിടപ്പിലാകുന്നതുവരെ വിജ്ഞാന അന്വേഷണം തുടര്‍ന്നു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ ദീനീ കലാലയങ്ങളില്‍ അധ്യാപകനായിരുന്ന അദ്ദേഹത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വലിയൊരു ശിഷ്യസമ്പത്തുമുണ്ട്. അതില്‍ വിവിധ തുറകളില്‍ ദിനീ സേവനമനുഷ്ഠിക്കുന്നവരുണ്ട്.

ജമാഅത്തെ ഇസ്ലാമി: സംശയങ്ങളും മറുപടിയും, ജിന്നും ജിന്നുബാധയും എന്നിവയാണ് സ്വതന്ത്ര കൃതികള്‍. മഹ്ദി എന്ന മിഥ്യ, ഏകദൈവ വിശ്വാസം (വിവര്‍ത്തനം). അല്‍മുജ്തമഅ് വാരിക ഉള്‍പ്പെടെയുളള നിരവധി ആനുകാലികങ്ങളില്‍ അറബിയിലും മലയാളത്തിലും സ്ഥിരമായി എഴുതാറുണ്ടായിരുന്നു. തഫ്ഹീമുല്‍ ഖുര്‍ആന്‍ വിവര്‍ത്തനത്തില്‍ പങ്കാളിയായിട്ടുണ്ട്. ഭാര്യമാര്‍: സഫിയ, ആഇശ ബീവി. മക്കള്‍: സുമയ്യ, മുന, അസ്മ, സാജിദ, യാസ്മിന്‍, സുഹൈല, ബനാന്‍, ഉസാമ, അനസ്, യാസിര്‍, അര്‍വ.

Related Articles

Back to top button
error: Content is protected !!