ഹീത്രൂ, ബാങ്കോക്ക്, കൊളംബോ, കെയ്റോ, മനില എന്നിവ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും തിരക്കേറിയ ഡെസ്റ്റിനേഷനുകള്‍
അമാനുല്ല വടക്കാങ്ങര

ദോഹ: ഹീത്രൂ, ബാങ്കോക്ക്, കൊളംബോ, കെയ്റോ, മനില എന്നിവ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും തിരക്കേറിയ ഡെസ്റ്റിനേഷനുകള്‍ .2023 ന്റെ മൂന്നാം പാദത്തില്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വിജയത്തിന് സംഭാവന നല്‍കിയ ഏറ്റവും തിരക്കേറിയ ലക്ഷ്യസ്ഥാനങ്ങളില്‍ ചിലത് ഹീത്രൂ, ബാങ്കോക്ക്, കൊളംബോ, കെയ്റോ, മനില തുടങ്ങിയവയാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
ചൈനയിലെ ഗ്വാങ്ഷൂ, ഹാങ്ഷൂ, സൗദി അറേബ്യയിലെ അല്‍ ഖസീം, യുകെയിലെ ഗാറ്റ്വിക്ക്, ഇന്തോനേഷ്യയിലെ ഡെന്‍പസര്‍ ബാലി എന്നിവയുള്‍പ്പെടെയുള്ള ലക്ഷ്യസ്ഥാനങ്ങളില്‍ ഗണ്യമായ വളര്‍ച്ച കൈവരിച്ചതായും വിമാനത്താവളം പത്രക്കുറിപ്പില്‍ അറിയിച്ചു.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേകാലയളവിനെ അപേക്ഷിച്ച് 26.84 ശതമാനം വര്‍ധനവുണ്ടായി. ഈ നേട്ടം 2023 ന്റെ ആദ്യ പാദത്തിലെ 44.5% വര്‍ദ്ധനയും രണ്ടാം പാദത്തിലെ 24% വര്‍ദ്ധനയും ഉള്ള സ്ഥിരമായ വളര്‍ച്ചയുടെ തുടര്‍ച്ചയാണ് .
2023 ന്റെ മൂന്നാം പാദത്തില്‍, ജൂലൈയില്‍ 4,305,391 യാത്രക്കാര്‍; ഓഗസ്റ്റില്‍ 4,398,427 യാത്രക്കാര്‍; സെപ്റ്റംബറില്‍ 4,002,657 യാത്രക്കാര്‍ എന്നിങ്ങനെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് മൊത്തം 12,706,475 യാത്രക്കാരെയാണ് സ്വാഗതം ചെയ്തത്.
ഈ കാലയളവില്‍ ജൂലൈയില്‍ 22,598 വിമാനങ്ങളും ഓഗസ്റ്റില്‍ 22,909 ഉം സെപ്റ്റംബറില്‍ 21,778 ഉം അടക്കം മൊത്തം 67,285 വിമാനങ്ങളുടെ ചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ കാര്‍ഗോ ഓപ്പറേഷനുകളും മൂന്നാം പാദത്തില്‍ ഗണ്യമായ വളര്‍ച്ച കൈവരിച്ചു. മൊത്തം 590,725 ടണ്‍ ചരക്കോടെ 3.38% വര്‍ദ്ധനയാണ് ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തത്. ജൂലൈയില്‍ 194,268 ടണ്ണും ഓഗസ്റ്റില്‍ 195,773 ടണ്ണും സെപ്റ്റംബറില്‍ 200,683 ടണ്ണും ചരക്ക് കൈകാര്യം ചെയ്തു.ആഗോള ലോജിസ്റ്റിക്സ് ശൃംഖലയില്‍ വിമാനത്താവളത്തിന്റെ പ്രാധാന്യം ഈ കണക്കുകള്‍ അടിവരയിടുന്നു.
പുതിയതും പുനരാരംഭിച്ചതുമായ ഡെസ്റ്റിനേഷനുകള്‍ അവതരിപ്പിക്കുന്നതില്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വിപുലീകരണ പ്രതിബദ്ധത പ്രകടമാണ്. ലോകോത്തര വിമാനത്താവളത്തിന്റെ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി യാത്ര സവിശേഷമാക്കുന്ന വളര്‍ച്ചാവികാസത്തിന്റെ പുതിയ നാഴികക്കല്ലുകള്‍ താണ്ടുന്ന ഹമദ് അന്താരാഷ്ട്ര വിമാനത്താവളം പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക് കുതിക്കുകയാണ്. സൗകര്യത്തിന്റെ വിപുലമായ കണക്ഷനുകളുടെ പട്ടികയിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലുകളാണ് ഫ്രാന്‍സിലെ ലിയോണും ടുലൂസും. കൂടാതെ, ബിര്‍മിംഗ്ഹാം, ചെങ്ഡു, ചോങ്കിംഗ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ പുനരാരംഭിച്ചു. മൊത്തം 38 എയര്‍ലൈനുകള്‍ സര്‍വീസ് നടത്തുന്ന വിമാനത്താവളം വിജയകരമായ എയര്‍ലൈന്‍ പങ്കാളിത്തവും നിലനിര്‍ത്തിയാണ് മുന്നേറുന്നത്.