ജബാലിയ ക്യാമ്പിലെ അല്‍ ഫഖൂറ സ്‌കൂളില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു
ദോഹ: ഗാസയുടെ വടക്ക് ജബാലിയ ക്യാമ്പിലെ അല്‍ ഫഖൂറ സ്‌കൂളില്‍ ഇസ്രായേല്‍ അധിനിവേശം നടത്തിയ ബോംബാക്രമണത്തെ നയിച്ചതിനെ ഖത്തര്‍ ശക്തമായി അപലപിച്ചു. നിരവധി കുട്ടികളാണ് ഈ ബോംബാക്രമണത്തില്‍ രക്തസാക്ഷികളായത്.
ഇത് ഭയാനകമായ കൂട്ടക്കൊലയും പ്രതിരോധമില്ലാത്ത സാധാരണക്കാര്‍ക്ക് നേരെയുള്ള ക്രൂരമായ കുറ്റകൃത്യവുമാണ്. അന്താരാഷ്ട്ര നിയമങ്ങളുടെയും മാനുഷിക നിയമങ്ങളുടെയും തത്വങ്ങളുടെയും നഗ്‌നമായ ലംഘനമാണഇതെന്ന് ഖത്തറിന്റെ പ്രസ്താവന വ്യക്തമാക്കി. ഇസ്രായേല്‍ അധിനിവേശ സേനയുടെ സ്‌കൂളുകളും ആശുപത്രികളും തുടര്‍ച്ചയായി ലക്ഷ്യമിടുന്നതിനെക്കുറിച്ചുള്ള വസ്തുതകള്‍ അന്വേഷിക്കാന്‍ സ്വതന്ത്ര യുഎന്‍ അന്വേഷകരെ അയക്കുന്നത് ഉള്‍പ്പെടുന്ന അടിയന്തര അന്താരാഷ്ട്ര അന്വേഷണത്തിനുള്ള ഖത്തറിന്റെ ആവശ്യം വിദേശകാര്യ മന്ത്രാലയം പുതുക്കി. ഇസ്രയേലിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ അന്താരാഷ്ട്ര സമൂഹത്തോട് അടിയന്തര നടപടി സ്വീകരിക്കണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു.
സിവിലിയന്മാര്‍ക്കെതിരെയുള്ള കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് ഇസ്രായേലിനെ പിന്തിരിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം അടിയന്തര നടപടി സ്വീകരിക്കണമെന്നും അഭയാര്‍ത്ഥികള്‍ക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ ഏജന്‍സിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന സ്‌കൂളില്‍ അഭയം പ്രാപിക്കുന്ന കുടിയൊഴിപ്പിക്കപ്പെട്ട ആളുകള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.