Uncategorized

എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 : ഏഷ്യന്‍ സാംസ്‌കാരികാഘോഷമൊരുക്കി കത്താറ


അമാനുല്ല വടക്കാങ്ങര

ദോഹ. വെള്ളിയാഴ്ച ആരംഭിച്ച് ഫെബ്രുവരി 10 വരെ നടക്കുന്ന എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023-നോടനുബന്ധിച്ച്, കത്താറ-കള്‍ച്ചറല്‍ വില്ലേജ് ഏഷ്യയിലെ സംസ്‌കാരത്തെയും ജനങ്ങളെയും ആഘോഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വിവിധ ദേശക്കാര്‍, പ്രായക്കാര്‍, ജീവിത മേഖലകള്‍ എന്നിവയില്‍ നിന്നുള്ള നിരവധി സന്ദര്‍ശകരാണ് കത്താറയിലേക്കൊഴുകുന്നത്.
ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന 24 രാജ്യങ്ങളുടെ പതാകകള്‍ ഉള്‍പ്പെടെ വിവിധ അലങ്കാരങ്ങളാല്‍ കത്താറ പൂര്‍ണ്ണമായും അലങ്കരിച്ചിരിക്കുന്നു.

അല്‍-ഹിക്മ സ്‌ക്വയറിലെ കൂറ്റന്‍ സ്‌ക്രീനുകളില്‍ എല്ലാ മത്സരങ്ങളും കാണിക്കുന്നുണ്ട് . വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ബാന്‍ഡ് അവതരിപ്പിക്കും. അല്‍ ഗന്നാസ് ഖത്തരി സൊസൈറ്റിക്ക് എതിര്‍വശത്തുള്ള സ്‌ക്വയറില്‍ സ്ഥിതി ചെയ്യുന്ന തിയേറ്ററില്‍, ഇന്തോനേഷ്യന്‍ ബാന്‍ഡ് വിവിധ പരമ്പരാഗത ഗാനങ്ങള്‍ അവതരിപ്പിച്ചു. പരമ്പരാഗത ചൈനീസ് വസ്ത്രങ്ങളുടെ പ്രദര്‍ശനവും പങ്കെടുത്തവര്‍ വീക്ഷിച്ചു.
ഏഷ്യന്‍ കപ്പ് ചില്‍ഡ്രന്‍സ് പരിപാടിയുടെ ഭാഗമായി ഒരുകൂട്ടം കുട്ടികള്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിക്കുകയും നൃത്തങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. കത്താറയുടെ ഇടനാഴികളില്‍ പുരാവസ്തുക്കള്‍, സുവനീറുകള്‍, കരകൗശല വസ്തുക്കള്‍ എന്നിവ വില്‍ക്കുന്ന കച്ചവടക്കാരുണ്ട്. കത്താറ പബ്ലിഷിംഗ് ഹൗസിന് മൂന്ന് സ്റ്റാന്‍ഡുകളുണ്ട്.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടിയുള്ള നിരവധി പരിപാടികളാണ് കത്താറ നടത്തുന്നത്. സന്ദര്‍ശകര്‍ക്ക് ഖത്തറി ആര്‍ട്ടിസ്റ്റ് ലുല്‍വ അല്‍ മന്‍സൂരിയുടെ തുറാബ് പ്രദര്‍ശനവും ബില്‍ഡിംഗ് 18 ല്‍ ഫോട്ടോഗ്രാഫര്‍ ഹൈതം ബിന്‍ സലിം അല്‍ ഷുകൈരിയുടെ ഏഷ്യാ സ്റ്റാര്‍ എക്സിബിഷനും ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 11 വരെ ആസ്വദിക്കാം.

Related Articles

Back to top button
error: Content is protected !!