Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
IM Special

ഫോട്ടോഗ്രഫിയില്‍ പുതിയ പരീക്ഷണങ്ങളുമായി മുസ്തഫ പട്ടാമ്പി

ഡോ. അമാനുല്ല വടക്കാങ്ങര

ഫോട്ടോഗ്രാഫിയില്‍ പുതിയ പരീക്ഷണങ്ങളുമായി മുസ്തഫ പട്ടാമ്പി ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വാണിജ്യ മേഖലകളലെ നിസാന്നിധ്യമാണ്. ഫോട്ടോഗ്രഫിയില്‍ ഔപചാരിക വിദ്യാഭ്യാസമൊന്നുമില്ലെങ്കില്‍ നിരന്തരമായ പരിശ്രമങ്ങളിലൂടെ പലതും പഠിച്ചും മനസ്സിലാക്കിയുമാണ് അദ്ദേഹം തന്റെ പാഷനായും പ്രൊഫഷണായും ഫോട്ടോഗ്രഫിയെ സ്വീകരിച്ചത്. പാലക്കാട് ജില്ലയില്‍ പട്ടാമ്പി സ്വദേശിയായ മുസ്തഫയുടെ കാമറ കണ്ണുകള്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഒപ്പിയെടുത്ത ചിത്രങ്ങള്‍ നിരവധിയാണ്. കലാപരിപാടികളും ആഘോഷങ്ങളും സമ്മേളനങ്ങളുമെന്നപോലെ പ്രൊഡക്ടുകളുടെ ഫോട്ടോകളും കുടുംബഫോട്ടോകളുമൊക്കെയുള്‍കൊള്ളുന്ന വിശാലമായ മേഖലകളില്‍ നിന്നും നേടിയെടുത്ത അനുഭവ സമ്പത്ത് തന്നെയാണ് മുസ്തഫയുടെ ഏറ്റവും വലിയ കരുത്ത്.

ചെറുപ്പത്തിലേ ഫോട്ടോഗ്രഫി മുസ്തഫക്ക് വലിയ ഹരമായിരുന്നു. കല്യാണങ്ങളിലും മറ്റാഘോഷങ്ങളിലും ഫോട്ടോഗ്രാഫര്‍മാരുടേയും വീഡിയോഗ്രാഫര്‍മാരുടേയും ചുറ്റും ആളുകള്‍ കൂടുന്നതും പ്രധാനപ്പെട്ടവരായി അവരെ പരിഗണിക്കുന്നതുമൊക്കെ തന്നെയാണ് ആദ്യാകര്‍ഷണത്തിന് കാരണമായത്. മൂത്ത സഹോദരന്റെ കല്യാണം കവര്‍ ചെയ്യാന്‍ വന്നപ്പോഴാണ് വീഡിയോഗ്രാഫറുമായി അടുത്തിടപഴകുവാന്‍ അവസരം ലഭിച്ചത്. പട്ടാമ്പിയിലെ സാനഡു സ്റ്റുഡിയോയായിരുന്നു അന്ന് കല്യാണം കവര്‍ ചെയ്തത്. പത്താം ക്ളാസ് കഴിഞ്ഞപ്പോള്‍ നേരെ അവിടെ ജോലിക്ക് കയറി. ഫോട്ടോഗ്രഫിയും വീഡിയോഗ്രഫിയുമൊക്കെ പഠിച്ചെടുക്കുകയായിരുന്നു ലക്ഷ്യം. ഓങ്ങല്ലൂര്‍ സ്വദേശിയായ ജിഷാര്‍ പറമ്പില്‍ എന്ന ഒരു കൂട്ടുകാരനും അന്ന് അവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഏകദേശം കാര്യങ്ങളൊക്ക പഠിച്ചെടുത്ത് 6 മാസം കഴിഞ്ഞപ്പോള്‍ സ്റ്റുഡിയോ വിട്ട് ജിഷാറുമായി ചേര്‍ന്ന് കാമറ വാടകക്കെടുത്ത് ഫ്രീലാന്‍സായി ജോലി ആരംഭിച്ചു. കല്യാണ പരിപാടികളും മറ്റുമായി വീഡിയോഗ്രാഫി ചെയ്ത്‌ മുന്നോട്ടുപോയി.

1995 മുതല്‍ 2000 വരെ തൃത്താല നലൂരില്‍ ഉമ്മര്‍ കക്കാട്ടിരിയുടെ സ്റ്റുഡിയോയില്‍ ജോലി ചെയ്തു. ജീവിതത്തിലെ അനുഭവ പാഠങ്ങളില്‍ നിന്നും പഠിച്ചെടുത്ത തന്ത്രങ്ങളാണ് മുസ്തഫ പട്ടാമ്പി എന്ന ഫോട്ടോഗ്രാഫറെ അടയാളപ്പെടുത്തുക. ഇപ്പോഴും ആള്‍ കേരള ഫോട്ടോഗ്രാഫേര്‍സ് അസോസിയേഷണില്‍ അംഗമാണ് മുസ്തഫ.

2010ലാണ് ഖത്തറിലെത്തിയത്. ഖത്തറിലെ പ്രമുഖ സംരഭകനും ജീവകാരുണ്യപ്രവര്‍ത്തകനുമായ കെ. മുഹമ്മദ് ഈസയും മുസ്തഫയുടെ സുഹൃത്തും കൂടി വക്‌റ ബര്‍വ വില്ലേജില്‍ ആരംഭിച്ച പരസ്യകമ്പനിയിലൂടെയാണ് ഖത്തറിലെ കരിയര്‍ ആരംഭിച്ചത്. രണ്ട് വര്‍ഷം ജോലി ചെയ്ത ശേഷമാണ് അവിടം വിട്ടത്.

അത്യാധുനിക കാമറകളും സാങ്കേതിക വിദ്യയും വികസിച്ച ഇക്കാലത്തും ഫോട്ടോഗ്രാഫറുടെ സാമര്‍ഥ്യമാണ് ഫോട്ടോകളെ സവിശേഷമാക്കുകയെന്നാണ് മുസ്തഫ കരുതുന്നത്. നല്ല ഫോട്ടോഗ്രാഫര്‍ക്ക് കാമറ ആവശ്യമില്ല എന്ന് പറയുന്നത് വെറുതെയല്ല. കഴിവും പരിചയവുമാണ് പ്രധാനം .

ലൈറ്റിംഗ്, ബാക് ഗ്രൗണ്ട് , കോസ്റ്റിയൂംസ് എന്നിവയൊക്കെയാണ് പ്രത്യേകം പരിഗണിക്കേണ്ടത്. ഇന്‍ഡോര്‍ ഫോട്ടോഗ്രഫിയും ഔട്ട്ഡോര്‍ ഫോട്ടോഗ്രഫിയും അനുയോജ്യമായ ലൈറ്റിംഗ്, ബാക് ഗ്രൗണ്ട് എന്നിവയൊണ്ട് സവിശേഷമാക്കം. പിന്നെയുള്ളത് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫോട്ടോ പ്രോസസ് ചെയ്യുന്നതിലെ മിടുക്കാണ്.

യസീറയാണ് മുസ്തഫയുടെ ഭാര്യ. അംന മെഹ്‌റിന്‍, അന്‍ഫ മെഹ്റിന്‍, അഫ്ന മെഹ്റിന്‍ എന്നിവര്‍ മക്കളാണ്. മക്കള്‍ ചിത്ര രചനയില്‍ തല്‍പരരാണ്.

Related Articles

Back to top button