എ എഫ് സി ഏഷ്യന്‍ കപ്പ് 2023 ഖത്തറില്‍ പുകയില രഹിത സ്റ്റേഡിയങ്ങള്‍ പ്രഖ്യാപിച്ച് സംഘാടകര്‍
ദോഹ: ആരോഗ്യകരമായ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനായി എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 സ്റ്റേഡിയങ്ങളില്‍ പുകയില, പുകവലി പ്രതിരോധ നടപടികള്‍ നടപ്പാക്കുമെന്ന് എഎഫ്സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി പ്രഖ്യാപിച്ചു. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഫിഫ 2022 ദോഹ സമയത്ത് ഖത്തര്‍ വിജയകരമായിനടപ്പാക്കിയ പദ്ധതിയാണിത്.
നയത്തിന്റെ ഭാഗമായി, സ്റ്റേഡിയങ്ങള്‍ക്കുള്ളില്‍ പുകവലി അനുവദിക്കാത്തതിനാല്‍, ആരാധകര്‍ക്കും പങ്കെടുക്കുന്ന ടീമുകള്‍ക്കും പുകയില രഹിത ടൂര്‍ണമെന്റ് ആസ്വദിക്കാനാകും. സ്റ്റേഡിയങ്ങള്‍ക്ക് പുറത്ത് തുറസ്സായ സ്ഥലങ്ങളില്‍ സ്മോക്കിംഗ് ഏരിയകള്‍ അനുവദിക്കും.
സുസ്ഥിരവും ആരോഗ്യകരവുമായ ഒരു ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് പുകയില രഹിത അന്തരീക്ഷം ഉറപ്പാക്കുന്നത്. പുകവലി നിരോധിക്കുന്ന കര്‍ശനമായ നടപടികള്‍ നടപ്പിലാക്കുന്നതിന് പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് സസ്‌റ്റൈനബിലിറ്റി കമ്മ്യൂണിക്കേഷന്‍ & സ്റ്റേക്ക് ഹോള്‍ഡര്‍ മാനേജര്‍ ജാസിം അല്‍ ജെയ്ദ പറഞ്ഞു. സ്റ്റേഡിയങ്ങള്‍ക്കുള്ളില്‍ യാതൊരു ശല്യവുമില്ലാതെ എല്ലാ ആരാധകര്‍ക്കും മത്സരങ്ങള്‍ ആസ്വദിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുന്നു.
പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഇന്‍സ്‌പെക്ടര്‍മാര്‍ എല്ലാ മത്സരങ്ങളിലും പുകവലി നിരോധന നയം നിരീക്ഷിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യും. വേദികളിലുടനീളം വിജ്ഞാനപ്രദമായ അടയാളങ്ങള്‍ സ്ഥാപിച്ചുകൊണ്ട്, പുകയിലയുടെ അപകടങ്ങളെക്കുറിച്ച് ആരാധകരുടെ അവബോധം വര്‍ദ്ധിപ്പിക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു.