Breaking News

വിദേശ ജോലിക്ക് പൊലീസ് ക്ലിയറന്‍സ്, പ്രവാസി ആശങ്കയകറ്റണം. കള്‍ച്ചറല്‍ ഫോറം

അമാനുല്ല വടക്കാങ്ങര
ദോഹ. സ്വഭാവം നല്ലതാണെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അവകാശം കേന്ദ്രസര്‍ക്കാരിന് മാത്രമാണെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിദേശരാജ്യങ്ങളിലെ ജോലിയാവശ്യത്തിന് കേരള പോലീസ് ഇനി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന ഉത്തരവ് പ്രവാസികളെ ബുദ്ധിമുട്ടിലാക്കുന്നതും ആശങ്കാ ജനകവുമാണ്. ഹൈക്കോടതി വിധി നടപ്പാക്കുമ്പോള്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് തക്ക സമയത്ത് ലഭ്യമാക്കാനും വ്യവസ്ഥകള്‍ ലളിതമാവാനുള്ള നടപടികള്‍ ഉണ്ടാവണമെന്ന് കള്‍ച്ചറല്‍ ഫോറം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍നിന്ന് പൊലീസ് പിന്‍വാങ്ങിയിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ ചില തസ്തികകളിലേക്ക് നിയമനം ലഭിക്കണമെങ്കില്‍ സ്വാഭവ സര്‍ട്ടിഫിക്കറ്റ് വേണമെന്നു വന്നതോടെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി വന്നത്. ഈ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോ സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്നവര്‍ക്കോ മാത്രമേ അധികാരമുള്ളൂവെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

സംസ്ഥാനത്ത് നിന്ന് ലഭിച്ചിരുന്ന ഇത് കേന്ദ്ര സര്‍ക്കാറിന്റെ കീഴിലാകുന്നത് മൂലം അപേക്ഷകള്‍ വര്‍ധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ട സമയത്ത് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിന് കാല താമസം നേരിടുകയും ജോലി നഷ്ടമാകാനും സാധ്യതയുണ്ട്. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് എ.സി. മുനീഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ ഷാനവാസ് ഖാലിദ്, സജ്‌ന സാക്കി, ജനറല്‍ സെക്രട്ടറിമാരായ മജീദ് അലി, താസീന്‍ അമീന്‍ തുടങ്ങിവര്‍ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!