
ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡ്സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ട് പാക്കേജ് 3 ലെ എല്ലാ റോഡുകളും ഗതാഗതത്തിനായി തുറന്നതായി അശ് ഗാല്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡ്സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ട് പാക്കേജ് 3 ലെ എല്ലാ റോഡുകളും ഗതാഗതത്തിനായി തുറന്നതായി പൊതുമരാമത്ത് അതോറിറ്റി (അശ് ഗാല്‍ ) അറിയിച്ചു. ഖത്തറിലുടനീളമുള്ള ദേശീയ അടിസ്ഥാന സൗകര്യ ശൃംഖലയ്ക്കായി പൂര്‍ണ്ണമായി വികസിപ്പിച്ച റോഡ് ശൃംഖലയും പൂര്‍ണ്ണ സേവനങ്ങളും ലഭ്യമാക്കുന്നതിനുള്ള പദ്ധതി നടപ്പാക്കാനുള്ള അതോറിറ്റിയുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണിത്.
ഏകദേശം 40 കിലോമീറ്റര്‍ റോഡ് ശൃംഖലയാണ് ഗതാഗതത്തിനായി തുറന്നത്. സേവനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി അടിസ്ഥാന സൗകര്യ ലൈനുകള്‍ നവീകരിച്ചു. പ്രാദേശിക തെരുവുകള്‍, കവലകള്‍, പോക്കറ്റ് റോഡുകള്‍ എന്നിവയുള്‍പ്പെടെ ഏകദേശം 4.57 ചതുരശ്ര കിലോമീറ്ററാണ് മൊത്തം പദ്ധതി പ്രദേശം.
പദ്ധതിയുടെ ഭാഗമായി, പ്രാദേശിക ഗതാഗതം നിയന്ത്രിക്കുന്നതിനും റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായി, പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള 17 കാല്‍നട ക്രോസിംഗ് സിഗ്നലുകള്‍ക്ക് പുറമേ, 7 സിഗ്നല്‍ ജംഗ്ഷനുകളും 10 പുതിയ റൗണ്ട് എബൗട്ടുകളും നിര്‍മ്മിച്ചു. കൂടാതെ, പ്രദേശത്ത് അധികമായി 4200 കാര്‍ പാര്‍ക്കിംഗ് സ്ലോട്ടുകളും അടയാളപ്പെടുത്തി.
പ്രോജക്ട് ജോലികളില്‍ ഭൂരിഭാഗവും നടപ്പിലാക്കുന്നതില്‍ അശ്ഗാല്‍ പ്രാദേശിക ഉല്‍പ്പന്നങ്ങളെയും നിര്‍മ്മാതാക്കളെയുമാണ് ആശ്രയിച്ചതെന്നത് പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. മൊത്തം ഉപയോഗിച്ച വസ്തുക്കളുടെ 70% പ്രാദേശികമായി വികസിപ്പിച്ചെടുത്ത ഉല്പന്നങ്ങളായിരുന്നു. ഡ്രെയിനേജ് പൈപ്പുകള്‍, കേബിളുകള്‍, ഇന്സ്പെക്ഷന് ചേമ്പറുകള്‍, കളക്ഷന്‍ ചേമ്പറുകള്‍, ഇന്‍സുലേറ്ററുകള്‍, അസ്ഫാല്റ്റ് കോണ്‍ക്രീറ്റ്, ലൈറ്റിംഗ് തൂണുകള്‍, തെരുവ് വിളക്കുകള്‍ തുടങ്ങിയവയൊക്കെ വാങ്ങുന്നതിന് അതോറിറ്റി പ്രാദേശിക ഖത്തറി വിഭവങ്ങളെയാണ് ആശ്രയിച്ചത്.