ബജറ്റ്; വേണം പ്രവാസികള്‍ക്ക് അര്‍ഹമായ പരിഗണന: അബ്ദുല്‍ റഊഫ് കൊണ്ടോട്ടി
ദോഹ. കേരള ജനസംഖ്യയുടെ 10% ത്തോളം പേര്‍ പ്രവാസികളും 40% പേര്‍ ഇവരെ ആശ്രയിച്ച് ജീവിക്കുന്നവരുമാണ്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥ പൊതുവേ റമിറ്റന്‍സ് എക്കോണമി എന്നാണല്ലോ അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ,പ്രവാസികള്‍ക്കായി മാറ്റിവെക്കുന്ന ബജറ്റ് വിഹിതത്തെ ചിലവായിട്ടല്ല മറിച്ച് വരുമാനദായകം ആയിട്ടാണ് കണക്കാക്കേണ്ടത്.
2024 -25 വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചപ്പോള്‍ പ്രവാസികള്‍ക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞ തുകയാണ് വകയിരുത്തിയിട്ടുള്ളത് എന്നുള്ളത് ഏറെ ആശങ്ക ഉയര്‍ത്തുന്നതാണ്. ഇത് പെന്‍ഷന്‍ അടക്കം ഉള്ള പ്രവാസി ക്ഷേമ പദ്ധതികള്‍ക്ക് അപര്യാപ്തമാവും.
കഴിഞ്ഞ ബജറ്റില്‍ കേരള പ്രവാസി ക്ഷേമനിധിക്കായി 15 കോടി രൂപ മാറ്റിവെച്ചിരുന്നുവെങ്കിലും ഇത്തവണ ഇത് 12 കോടിയായി ചുരുക്കിയിരിക്കുകയാണ്. അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവരും ക്ഷേമനിധി അംഗങ്ങള്‍ ആവാമെന്ന് പ്രതീക്ഷിച്ചിരുന്നു. നിലവില്‍ അറുപത് വയസ്സ് വരെയുള്ളവര്‍ക്കാണ് അംഗങ്ങള്‍ ആവാന്‍ സാധിക്കുക.
കേരളത്തില്‍ ഇപ്പോള്‍ 10 ലക്ഷത്തോളം പേര്‍ പ്രവാസി ക്ഷേമനിധിയില്‍ അംഗങ്ങളും 50000 ത്തോളം പേര്‍ പെന്‍ഷന്‍ വാങ്ങുന്നവരുമാണ്. 2024- 25 വര്‍ഷത്തില്‍ ഇതില്‍ ക്രമാതീതമായ വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ പെന്‍ഷന്‍ അടക്കം നല്‍കേണ്ടതിന് കൂടുതല്‍ തുക അനുവദിക്കേണ്ടത് അനിവാര്യമാണ്. അതുപോലെ തന്നെ പ്രവാസി ക്ഷേമനിധിയിലെ ചികിത്സാ സഹായം, വിവാഹ ധനസഹായം തുടങ്ങിയ ആനുകൂല്യങ്ങള്‍ പദ്ധതി തുടങ്ങിയ 2009 വര്‍ഷത്തില്‍ പ്രഖ്യാപിച്ച തുകയില്‍ നിന്ന് നാളിതുവരെ വര്‍ധിപ്പിച്ചിട്ടില്ല. അതോടൊപ്പം കഴിഞ്ഞവര്‍ഷം മുതല്‍ നടപ്പിലാക്കിയ വീടു വായ്പക്കുള്ള ലോണ്‍ സബ്‌സിഡി തുകക്കും പണം കണ്ടെത്തേണ്ടതുണ്ട്.
തിരിച്ചുപോയ പ്രവാസികള്‍ക്കുള്ള സാന്ത്വന പദ്ധതിയുടെ വിഹിതം കഴിഞ്ഞ വര്‍ഷത്തെ 33 കോടിയില്‍ നിന്ന് വര്‍ദ്ധനവ് ഒന്നും വരുത്തിയിട്ടില്ല.
കഴിഞ്ഞവര്‍ഷം അനുവദിച്ച തുകയുടെ 98 ശതമാനം വിനിയോഗമാണ് സാന്ത്വന പദ്ധതിയില്‍ നടന്നതെന്നതും പ്രസ്താവ്യമാണ്. തിരിച്ചുപോകുന്ന പ്രവാസികളുടെ എണ്ണം വര്‍ഷംതോറും ഏറിയ വര്‍ദ്ധനവാണ് ഉണ്ടാവുന്നത്.
തിരിച്ചുപോയ പ്രവാസികള്‍ക്കായി ലഭ്യമാകുന്ന എന്‍ഡിപിആര്‍ ഇ എം വായ്പക്കുള്ള പലിശ സബ്‌സിഡി 25 കോടിയില്‍ നിന്ന് വര്‍ദ്ധനവ് ഉണ്ടായിട്ടില്ല. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി എല്ലാ ജില്ലകളിലും പ്രത്യേക ക്യാമ്പുകള്‍ നടത്തി ആളുകള്‍ക്ക് ലോണ്‍ ലഭിക്കുന്നതിനാല്‍ കൂടുതല്‍ തുക തീര്‍ച്ചയായും മാറ്റിവെക്കേണ്ടതുണ്ട്.
തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസ പുനസംയോജന ഏകോപന പദ്ധതിക്കായി കഴിഞ്ഞ വര്‍ഷം 50 കോടി രൂപ വകയിരുത്തിയത് ഇപ്രാവശ്യം 44 കോടിയായി ചുരുക്കിയിരിക്കുകയാണ്. പ്രവാസി ഭദ്രത എന്ന പേരില്‍ അറിയപ്പെടുന്ന വായ്പ സംവിധാനമാണിത്. രണ്ട് ലക്ഷം രൂപ വരെ ഈ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ വഴി പലിശ രഹിത വായ്പ ലഭ്യമാക്കുന്നുണ്ട്. ഏറെ പ്രയോജനപ്പെടുന്ന ഈ പദ്ധതി പ്രകാരം പദ്ധതി തുടങ്ങി ആറു മാസങ്ങള്‍ക്കകം ആറായിരത്തിലധികം പേര്‍ക്കാണ് പലിശരഹിത വായ്പ ലഭ്യമാക്കിയത്. ഇത്തരം പദ്ധതികളുടെ പ്രയോജനം സാധാരണ പ്രവാസികളിലേക്ക് കൂടുതല്‍ വ്യാപിപ്പിക്കേണ്ടതുണ്ട്.
അതുപോലെ പ്രവാസി കമ്മീഷന്‍ ഓരോ ജില്ലകളിലും പ്രത്യേക അദാലത്തുകള്‍ നടത്തി ഏറെ നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാവുന്നതിനും വേണ്ട ഫണ്ട് മാറ്റിവെക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
കഴിഞ്ഞ ബജറ്റില്‍ പ്രവാസികളുടെ യാത്രാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി 15 കോടി രൂപയുടെ കോര്‍പ്പസ് ഫണ്ട് നീക്കിവെച്ചിരുന്നു. ഇത്തവണ അതും ലഭ്യമായിട്ടില്ല.
നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് , ഒഡെപെക് എന്നിവ മുഖാന്തിരം വിദേശരാജ്യങ്ങളിലേക്ക് കൂടുതല്‍ റിക്രൂട്ട്‌മെന്റുകള്‍ ഫലപ്രദമായി നടക്കുന്നുണ്ട്. മാത്രവുമല്ല കേരള ഗവണ്‍മെന്റ് കേന്ദ്ര ഗവണ്‍മെന്റുമായി സഹകരിച്ച് കൂടുതല്‍ റിക്രൂട്ട്‌മെന്റുകള്‍ക്കായി ഒരുങ്ങുകയുമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ രാജ്യത്തെ ഭാഷാ പഠനത്തിന് അടക്കം കഴിഞ്ഞ ബജറ്റില്‍ മൂന്നു കോടി വകയിരുത്തിയിരിക്കുന്നുവെങ്കിലും ഇപ്രാവശ്യത്തെ ബജറ്റില്‍ ഇങ്ങനെയുള്ള ഫണ്ടിനെ കുറിച്ച് പരാമര്‍ശമില്ല.
പ്രവാസികളുടെ സ്‌കില്‍ ഡെവലപ്‌മെന്റിനായി മുന്‍ ബജറ്റുകളില്‍ പ്രത്യേകം തുക നീക്കിയിരുന്നുവെങ്കിലും ഇപ്രാവശ്യത്തെ ബജറ്റില്‍ അതും പരാമര്‍ശന വിധേയമായില്ല.
പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിയാല്‍ വീട്ടിലേക്ക് ശ്മശാനക്കോ കൊണ്ടുപോകുന്നതിനോ,കിടപ്പുരോഗികളായി നാട്ടിലെത്തുന്നവര്‍ക്ക് ആശുപത്രികളില്‍ എത്തിക്കുന്നതിനോ ആയിട്ടുള്ള എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസിന് കഴിഞ്ഞ ബജറ്റില്‍ 80 ലക്ഷം രൂപ മാറ്റിവച്ചിരുന്നുവെങ്കിലും ഇപ്രാവശ്യത്തെ ബജറ്റില്‍ പ്രത്യേക തുക മാറ്റി വച്ചിട്ടില്ല.
കേരളത്തിന്റെ സാമ്പത്തിക തൃപ്തി സാഹചര്യത്തിലും പ്രവാസികള്‍ക്കായി തുക മാറ്റിവെക്കാന്‍ സന്നദ്ധമാകേണ്ടതുണ്ട്. ഇത് ചെലവായല്ല മറിച്ച് നാട്ടിലേക്ക് കൂടുതല്‍ വിദേശ പണം എത്തുന്നതിനുള്ള ഉത്പാദനപരമായ മാര്‍ഗ്ഗമായിട്ടാണ് കണക്കാക്കേണ്ടത്.