Local News

ജീവിത വിജയം നന്മയാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ: ഹുസൈന്‍ സലഫി

ദോഹ : ആരോഗ്യവും സമയവും നന്മയുടെ മാര്‍ഗത്തില്‍ ചിലവഴിക്കുക വഴി പരലോക ജീവിതം രക്ഷപ്പെടുത്താന്‍ വിശ്വാസികള്‍ക്ക് സാധിക്കണമെന്നും, നല്ല കാര്യങ്ങള്‍ നാളേക്ക് മാറ്റി വെക്കാതെ സമയ ബന്ധിതമായി ചെയ്യാന്‍ നാം ശ്രദ്ധിക്കണമെന്നും പ്രമുഖ പണ്ഡിതനും ഷാര്‍ജ മസ്ജിദ് അല്‍അസീസ് ഖത്തീബുമായ ഹുസൈന്‍ സലഫി അഭിപ്രായപ്പെട്ടു.

ഓരോരുത്തരും അവരവരുടെ കര്‍മ്മഫലങ്ങളാണ് നാളെ അനുഭവിക്കുക, അതിനാല്‍ സല്‍ക്കര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ നാം ശ്രദ്ധിക്കണം.പ്രശംസക്കും പ്രശസ്തിക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവരായി നാം മാറരുതെന്നും അദ്ദേഹം സദസിനെ ഉണര്‍ത്തി.ശൈഖ് അബ്ദുല്ലാഹ് ബിന്‍ സൈദ് ആലു മഹ്‌മൂദ് ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച കേരള കോണ്‍ഫറന്‍സില്‍ ജീവിതം അടയാള പ്പെടുത്തുക നാളേക്ക് വേണ്ടി എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മരണത്തിന് ശേഷം നമ്മുടെ കര്‍മ്മങ്ങള്‍ മാത്രമേ നമുക്ക് കൂട്ടിനുണ്ടാവുകയുള്ളൂ. ആത്മാര്‍ത്ഥതയും സത്യസന്ധതയും കൈമുതലാക്കി ജീവിക്കുന്നതിലൂടെ വിജയം വരിക്കാനാകുമെന്നും, സാമൂഹിക തിന്മകളെ എതിര്‍ക്കുന്നവരെ പിന്തിരിപ്പന്മാരായി ചിത്രീകരിക്കുന്നത് ചരിത്രാതീത കാലം മുതല്‍ പതിവുള്ളതാണെന്നും മുഹമ്മദ് നബിക്ക് പോലും ഈ അവസ്ഥ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അദ്ദഹം ഓര്‍മ്മിപ്പിച്ചു.

മുഹമ്മദ് നബി പഠിപ്പിച്ച വിശ്വാസവും സ്വഭാവം ജീവിതത്തില്‍ പാലിച്ച് ശാശ്വത വിജയം നേടാന്‍ നമുക്ക് സാധിക്കണം. ആരാധനയില്‍ പങ്ക് ചേര്‍ക്കുന്നതിലൂടെ കര്‍മ്മങ്ങളുടെ ആത്മാവ് ചോരുമെന്നും അത് നഷ്ടത്തിലേക്കെത്തിക്കുമെന്നും അദ്ദേഹം ഉണര്‍ത്തി.

ദോഹ ബിന്‍ സൈദ് ഹാളില്‍ നടന്ന കോണ്‍ഫറന്‍സ് ഇസ് ലാമിക കള്‍ച്ചറല്‍ സെക്ഷന്‍ മേധാവി അഹ്‌മദ് അബ്ദുറഹീം അത്വഹാനി ഉത്ഘാടനം ചെയ്തു. മുസ്ലിം കമ്മ്യൂണിറ്റി കോര്‍ഡിനേറ്ററായ അബ്ദുറഷീദ് അല്‍കൗസരി, കെ ടി ഫൈസല്‍ സലഫി, മുജീബ്‌റഹ്‌മാന്‍ മിശ്കാത്തി, ഉമ്മര്‍ ഫൈസി, മുഹമ്മദലി മൂടാടി എന്നിവര്‍ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ചു നടന്ന ടാലെന്റ്‌റ് ഹണ്ട് ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനവിതരണം ഹുസൈന്‍ സലഫി നിര്‍വഹിച്ചു.

Related Articles

Back to top button
error: Content is protected !!