തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയും ടാക് ഖത്തറും സംയുക്തമായി സൗഹൃദോത്സവം 2024 സംഘടിപ്പിച്ചു
ദോഹ. തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയും തൃശൂര്‍ ആര്‍ട് സെന്റര്‍ ഖത്തറും സംയുക്തമായി സൗഹൃദോത്സവം 2024 സംഘടിപ്പിച്ചു. അല്‍ അഷ്ബല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അരങ്ങേറിയ ഈദ്, വിഷു, ഈസ്റ്റര്‍ സംഗമം, സൗഹൃദോത്സവം 2024, നൃത്തനൃത്ത്യങ്ങള്‍, ഗാനങ്ങള്‍, ഫാഷന്‍ ഷോ, നടന്‍ പാട്ടുകള്‍, ബാന്‍ഡ് തുടങ്ങി കലാവിസ്മയങ്ങളുടെ ഒരു തൃശ്ശൂര്‍ പൂരം തന്നെയായി മാറി.
സൗഹൃദ വേദിയുടെ കലാകാരന്മാരും കുടുംബാംഗങ്ങളും ടാക് ഖത്തര്‍ വിദ്യാര്‍ഥികളും അദ്ധ്യാപകരും ചേര്‍ന്ന് അവിസ്മരണീയമാക്കിയ കലാസന്ധ്യക്ക് 500 ല്‍ പരം കലാ പ്രേമികള്‍ സാക്ഷ്യം വഹിച്ചു.
വേദി പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ അദ്ധ്യക്ഷത വഹിച്ചു. സൗഹൃദോല്‍സവം 2024 ന്റെ ഔദ്യോഗിക ഉല്‍ഘാടനം വേദിയുടെ ഉപദേശക സമിതി ചെയര്‍മാന്‍ വി എസ് നാരായണന്‍ നിര്‍വഹിച്ചു. ടാക് ഖത്തര്‍ മാനേജിംഗ് ഡയറക്ടര്‍ മുഹസിന്‍ ആശംസകള്‍ അര്‍പ്പിച്ചു. സൗഹൃദവേദി ട്രഷറര്‍ ഇന്‍ ചാര്‍ജ്ജ് ജയാനന്ദ്, ജനറല്‍ കോഡിനേറ്റര്‍ മുഹമ്മദ് മുസ്തഫ, വനിത വിഭാഗം ചെയര്‍ പേര്‍സണ്‍ റെജീന സലീം എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
വേദി ജനറല്‍ സെക്രട്ടറി വിഷ്ണു ജയറാം സ്വാഗതവും കള്‍ച്ചറല്‍ കമ്മറ്റി ചെയര്‍മാന്‍ ജിഷാദ് ഹൈദരാലി നന്ദിയും പറഞ്ഞു.