‘സാഹിത്യം എല്ലാ കലകളുടെയും മാതാവ്’ : കെ പി രാമനുണ്ണി
ദോഹ.സാഹിത്യത്തെ നമുക്ക് മനുഷ്യന്റെ ആധുനികകാലത്തിന്റെ കാവ്യം എന്ന് വിശേഷിപ്പിക്കാം.
എല്ലാ കലകളുടെയും മാതാവാണ് സാഹിത്യം. മറ്റു കലകളില്‍ നിന്നും ലഭിക്കുന്ന ഇന്ദ്രിയ ചോദനകളും സംതൃപ്തികളും ആസ്വാദനങ്ങളും എല്ലാം സാഹിത്യത്തിലൂടെ ലഭിക്കുന്നു. ചിത്രകലയില്‍ കാഴ്ചയുടെ രസമാണെങ്കില്‍
സംഗീതം കേള്‍വിയാണ്, നൃത്തത്തിലൂടെ ചലനത്തിന്റെതായ ഭംഗി ലഭിക്കുന്നു.
കാണാം കേള്‍ക്കാം, മണക്കാം, പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന എല്ലാ ചോദനകളും നമുക്ക് സാഹിത്യത്തിലൂടെ അനുഭവേദ്യമാക്കാന്‍ കഴിയും. സഹജീവിയുടെ മനസ്സില്‍ അല്ലെങ്കില്‍ അത്മാവില്‍ കൂടി നമുക്ക് സഞ്ചരിക്കാന്‍ കഴിയും. മനുഷ്യന് മനുഷ്യത്വത്തിന്റെതായ സ്വഭാവം സൃഷ്ടിക്കുന്ന ഒരു പ്രവര്‍ത്തനം കൂടിയാണ് സാഹിത്യം. മനുഷ്യ ഭാഷയാണ് മനുഷ്യനെ ഒരു യഥാര്‍ത്ഥ മനുഷ്യനാക്കുന്നത്. എഴുത്തിലൂടെ താന്‍ ചെയ്യുന്നത് ഒരു ചില്ലറ കാര്യമല്ലെന്നും മഹത്തരമായ ഒരു കര്‍മ്മമാണ് താന്‍ നിര്‍വഹിക്കുന്നതെന്നുമുള്ള ഗൗരവതരമായ ചിന്ത എഴുത്തുകാരന് ഉണ്ടാവണം.
ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ചെറുകഥാകൃത്തും നോവലിസ്റ്റുമായ കെ പി രാമനുണ്ണി. ഫോറം പ്രസിഡണ്ട് ഡോ.കെ സി സാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഷംനാ ആസ്മി സ്വാഗതവും ഷംലാ ജാഫര്‍ നന്ദിയും പറഞ്ഞു. അന്‍സാര്‍ അരീമ്പ്ര, അഷറഫ് മടിയാരി, ഹുസ്സൈന്‍ വാണിമേല്‍, എം ടി നിലമ്പൂര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.