ഈസക്ക എന്ന വിസ്മയം
![](https://internationalmalayaly.com/wp-content/uploads/2025/02/easakka-1120x747.jpg)
ഡോ.അമാനുല്ല വടക്കാങ്ങര
ഇന്നു പുലര്‍ച്ചെ ഈ ലോകത്തോട് വിട പറഞ്ഞ കെ.മുഹമ്മദ് ഈസ എന്ന ഈസക്ക എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു. അര നൂറ്റാണ്ടോളം ഖത്തറിലെ കലാ കായിക സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ കയ്യൊപ്പ് ചാര്‍ത്തിയ അദ്ദേഹം ഒരു മികച്ച മനുഷ്യ സ്‌നേഹിയെന്ന നിലക്കാണ് ആയിരങ്ങളുടെ ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചത്. ഒരേ സമയം കലാകാരനായും വ്യാപാരിയായും സംഘാടകനായുമൊക്കെ നിറഞ്ഞു നിന്ന അദ്ദേഹത്തിന്റെ ജീവിത വഴികള്‍ ഓട്ടേറെ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നതാണ്.
ഏറ്റെടുക്കുന്ന ഏത് ഉത്തരവാദിത്തവും ഏറ്റവും മികച്ച രീതിയില്‍ നിര്‍വഹിക്കുന്ന അദ്ദേഹം വിവിധ ഇന്ത്യന്‍ വേദികളുടെ തലപ്പെത്തെത്തിയത് സ്വാഭാവികം.
കഠിനാദ്ധ്വാനവും അര്‍പ്പണബോധവുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര.
കലാകാരന്മാരെ പ്രോല്‍സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്ത അദ്ദേഹം നിരവധി കലാകാരന്മാരുടെ അത്താണിയായിരുന്നു. കലാകാരന്മാരോട് പൊതുവിലും മാപ്പിള കലാകാരന്മാരോട് പ്രത്യേകിച്ചും അദ്ദേഹത്തിന് വലിയ സ്‌നേഹമായിരുന്നു.
1970 കളുടെ അവസാനമാണ് പുതിയ താവളം നേടി പത്തൊമ്പത് കാരനായ ഈസ ഖത്തറിലെത്തിയത്. ചെറിയ ശമ്പളത്തിന് ജോലി തുടങ്ങിയ അദ്ദേഹം സ്ഥിരോല്‍സാഹവും കഠിനാദ്ധ്വാനവും കൈമുതലാക്കി വിപുലമായ വ്യാപാര സാമ്രാജ്യം തന്നെ സ്ഥാപിച്ചു. ശമ്പളക്കാരനില്‍ നിന്നും സ്ഥാപനയുടമയും സംരംഭകനുമായി മാറിയപ്പോഴും അദ്ധ്വാനത്തിനോ പരിശ്രമങ്ങള്‍ക്ക് കുറവ് വരുത്തിയില്ലെന്ന് മാത്രമല്ല തനിക്ക് ദൈവം കനിഞ്ഞരുളിയ സമ്പത്തും സൗഭാഗ്യങ്ങളും സഹജീവികളുടെ ക്ഷേമൈശ്വര്യങ്ങള്‍ക്കായി ചിലവഴിക്കുന്നതില്‍ സായൂജ്യം കണ്ടെത്തിയാണ് ഈസക്ക ജീവിതം ധന്യമാക്കിയത്. മനുഷ്യ സ്‌നേഹത്തിന്റേയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടേയും നിറകുടമായിരുന്ന അദ്ദേഹത്തിന്റെ ജീവിതം മാനവികതയുടെ അടയാളപ്പെടുത്തലായിരുന്നു.
കലയും സംസ്‌കാരവും മനുഷ്യനെ നവീകരിക്കുകയും സമൂഹത്തില്‍ നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകണെന്ന് വിശ്വസിച്ച ഈസക്ക കലയെ എങ്ങനെ ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുത്താമെന്ന് പ്രായോഗികമായി കാണിച്ചു തന്ന സംഘാടകനാണ്. ഗുണനിലവാരമുള്ള സ്റ്റേജ് ഷോകളിലൂടെ ലഭിക്കുന്ന വരുമാനം സമൂഹത്തിലെ പാവങ്ങളുടെ കണ്ണീരൊപ്പാനും അവശ കലാകാരന്മാരുടെ ഉന്നമനത്തിനും അദ്ദേഹം പ്രയോജനപ്പെടുത്തി. ഒട്ടേറെ കലാകാരന്മാരാണ് ഈസക്കയുടെ തണലില്‍ ജീവിതം സുഭദ്രമാക്കിയത്. പുതിയ ഗായകര്‍ക്കും വളര്‍ന്നു വരുന്ന പ്രതിഭകള്‍ക്കും ഗള്‍ഫ് മേഖലയില്‍ അവസരങ്ങള്‍ നല്‍കി അവരെ വളര്‍ത്തി കൊണ്ടുവരുന്നതിലും അദ്ദേഹം ഏറെ ശ്രദ്ധിച്ചിരുന്നു .
ജീവകരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു ഈസക്ക ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നത്. സിഎച്ച് സെന്ററുകളെ അകമഴിഞ്ഞ് സഹായിച്ചിരുന്ന അദ്ദേഹം തണല്‍ വടകരയുടേയും അത്താണിയായിരുന്നു. പല വിദ്യാഭ്യാസ സ്ഥാപനങ്ങളേയും നിരന്തരം സഹായിച്ചുകൊണ്ടിരുന്ന അദ്ദേഹം റമദാനില്‍ നടത്തിയിരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളും മാതൃകാപരമായിരുന്നു.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹത്തിന്റെ കമ്പനിയിലെ രണ്ട് ജീവനക്കാര്‍ റോഡ് മുറിച്ചുകട
ക്കവേ വാഹനമിടിച്ച് മരിച്ചത്. ആ വീടുകളുടെ ആശ്രയമായിരുന്നു അവര്‍. ഓരോ മാസവും ആ ജീവനക്കാര്‍ സര്‍വീസിലിരുന്നപ്പോള്‍ വാങ്ങിയിരുന്ന അതേ സംഖ്യ ആ വീട്ടുകാര്‍ക്ക് സ്ഥിരമായി അയച്ചുകൊടുത്താണ് ഈസക്ക മാനവികതയുടെ ഉജ്വലമായ പാഠം അടയാളപ്പെടുത്തിയത്. കമ്പനിയുള്ളേടത്തോളം കാലം അവര്‍ക്കത് നല്‍കുമെന്ന് പ്രഖ്യാപിച്ചതും വേറിട്ട മാതൃകയാണ്.
ആത്മാര്‍ത്ഥതയും പ്രതിബദ്ധതയും നിറഞ്ഞ ഒരു നേതാവായിരുന്ന ഈസ്സാ സാഹിബിന്റെ പ്രത്യേകത പങ്കെടുക്കുന്ന ഓരോ പരിപാടിയും ഗൗരവത്തില്‍ കാണുകയും ആവശ്യമായ തയ്യാറെടുപ്പുകളോടെ മാത്രം പങ്കെടുക്കുകയും ചെയ്യുകയെന്നതായിരുന്നു.
പാട്ടുവേദികളും കളിക്കളവും ഈസക്കക്ക് പ്രത്യേക ഹരമായിരുന്നു. ഏത് തിരക്കുകള്‍ക്കിടയിലും പാടാനും പരിപാടികള്‍ സംഘടിപ്പിക്കാനും അദ്ദേഹം സമയം കണ്ടെത്തുമായിരുന്നു. ഖത്തര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറത്തിന്റെ അമരക്കാരനായും ഈസക്കയുടെ സേവനങ്ങള്‍ വിസ്മരിക്കാനാവില്ല.
മീഡിയ പ്‌ളസിന്റെ അടുത്ത സുഹൃത്തും രക്ഷാധികാരിയുമായിരുന്നു ഈസക്ക. മീഡിയപ്‌ളസ് തുടങ്ങിയത് മുതല്‍ അദ്ദേഹത്തിന്റെ എല്ലാ ഈവന്റുകളുടേയും മുഴുവന്‍ ഉത്തരവാദിത്തവും മീഡിയ പ്‌ളസിനായിരുന്നു. കാര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തിയും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയും എന്നും അദ്ദേഹം കൂടെയുണ്ടായിരുന്നു.
ജീവിതത്തിന്റെ വിവിധ തുറകളില്‍ നിറഞ്ഞാടി അരനൂറ്റാണ്ടോളം നീണ്ട ധന്യമായ പ്രവാസ ജീവിതത്തിന് പരിസമാപ്തി കുറിച്ച് ഇന്ന് അബൂഹമൂര്‍ ഖബര്‍സ്ഥാന്‍ ഈസക്കയെ ഏറ്റുവാങ്ങുമ്പോള്‍ ബാക്കിയുള്ളത് പ്രാര്‍ഥനകള്‍ മാത്രം.
സര്‍വ ശക്തന്‍ അദ്ദേഹത്തിന്റെ എല്ലാ സുകൃതങ്ങളും സ്വീകരിക്കുകയും തക്കതായ പ്രതിഫലം നല്‍കി അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ. അദ്ദേഹത്തിന്റെ ഖബറിടം വിശാലമാക്കുകയും ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഉന്നത സ്ഥാനം നല്‍കുകയും ചെയ്യട്ടെ. ആമീന്‍