ലഹരിവിരുദ്ധ ലഹരി

ജി.പി.കുഞ്ഞബ്ദുല്ല ചാലപ്പുറം
ലഹരിക്കെതിരെ പലവഴിക്കും വിരുദ്ധലഹരി പുകഞ്ഞുപൊങ്ങുകയാണ്.സര്‍ക്കാര്‍ തലത്തില്‍, ഗാനമേളകളില്‍, നോമ്പുതുറകളില്‍, നാടന്‍ കൂട്ടായ്മകളില്‍ ……. അങ്ങനെ പല വഴിക്കും പല രീതികളില്‍ ലഹരിയെ തടുക്കാനുള്ള ശ്രമം കൊണ്ടുപിടിച്ച് നടക്കുന്നു.നല്ല കാര്യമാണ്.
മാതാപിതാക്കള്‍ പോലും സ്വന്തം മക്കള്‍ ഏത് വഴിക്ക് തിരിയുന്നു എന്നറിയാതെ ഭയത്തിലാണ്. തങ്ങളുടെ ജീവന്‍തന്നെ സുരക്ഷിതമല്ല എന്ന ആധിയിലാണവര്‍.
എന്നാല്‍ ഇത്തരം കോലാഹലങ്ങള്‍ കൊണ്ട് ഇതങ്ങ് അവസാനിക്കുമെന്ന് കരുതാന്‍ ഒരു ന്യായവുമില്ല. കാരണം പല വിധ ബോധവല്‍ക്കരണവും, കാണുകയും, കേള്‍ക്കുകയും ചെയ്ത നമ്മള്‍ക്ക് ഇതും അത് പോലെ കുറച്ച് ദിവസം അന്തരീക്ഷത്തില്‍ പുകഞ്ഞും കത്തിയും നില്‍ക്കുമെന്നല്ലാതെ ഇതൊരു ശാശ്വത പരിഹാരമാവും എന്ന് കണ്ണുമടച്ച് വിശ്വസിക്കുന്നതല്ല ബുദ്ധി.
ഇക്കാര്യത്തില്‍ ആ ലാഘവത്വം അത്യാപത്ത് വരുത്തും. നമ്മുടെ നാടിനെ തന്നെ മുച്ചൂടും നശിപ്പിക്കാന്‍ പാകത്തില്‍ ലഹരി കേരളത്തെ ബാധിച്ചു കൊണ്ടിരിക്കുകയാണെന്ന് തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ് നാം .
എന്തുകൊണ്ടാണ് സര്‍ക്കാര്‍ കൃത്യവും ശക്തവുമായ നിയമംകൊണ്ട് ഇതിനെ തടയാന്‍ മുന്നോട്ട് വരാന്‍ മടിക്കുന്നത്? ലഹരിമാഫിയകളുടെ കയ്യില്‍ നിന്നും കനത്ത സംഭാവന ചില രാഷ്ട്രീയ പാര്‍ട്ടിക്ക് കിട്ടുന്നുണ്ട് എന്ന വാര്‍ത്തകള്‍ ശരിയായത് കൊണ്ടായിരിക്കുമോ? അറിയില്ല. ശാസ്ത്രീയമായി ഇതിനെ തടയണമെന്നാഗ്രഹമുണ്ടെങ്കില്‍ നമുക്ക് പുതുവഴി കണ്ടെത്താം.
കൃത്രിമമായി ഉണ്ടാക്കുന്ന ലഹരികളൊക്കെ ഉപയോഗിച്ചാല്‍ കുറച്ച് കാലത്തേക്ക് ഉപയോഗിച്ചവരുടെ രക്തപരിശോധനയില്‍ കൂടി കണ്ടുപിടിക്കാന്‍ കഴിയുമത്രെ.
എങ്കില്‍ നമുക്ക് ഇത് ആരംഭിക്കേണ്ടത് കോളേജ് അഡ്മിഷന്‍ മുതലാണ്. അവിടം മുതല്‍ ആരംഭിച്ച് പരീക്ഷ എഴുതാനും, സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുമെല്ലാം ഈ പരിശോധന നിര്‍ബന്ധമാക്കണം. ഇതിനെ ഒരു മാതാപിതാക്കളും എതിര്‍ക്കുകയില്ല. മതനേതാക്കളൊ രാഷ്ട്രീയ നായകരോ എതിര് നില്‍ക്കില്ല.അത് പോലെ പി എസ് സി പരീക്ഷ എഴുതാനും, ജോലിയില്‍ പ്രവേശിക്കാനും ഇത്തരം ഒരു പരിശോധന വേണമെന്ന് നിയമമുണ്ടാക്കാം. കൂട്ടത്തില്‍ ഡ്രൈവിങ്ങ് ലൈസന്‍സിനും ഇത് ബാധകമാവട്ടെ.ലഹരി ബിസിനസ്സും കൊണ്ടു നടക്കുന്നവര്‍ക്ക് സര്‍ക്കാര്‍ തലത്തിലുള്ള യാതൊരാനുകൂല്യവുംലഭിക്കുന്നതല്ല എന്ന് പ്രഖ്യാപിക്കണം.അതിന് ആവശ്യമായ നിയമനിര്‍മ്മാണങ്ങളും നടത്തണം.
ലഹരി ഏറ്റവും ബാധിച്ചിട്ടുള്ളത് സിനിമാമേഖല യാണെന്ന് കേള്‍ക്കുന്നു. ഇത്തരം ആളുകള്‍ ഈ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെങ്കില്‍ – ഒരു നടന്‍, നടി / സംവിധായകന്‍ മുതലായവര്‍ ഇത്തരം കാര്യങ്ങളില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയാല്‍ അവരുടെ കലാസൃഷ്ടികള്‍ ബാന്‍ ചെയ്യുമെന്ന് പറയാന്‍ സര്‍ക്കാര്‍ ഇച്ഛാശക്തി കാട്ടണം.
ഉത്തരവാദപ്പെട്ട തസ്തികകളില്‍ പണിയെടുക്കുന്നവരില്‍ കൂടി ഇത് ബാധകമാക്കണം.
നമുക്ക് ഒട്ടനേകം യുവജനപ്രസ്ഥാനങ്ങളുണ്ട് മതസംഘടനകളുണ്ട്. അവര്‍ കൊടിയും വടിയുമെടുത്ത് ഇത്തരം നിയമങ്ങളുണ്ടാക്കാന്‍ ഭരണകൂടങ്ങള്‍ക്ക് പിന്തുണയുമായിട്ടായിരിക്കണം റോഡിലിറങ്ങുന്നത്. പ്രത്യാശയോടെ കേരളത്തിന്റെ മനസ്സാക്ഷി കാത്തുനില്‍ക്കുന്നത് ഇതാണ്.
അവരൊന്നറിയണം നാളെ നിങ്ങള്‍ക്കും നാട് ഭരിക്കണമെങ്കില്‍, നാടിന്റെയും നിങ്ങളുടെയും ഭാവി ശോഭനമാകണമെങ്കില്‍ നാടിന്റെ സമാധാനം ഉറപ്പ് വരുത്തണമെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ കൊടികളുമെടുത്ത് മുന്നിട്ടിറങ്ങുക തന്നെ വേണം. അല്ലെങ്കില്‍ നാടിന്റെ ഭരണം ലഹരി മാഫിയകളുടെ കൈകളിലാവും. ആരാവും ആദ്യം മുന്നോട്ട് വരിക അവര്‍ക്ക് പിന്നണി ചേരാന്‍ജനംഒഴുകിയെത്തുമെന്നുറപ്പാണ്. അതാവട്ടെ ലഹരിവിരുദ്ധ കാമ്പയിന്‍.